മലയോരം പുലിപ്പേടിയിൽ
text_fieldsകോന്നി: മുറിഞ്ഞകല്ലിലെ വീട്ടിൽനിന്ന് പുലിയുടേതെന്ന് കരുതുന്ന സി.സി ടി.വി ദൃശ്യം ലഭിച്ചു. മുറിഞ്ഞകൽ കല്ലുവിള, പാറയിൽ ജിജു ജോണിെൻറ വീട്ടിലെ കാമറയിലാണ് ദൃശ്യം പതിഞ്ഞത്.വീടിന് മുന്നിലെ റോഡിലൂടെ പുലിയെപ്പോലെ തോന്നിക്കുന്ന ജീവി നടന്നുപോകുന്നതാണ് കാണാൻ കഴിയുന്നത്. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എ. അനിൽകുമാറിെൻറ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സമീപ പ്രദേശമായ ഇഞ്ചപ്പാറയിൽ മൂന്ന് ദിവസങ്ങൾക്ക് മുമ്പ് പുലിയിറങ്ങി ആടിനെ കൊന്നിരുന്നു.
ഇഞ്ചപ്പാറ മഠത്തിലെത്തി ജോസിെൻറ ആടിനെയാണ് പിടികൂടിയത്. റബർ തോട്ടത്തിലെ ഷെഡിലാണ് ആടുകളെയും പശുവിനെയും വളർത്തിയിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് ആടിനെ ഷെഡിൽ കയറ്റാനായി ജോസ് ചെന്നപ്പോഴാണ് പുലിയെ കാണുന്നത്. ശബ്ദംകേട്ട് പുലി ഓടിക്കളഞ്ഞു. സംഭവത്തിനുശേഷം മഴ പെയ്‌തതിനാൽ പുലിയുടെ കാൽപ്പാടുകൾ അന്ന് വനംവകുപ്പിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
കലഞ്ഞൂർ കുടപ്പാറയിലും അടുത്തിടെ പുലിയിറങ്ങി ആടിനെ കൊന്നിരുന്നു. അന്ന് റബർ ടാപ്പിങ് നടത്തിയിരുന്ന തൊഴിലാളികൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ പുലിയുടെ സാന്നിധ്യം ഉണ്ടാവുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
രാജഗിരി, പാടം, അതിരുങ്കൽ, പോത്തുപാറ, രത്നഗിരി, കുളത്തുമൺ എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ പലതവണ പുലിയുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. കലഞ്ഞൂർ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും കാടുപിടിച്ചുകിടക്കുന്ന റബർ എസ്റ്റേറ്റുകൾ വന്യമൃഗങ്ങളുടെ താവളമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.