വീണ്ടും പുലിപ്പേടി; കല്ലുവിളയിലും കാരക്കക്കുഴിയിലും ജനം ഭീതിയിൽ
text_fieldsകോന്നി: കാടിറങ്ങി ജനവാസ മേഖലയിലേക്കുള്ള പുലിയുടെ വരവ് കോന്നിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കലഞ്ഞൂർ കുടപ്പാറയിലും കൂടൽ ഇഞ്ചപ്പാറയിലും മുറിഞ്ഞകല്ലിലും പുലിയുടെ സാന്നിധ്യം ഉണ്ടായതിന് പിന്നാലെ മുറിഞ്ഞകൽ കല്ലുവിളയിലും കൂടൽ കാരക്കകുഴിയിലും പുലിയെ കണ്ടതോടെ ജനങ്ങളുടെ ഭയം വർധിക്കുകയാണ്.
കഴിഞ്ഞദിവസം ചേർന്ന കോന്നി താലൂക്ക് വികസനസമിതി യോഗത്തിലും പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണം എന്ന ആവശ്യം ഉയർന്നു വന്നെങ്കിലും നടപടി ആയില്ല. കൂട് സ്ഥാപിക്കാൻ ഫോറസ്റ്റ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ആവശ്യമാണെന്നും ഇതിനായി കത്ത് നൽകിയെന്നും വനപാലകർ പറഞ്ഞു.
മുറിഞ്ഞകൽ കല്ലുവിള വിളയിൽ വീട്ടിൽ ജഗന്നാഥന്റെ വീടിന് സമീപത്തായാണ് കഴിഞ്ഞ ദിവസം രാത്രി പുലി എത്തിയത്. നായ്ക്കളുടെ കുരകേട്ട് പുറത്തിറങ്ങിനോക്കിയ വീട്ടുകാർ പുലി ഓടിമറയുന്നതാണ് കണ്ടത്. തുടർന്ന് വീട്ടുകാർ വനപാലകരെ വിവരം ധരിപ്പിച്ചു.
തുടർന്ന് പാടം വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന് രണ്ടുദിവസം മുമ്പാണ് മുറിഞ്ഞകല്ലിലെ വീടിന്റെ സി.സി ടി.വി ദൃശ്യങ്ങളിൽ പുലിയുടേത് എന്ന് കരുതുന്ന ദൃശ്യങ്ങൾ ലഭിച്ചത്. വീടിന് മുന്നിലെ റോഡിലൂടെ പുലി നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതിന് മുമ്പുള്ള ദിവസം സമീപ പ്രദേശമായ ഇഞ്ചപ്പാറയിൽ പുലി ആടിനെ കൊന്നിരുന്നു.
മുമ്പ് കലഞ്ഞൂർ കുടപ്പാറയിലും പുലി ആടിനെ കൊന്നിരുന്നു. മുറിഞ്ഞകല്ലിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൂടൽ കാരക്കകുഴിയിൽ പുലിയെ കണ്ടതായി നാട്ടുകാർ വനപാലകരെ അറിയിച്ചത്.കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ രാജഗിരി, പാടം, അതിരുങ്കൽ, പോത്ത്പാറ, രത്നഗിരി, കുളത്തുമൺ തുടങ്ങി പല പ്രദേശങ്ങളിലും മുമ്പ് പലതവണ പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.
നാലാം വളവിൽ പുലിയെ കണ്ടതായി തീർഥാടകർ
ശബരിമല: സ്വാമി അയ്യപ്പൻ റോഡിലെ നാലാം വളവിൽ പുലിയെ കണ്ടതായി തീർഥാടകർ. ശനിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. ഇതോടെ ഈ വഴി പോകാൻ തീർഥാടകർക്ക് അൽപനേരം നിയന്ത്രണം ഏർപ്പെടുത്തി.അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ അൻവർ, റേഞ്ച് ഓഫിസർ അജിത്, വേണുകുമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എസ്. സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് നിരീക്ഷണം നടത്തി.
പുലിയുടെ സാമീപ്യമുള്ള മേഖലയാണ് ഇതെന്നും തീർഥാടകർ കൂട്ടമായി പോകുന്നതിനാൽ പാതയിലേക്ക് ഇറങ്ങാൻ സാധ്യതയില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.പുലിയുടെ കാൽപാദം പതിഞ്ഞതായും കണ്ടെത്തിയിട്ടില്ല. സംഭവത്തെ തുടർന്ന് സ്വാമി അയ്യപ്പൻ റോഡിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.