പത്തനംതിട്ട ജില്ലക്ക് ഇന്ന് 39ാം പിറന്നാൾ
text_fieldsപത്തനംതിട്ട: ഈ വർഷത്തെ കേരളപ്പിറവി ദിനത്തിൽ ജില്ല 39ാം വയസ്സിലേക്ക് കടക്കുകയാണ്. ജില്ല രൂപംകൊണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വികസന രംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടിെല്ലന്ന പരാതിയും പരിഭവവുമാണ് എവിടെയും. റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, കുടിവെള്ള വിതരണം, വിദ്യാഭ്യാസം രംഗങ്ങളിൽ വലിയ നേട്ടങ്ങൾ ൈകവരിക്കാനായി. സാമ്പത്തികമായും ജില്ല ഏറെ മുന്നേറിയിട്ടുമുണ്ട്. സംസ്ഥാനത്ത് കൂടുതൽ വിദേശനിക്ഷേപം ഉള്ളതും ഇവിടെയാണ്.
അതേസമയം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കാർഷിക മേഖലയിലും തിരിച്ചടികളാണുള്ളതെന്ന് അഭിപ്രായെപ്പടുന്നവരാണ് ഏറെയും. സംസ്ഥാനത്തെ 13ാമത്തെ ജില്ലയായി പത്തനംതിട്ട 1982 നവംബർ ഒന്നിനാണ് രൂപംകൊണ്ടത്. 1983 ജൂലൈ ഒന്നിനായിരുന്നു ജില്ലയുടെ ഔദ്യോഗിക ഉദ്ഘാടനം. 1982 ൽ കെ. കരുണാകരൻ മന്ത്രിസഭയുടെ നിലനിൽപിന് നിയമസഭയിൽ സ്വതന്ത്ര അംഗമായിരുന്ന പത്തനംതിട്ടയിൽനിന്നുള്ള കെ.കെ. നായരുടെ പിന്തുണ അത്യാവശ്യമായിരുന്നു. മന്ത്രിസ്ഥാനത്തിന് പകരം അദ്ദേഹം ആവശ്യെപ്പട്ടതാണ് പത്തനംതിട്ട ജില്ല. അങ്ങനെ മലയോര മേഖലക്ക് ഉണർവേകി പുതിയ ജില്ല രൂപം കൊള്ളുകയായിരുന്നു.
കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഏതാനും വില്ലേജുകൾ ഉൾപ്പെടുത്തിയാണ് പുതിയ ജില്ലക്ക് രൂപംകൊടുത്തത്.
2672 ച.കി.മീറ്റർ വിസ്തീർണമുള്ള ജില്ലയിൽ 1412ച.മീറ്ററും വനമേഖലയാണ്. 68 വില്ലേജും 53 ഗ്രാമപഞ്ചായത്തും നാല് നഗരസഭയും എട്ട് ബ്ലോക്ക് പഞ്ചായത്തും ഉൾപ്പെടുന്നതാണ് പത്തനംതിട്ട. അഞ്ചു നിയമസഭ മണ്ഡലങ്ങളും പത്തനംതിട്ട പാർലമെൻറ് മണ്ഡലവും ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
ഭാവനപൂർണമായ പദ്ധതികളില്ല
ജില്ല രൂപംകൊണ്ട് 39 വർഷം ആകുമ്പോഴും വികസനകാര്യത്തിൽ ഏറെ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. കലക്ടറേറ്റ് മന്ദിരവും, മിനി സിവിൽ സ്റ്റേഷനും റിംഗ് റോഡുമൊക്കെ ജില്ല കേന്ദ്രത്തിന് അഭിമാനമാണ്. ഇതെല്ലാം കെ.കെ. നായർ എം.എൽ.എ ആയിരുന്ന സമയത്തെ നേട്ടങ്ങളുമാണ്. ഭാവനപൂർണമായ പല പദ്ധതികളും രൂപം കൊണ്ടതും അന്നാണ്. എന്നാൽ, അദ്ദേഹത്തിന് ശേഷം ജില്ല ആസ്ഥാനത്തും മറ്റ് താലൂക്കിലും കാര്യമായ വികസന പ്രവർത്തനങ്ങൾ എത്തിയിട്ടില്ല. ജില്ല ആസ്ഥാനത്ത് വരേണ്ട പല പദ്ധതികളും കടലാസിലൊതുങ്ങി. ഇവിടെ നിന്നും പ്രധാനപ്പെട്ട പല സർക്കാർ സ്ഥാപനങ്ങളേം മറ്റ്സ്ഥലങ്ങളിലേക്ക് പോയി. മാറി മാറി ജനപ്രതിനിധികളും മന്ത്രിമാരുമൊക്കെ വന്നിട്ടും ജില്ലക്ക് പ്രത്യേകിച്ച് ഒരുഗുണവും ഉണ്ടായിട്ടിെല്ലന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. ശബരിമല ഉൾപ്പെടെ പ്രമുഖങ്ങളായ നിരവധി തീർഥാടനകേന്ദ്രങ്ങൾ, അര ഡസനിലധികം അണക്കെട്ടുകൾ, ജലവൈദ്യുത പദ്ധതികൾ, പ്രകൃതിസുന്ദരമായ പ്രദേശങ്ങൾ എന്നിവ ജില്ലയുടെ പ്രത്യേകതയാണ്.
യാത്ര ഇപ്പോഴും കഠിനം
ജില്ലയിൽ കൂടി കടന്നു പോകുന്ന പ്രധാന പാതകളുടെ സ്ഥിതി പരിതാപകരമാണ്. വലിയ കുഴികൾ രൂപപ്പെട്ട് റോഡുകൾ മിക്കതും അപകടാവസ്ഥയിലാണ്. ശബരിമല സീസൺ കാലത്തെ കുഴിയടക്കൽ മാത്രമാണ് പലപ്പോഴും നടക്കുന്നത്. രൂക്ഷമായ യാത്രക്ലേശം ആണ് ജില്ലയിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. ആവശ്യത്തിന് ബസ് സർവിസ് ഇല്ല. കോവിഡ്കാലംകൂടി ആയതോടെ കെ.എസ്.ആർ.ടി.സിയും സർവിസുകൾ വെട്ടിക്കുറച്ചു. വൈകുന്നേരം കഴിഞ്ഞാൽ ജില്ലാ ആസ്ഥാനത്തുനിന്ന് ഒരിടത്തേക്കും ബസില്ല.
തകർന്നും മുടങ്ങിയും പദ്ധതികൾ
പുതിയ ബസ് സ്റ്റാൻഡ് നിശ്ശേഷം തകർന്ന് കിടക്കുന്നു. കെ.എസ്.ആർ.ടി.സി ഷോപ്പിങ് കോംപ്ലക്സ് നിർമാണം പൂർത്തിയായിട്ടില്ല. കേന്ദ്ര സർക്കാറിെൻറ സഹായത്തോടെയുള്ള പത്തനംതിട്ടയിലെ ഇൻഡോർ സ്റ്റേഡിയം നിർമാണം മുടങ്ങി. സംസ്ഥാന സർക്കാറിെൻറ ഇൻഡോർ സ്റ്റേഡിയം പദ്ധതിയും അനിശ്ചിതത്വത്തിൽ കിടക്കുന്നു. വെട്ടിപ്പുറത്തെ സുബല പാർക്ക് നിർമാണവും മുടങ്ങി. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഓഡിറ്റോറിയം ഉദ്ഘാടനം മാത്രം നടത്തി. പത്തനംതിട്ടയിലെ ആധുനിക മത്സ്യമാർക്കറ്റ് ശിലാഫലകത്തിൽ ഒതുങ്ങിയിട്ട് വർഷങ്ങളായി. നഗരത്തിലെ മാലിന്യസംസ്കരണത്തിന് ശാശ്വത പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കാർഷിക മേഖലയുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള പദ്ധതികൾ പലതും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. അപ്പർകുട്ടനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമില്ലാതെ കിടക്കുന്നു. പ്രധാന നദികളെല്ലാം മാലിന്യം നിറഞ്ഞ് നശിച്ചു കൊണ്ടിരിക്കുന്നു. ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയുടെ സ്ഥിതിയിലും ജനം പ്രതീക്ഷിക്കുന്നവിധം മാറ്റംവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.