ആരോഗ്യമന്ത്രിയുടെ ശ്രദ്ധക്ക്: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരുന്നുക്ഷാമം?
text_fieldsപത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ചികിത്സ തേടി ഒ.പിയിൽ എത്തുന്നവർ പുറത്തെ മെഡിക്കൽ സ്റ്റോറിൽനിന്ന് മരുന്ന് വാങ്ങാൻ പണം കൈയിൽ കരുതണം. സൗജന്യ ചികിത്സ തേടി എത്തുന്ന പാവങ്ങൾ ഫാർമസിയിൽ കൊണ്ടുചെന്ന് ഡോക്ടറുടെ കുറിപ്പടി കൊടുക്കുമ്പോൾ പാരസെറ്റമോൾ കുറിച്ചിട്ടുണ്ടെങ്കിൽ കൃത്യമായി കിട്ടും.
ഇതുപോലെ ചില മരുന്നുകളുടെ കാര്യത്തിൽ മാത്രമേ ഉറപ്പുള്ളൂ. മറ്റ് മരുന്നുകളുടെ പേരിന് മുന്നിൽ ഗുണന ചിഹ്നം ഇട്ടുവെക്കും. ഇവയെല്ലാം പുറത്തുനിന്ന് വാങ്ങണമെന്ന് നിർദേശിക്കും.
കമ്പനി മരുന്നൊന്നും സർക്കാർ വാങ്ങുന്നില്ലെന്നാണ് ഫാർമസിസ്റ്റിന്റെ വിശദീകരണം. ആശുപത്രികളിൽ മരുന്നുക്ഷാമം ഇല്ലെന്ന് ആണയിടുമ്പോഴാണ് ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ജില്ല കേന്ദ്രത്തിൽ വരുന്ന പ്രധാന ആശുപത്രിയിലെ ഈ അവസ്ഥ.
ചില ഡോക്ടർമാർ ഒ.പിയിൽ ചികിത്സ തേടി എത്തുന്നത് എന്തോ വലിയ കുറ്റം എന്നപോലെയാണ് രോഗികളോട് പെരുമാറുന്നത്.
പരിശോധനക്കൊന്നും നിൽക്കാതെ പെട്ടെന്ന് എന്തെങ്കിലുമൊക്കെ കുറിച്ചുകൊടുത്ത് വേഗം പറഞ്ഞയക്കും. സംശയം ചോദിച്ചാൽ തട്ടിക്കയറാനും മടിക്കില്ല. ഇതിനുപുറമെയാണ് ആശുപത്രിയിൽ കിട്ടാത്ത മരുന്നുകുറിക്കുന്നതും. രോഗം മാറണമെങ്കിൽ മരുന്ന് പുറത്തുനിന്ന് വാങ്ങിക്കഴിക്കണം എന്നാണ് ഇവരുടെ വിശദീകരണം.
ചുരുങ്ങിയ സമയത്തിൽ കൂടുതൽ രോഗികളെ നോക്കേണ്ടിവരുന്നതുകൊണ്ടുള്ള പ്രയാസങ്ങൾ രോഗികളോടുള്ള ഡോക്ടർമാരുടെ സമീപനത്തെ സ്വാധീനിക്കുന്നത് സ്വാഭാവികമാണെന്ന് പറയാമെങ്കിലും ഇതിൽ പലരും ആശുപത്രി പരിസരങ്ങളിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരാണെന്ന വസ്തുതയുമുണ്ട്. ഇവരും മെഡിക്കൽ സ്റ്റോറുകാരും തമ്മിലെ ഒത്തുകളിയും പുറത്തേക്ക് കുറിക്കുന്നതിന് പിന്നിലുണ്ടോ എന്ന് സംശയിക്കുന്നുണ്ട്. ഡോക്ടർമാർ കുറിക്കുന്ന മരുന്ന് എന്തുകൊണ്ട് ഫാർമസിയിൽ ലഭ്യമാക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കണം.
സ്വന്തം മണ്ഡലത്തിലെ ആശുപത്രിയിൽ രോഗികൾക്ക് ആവശ്യമായ മരുന്നിന്റെ ലഭ്യത ഉറപ്പാക്കാൻ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്നാണ് പാവപ്പെട്ട രോഗികളുടെ ആവശ്യം. പ്രത്യേകിച്ച് മരുന്നുവില വലിയ തോതിൽ ഉയരുന്ന സാഹചര്യത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.