പെരുനാട് വീണ്ടും കടുവ ഭീതി; രണ്ട് ആടുകളെ കൊന്നു
text_fieldsവടശ്ശേരിക്കര: പെരുനാട് ബഥനിമലയിൽ വീണ്ടും കടുവയിറങ്ങി. മുമ്പും വളർത്തു മൃഗങ്ങളെ പിടികൂടിയ അതേ സ്ഥലത്താണ് വ്യാഴാഴ്ച വൈകീട്ട് കടുവ ആടുകളെ കൊന്ന് ഭക്ഷിച്ചത്. പെരുനാട് ബഥനിമല സ്വദേശി മാമ്പ്രത്ത് രാജന്റെ രണ്ട് ആടുകളെയാണ് കൊന്നത്.
രാജന്റെ രണ്ടു പശുക്കളെ ഒരുമാസം മുമ്പ് കടുവ പിടികൂടിയിരുന്നു.വനം വകുപ്പ് കൂടു സ്ഥാപിക്കുകയും നാട്ടുകാർ തിരച്ചിൽ നടത്തുകയും ചെയ്തതോടെ കാട്ടിലേക്ക് മറഞ്ഞ കടുവയുടെ സാന്നിധ്യം വീണ്ടും ഉണ്ടായതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
നേരത്തേ ഈ മേഖലയിൽ കടുവയിറങ്ങിയതോടെ ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമുയരുകയും വനംവകുപ്പ് ഉദ്യോഗസ്ഥർ കാമറയും കൂടും സ്ഥാപിക്കുകയും ചെയ്തിരുന്നു. വീണ്ടും കടുവയിറങ്ങിയതോടെ പുറത്തിറങ്ങാൻപോലും കഴിയാതെ ആശങ്കയിലാണ് ജനങ്ങൾ.
രാജന്റെ വീടിനു സമീപം കെട്ടിയിരുന്ന ആടുകളെയാണ് കടുവ പിടികൂടിയത്. സ്ട്രൈക്കിങ് ഫോഴ്സ് അടക്കമുള്ള സേനയെ അവിടെ വിന്യസിച്ച് കടുവയെ തിരയാമെന്നും കൂട് സ്ഥാപിക്കാമെന്നുമാണ് റാന്നി ഡി.എഫ്.ഒ അറിയിച്ചിരിക്കുന്നത്.ജനവാസം കുറഞ്ഞ തോട്ടം മേഖലയാൽ ചുറ്റപ്പെട്ടു കിടന്ന ബഥനിമല, പുതവൽ, കോളാമല പ്രദേശങ്ങളിലാണ് രണ്ടുമാസത്തിലേറെയായി കടുവ ഭീഷണി നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.
ശബരിമല വനമേഖലയോട് ചേർന്നതും ഉയരം കൂടിയതുമായ ഈ പ്രദേശങ്ങളിൽ നൂറുകണക്കിന് ഏക്കർ തോട്ട ഭൂമിയും തരിശുഭൂമികളുമാണുള്ളത്.ഇതിൽ ഏറിയ പങ്കും കാടുപിടിച്ചു കിടക്കുന്നതിനാൽ വന്യമൃഗങ്ങൾക്ക് സ്വൈര വിഹാരം നടത്താനാകും. കാട് വെട്ടിമാറ്റാൻ തോട്ടം ഉടമകൾക്ക് നോട്ടീസ് നൽകാനും തരിശുഭൂമിയിലെ കാട് വെട്ടിത്തെളിക്കാനും പഞ്ചായത്ത് പദ്ധതിയിട്ടിരുന്നെങ്കിലും അത് ഭാഗികമായേ നടന്നുള്ളൂ.
കടുവാപ്പേടി നിലനിൽക്കുന്ന പെരുനാട്ടിലെ മലയോരമേഖല ഒറ്റപ്പെട്ട പ്രദേശമായതിനാലും ഗതാഗത സൗകര്യമുള്ള സ്ഥലത്തേക്കെത്താൻ റബർ തോട്ടത്തിനുള്ളിൽ കൂടി ഏറെനേരം സഞ്ചരിക്കണമെന്നുള്ളതിനാലും കുട്ടികളെ സ്കൂളിൽ അയക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.