കടുവ ആക്രമണം വ്യാപകം; ജീവന്മരണ പോരാട്ടത്തിൽ കർഷകർ
text_fieldsപത്തനംതിട്ട: പെരുനാട് മേഖലയിൽ കടുവ ആക്രമണം രൂക്ഷമാകുന്നു. വ്യാഴാഴ്ച രണ്ടുപേർ കടുവയുടെ മുന്നിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ചതന്നെ കുമ്പളത്താമണ്ണ് മണപ്പാട്ട് രാമചന്ദ്രൻ നായരുടെ (മോനി) വീട്ടിലെ ആട്ടിൻകൂട് പൊളിച്ച് ആടിനെ കടുവ കൊന്നുതിന്നു.
കിഴക്കൻമേഖലയിൽ പശു, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളെ കടുവ ദിനംപ്രതി കൊല്ലുകയാണ്. കടുവയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിലെ നാട്ടുകാർ ഭീതിയിലാണ്. മൂന്നു പശുക്കളെ പല ദിവസങ്ങളിലായി കൊന്നിരുന്നു. അതിനെ തുടർന്ന് ഇവിടെ കൂട് സ്ഥാപിച്ചു.
കഴിഞ്ഞ ദിവസം ആട്ടിൻകുട്ടിയെ കടുവ പിടിച്ച സ്ഥലത്തിനു സമീപം വടശ്ശേരിക്കര ബൗണ്ടറിയിലും കടുവയെ പിടികൂടാൻ കൂട് വെച്ചു. കൂട്ടിൽ ഇരയായി ആടിനെയും കെട്ടിയിട്ടുണ്ട്. പെരുനാട്ടിൽ കണ്ട കടുവ തന്നെയാണു ബൗണ്ടറിയിലും സമീപത്തും എത്തിയതെന്ന നിഗമനത്തിലാണു വനം വകുപ്പ്. കുമ്പളാത്തമൺ ഭാഗത്ത് മണപ്പാട്ട് വീട്ടിൽ രാമചന്ദ്രൻ നായരുടെ ആട്ടിൻകൂട് പൊളിച്ച് ഗർഭിണിയായ ആടിനെ കൊന്ന ശേഷം ദൂരെക്ക് വലിച്ചുകൊണ്ടിട്ട നിലയിലാണ്. ഇവിടെ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് ഏഴോടെ വടശ്ശേരിക്കര ചെമ്പരത്തിൻമൂട് ഭാഗത്തിറങ്ങിയ കടുവ, വാലുമണ്ണിൽ പി.ടി. സദാനന്ദന്റെ വീട്ടുമുറ്റത്തെ കൂട്ടിൽനിന്ന് മൂന്ന് ആടുകളെയാണ് കടിച്ചുകൊണ്ടുപോയത്. ഒളികല്ല് വനമേലെയോട് ചേർന്ന പ്രദേശമാണിവിടം.
കടുവ ഭക്ഷിച്ച ആടിന്റെ അവശിഷ്ടങ്ങൾ വീടിന് 200 മീറ്റർ അകലെനിന്ന് കണ്ടെത്തി. ജനം ഭീതിയിൽ കഴിയുന്ന കിഴക്കൻ മേഖലയിൽ വനം വകുപ്പിന്റെ കാവൽ ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ പലപ്രദേശങ്ങളിലും വനം വകുപ്പ് നീരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും വനംവകുപ്പ് അധികൃതർ കൂടുകൾ സ്ഥാപിച്ചെങ്കിലും ഇനിയും പിടികൂടാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.