കുളനടയില്‍ തസ്കര വിളയാട്ടം
text_fieldsപന്തളം: കുളനടയില്‍ നാല് കടകളില്‍ മോഷണവും നാലിടത്തു മോഷണശ്രമവും നടന്നു. 40,000 രൂപയോളമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.- തിങ്കളാഴ്ച രാത്രിയാണ് കടകളുടെ ഓട് പൊളിച്ചിറങ്ങി മോഷണം നടത്തിയത്. ചൊവ്വാഴ്ച രാവിലെ കടതുറന്നപ്പോഴാണ് മോഷണം വ്യാപാരികള്‍ അറിയുന്നത്. കുളനട, മാന്തുക വിജയനിവാസില്‍ ജയശ്രീയുടെ ഗാലക്സി മെഡിക്കല്‍ സ്റ്റോറില്‍ കയറിയ മോഷ്ടാക്കള്‍ കടയില്‍ സ്ഥാപിച്ച സി.സി ടി.വി കാമറകള്‍ വലിച്ചിളക്കിയ ശേഷമാണ് മോഷണം നടത്തിയത്. മരുന്ന് വിതരണക്കാര്‍ക്ക് നൽകാന് കരുതിയ 30,000 രൂപയോളമാണ് നഷ്ടമായത്. ഇവിടെനിന്ന് ഹോര്‍ലിക്സ്, ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ളവയും മോഷ്ടാക്കള്‍ കവർന്നു.
കൈപ്പുഴ നോര്‍ത്ത് നാരകത്തുംമണ്ണില്‍ എന്‍.ആര്. ഗോപിനാഥന്റെ എവര്‍ഗ്രീന്‍ വെജിറ്റബിള്‍സ് ആൻഡ് ഫ്രൂട്സില്‍ നിന്ന് 2000ത്തോളം രൂപ മോഷ്ടിച്ചു. കുളനട, ഞെട്ടൂര്‍ ശ്രീമഹാദേവയില് ചിത്തരഞ്ജന്റെ ശ്രീമഹാദേവ ജനറല്‍ സ്റ്റോഴ്സില്‍ കയറിയ മോഷ്ടാക്കള്‍ അവിടെ വഞ്ചിയിലും മേശയിലുമായി സൂക്ഷിച്ച 9000 രൂപയോളം കവര്‍ന്നു. ഞെട്ടൂര്‍ തോണ്ടത്തറയില്‍ പ്രദീപ് കുമാറിന്റെ അമൃത സ്റ്റോഴ്സില്‍നിന്ന് ആയിരത്തിലേറെ രൂപയും മോഷ്ടിച്ചു.
കിടങ്ങന്നൂര്‍ സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ള പവിത്രം സ്റ്റോഴ്സ്, ഞെട്ടൂര്‍ സോപാനത്തില്‍ രാജേഷിന്റെ ടീ സ്റ്റാള്‍, കോഴിയിറച്ചി വ്യാപാര സ്ഥാപനമായ തെങ്ങില്ഫാം, സപ്ലൈകോയുടെ ലാഭം സൂപ്പര്‍ മാർക്കറ്റ് എന്നിവിടങ്ങളിലായിരുന്നു മോഷണശ്രമം. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ടയില്‍ നിന്നെത്തിയ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
രണ്ടുദിവസം മുമ്പ് പന്തളം മുട്ടാര്‍ കവലയിലെ അയ്യപ്പക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. മതിലുകളില്‍ സ്ഥാപിച്ച രണ്ടു വഞ്ചികളുടെ പൂട്ടുകള്‍ പൊളിച്ചായിരുന്നു കവര്‍ച്ച. ഇവിടെനിന്ന് 20,000 രൂപയോളം മോഷ്ടിച്ചു. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കുളനടയിലും മോഷണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.