പുലി കാണാമറയത്ത്; കലഞ്ഞൂരിൽ തിരച്ചിൽ തുടരുന്നു
text_fieldsകോന്നി: കലഞ്ഞൂരിൽ ഭീതി പടർത്തുന്ന പുലിയെ പിടികൂടാൻ വനം വകുപ്പ് ഡ്രോൺ നിരീക്ഷണവും തിരച്ചിലും ശക്തമാക്കി. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിന്‍റെ വിവിധ ഇടങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്. പാക്കണ്ടം, കാരക്കകുഴി മേഖലകളിൽ വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചെങ്കിലും പുലി കൂടിന് സമീപം എത്തിയില്ല.
ഡ്രോൺ കാമറ ഉപയോഗിച്ചും തിരച്ചിൽ ശക്തമാക്കി. ചെന്നൈ ആസ്ഥാനമായ സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഡ്രോൺ കാമറ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നത്.അഞ്ച് കിലോമീറ്റർ പരിധിയിൽ പ്രവർത്തിക്കുന്ന ഡ്രോണിന് രാത്രിയും പ്രവർത്തിക്കാനുള്ള സജ്ജീകരണങ്ങൾ ഉണ്ട്.
രാത്രിയാണ് പരിശോധന കൂടുതൽ. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിശോധന നടത്തുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ശരത് ചന്ദ്രന്‍റെ നേതൃത്വത്തിൽ പാടം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരും കോന്നി സ്‌ട്രൈക്കിങ് ഫോഴ്‌സും പരിശോധന ഊർജിതമാക്കി.
എന്നാൽ, പല സ്ഥലങ്ങളിൽ പുലിയെ കാണുന്നതാണ് തിരച്ചിലിന് തടസ്സമായത്. ഇത് പരിഹരിക്കാൻ എട്ട് സ്ഥലത്ത് ട്രാപ് കാമറകളും ഇഞ്ചപ്പാറയിലും കാരക്കകുഴിയിലും കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ കുടപ്പാറയിൽ ആദ്യം കണ്ട പുലിയെ പിന്നീട് ഇഞ്ചപ്പാറയിലും മുറിഞ്ഞ കല്ലിലും കാരക്കകുഴിയിലും വാഴത്തോട്ടം ഭാഗത്തും കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.