തിരുവല്ല ട്രാക്കോ കേബിൾ അടച്ചുപൂട്ടലിലേക്ക്
text_fieldsപത്തനംതിട്ട: പൊതുമേഖല സ്ഥാപനമായ തിരുവല്ല ട്രാക്കോ കേബിൾ കമ്പനി അടച്ചുപൂട്ടലിലേക്ക്. ട്രാക്കോ കേബിൾ കമ്പനിക്ക് ഇരുമ്പനം, തിരുവല്ല, പിണറായി എന്നിവിടങ്ങളിലായി മൂന്ന് യൂനിറ്റും 500ലധികം ജീവനക്കാരുമുണ്ട്.
കെ.എസ്.ഇ.ബിക്ക് വേണ്ടി ഉന്നത ഗുണനിലവാരമുള്ള എ.സി.എസ്.ആർ, എൽ.ടി, എച്ച്.ടി,യു.ജി കേബിളുകൾ ഉൽപാദിപ്പിക്കുന്ന കമ്പനിയുടെ പ്രധാനപ്പെട്ട രണ്ട് യൂനിറ്റാണ് ഇരുമ്പനത്തും തിരുവല്ലയിലും പ്രവർത്തിക്കുന്നത്. മുൻകാലങ്ങളിൽ മെച്ചപ്പെട്ടരീതിയിൽ പ്രവർത്തിച്ചിരുന്ന ഈ രണ്ടു യൂനിറ്റിലും പ്രവർത്തന മൂലധനമില്ലാത്തതിനാലും കെ.എസ്.ഇ.ബിയിൽനിന്ന് ഓർഡർ ലഭിക്കാത്തതിനാലും ഒരുവർഷമായി ഉൽപാദനം പൂർണമായും നിലച്ചു. ഇരുമ്പനത്തെയും തിരുവല്ലയിലെയും യൂനിറ്റുകൾ അടച്ചുപൂട്ടലിൽ എത്തിനിൽക്കുകയാണ്. ജീവനക്കാരുടെ ശമ്പളം മുടങ്ങിയതോടൊപ്പം ശമ്പള പരിഷ്കരണം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളും നഷ്ടപ്പെട്ടു.
2016 മുതൽ കമ്പനിയുടെ മൂന്ന് യൂനിറ്റിൽനിന്നും വിരമിച്ച നൂറിലധികം ജീവനക്കാർക്ക് വിരമിക്കൽ ആനുകൂല്യങ്ങളും ലഭിക്കാനുണ്ട്. ജീവനക്കാരുടെ പ്രതിഷേധം മറികടക്കാൻ മാനേജ്മെന്റ് വണ്ടിച്ചെക്ക് നൽകി വിരമിച്ചവരെ കബളിപ്പിക്കുകയും ചെയ്തു.
വ്യവസായ മന്ത്രിയുടെ ശക്തമായ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നും കമ്പനി പൂർണതോതിൽ പ്രവർത്തിപ്പിക്കാനാവശ്യമായ പ്രവർത്തന മൂലധനവും കെ.എസ്.ഇ.ബിയിൽനിന്ന് പരമാവധി ഓർഡറും അനുവദിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. സത്വര ഇടപെടൽ സർക്കാറിൽനിന്ന് ഉണ്ടാകുന്നില്ലെങ്കിൽ യൂനിറ്റുകൾ അടച്ചുപൂട്ടി പോകുന്ന സാഹചര്യമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.