സെന്റ് പീറ്റേഴ്സ് ജങ്ഷനിൽ ‘പച്ചതെളിഞ്ഞു’
text_fieldsപത്തനംതിട്ട: കലക്ടറേറ്റിന് സമീപം നഗരത്തിൽ ഒന്നരവർഷമായി പൊളിഞ്ഞുകിടന്ന ട്രാഫിക് സിഗ്നൽ സംവിധാനം ആധുനിക സൗകര്യങ്ങളോടെ പുനഃസ്ഥാപിച്ചു. തിരക്കേറിയ സെന്റ് പീറ്റേഴ്സ് ജങ്ഷനിലെ സിഗ്നൽ സംവിധാനമാണ് തിങ്കളാഴ്ച വീണ്ടും പ്രവർത്തനക്ഷമമാക്കിയത്. പോസ്റ്റുകൾ ഒടിഞ്ഞുവീഴാവുന്ന നിലയിലായതും റോഡ് അപകടങ്ങൾ വർധിക്കുന്ന സ്ഥിതിയും ജില്ല പൊലീസ്, റോഡ് സുരക്ഷ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
പോസ്റ്റുകളുടെ അപകടാവസ്ഥക്ക് പുറമെ, ലൈറ്റുകൾ കത്താതെയും വയറുകളെല്ലാം മുറിഞ്ഞനിലയിലുമായിരുന്നു. സിഗ്നൽ സംവിധാനത്തിലെ എല്ലാ ഭാഗങ്ങളും പുതുക്കി പുനഃസ്ഥാപിച്ചു. പുതിയ പോസ്റ്റുകൾ ഇട്ടും ലൈറ്റുകൾ പിടിപ്പിച്ചും കൺട്രോൾ പാനൽ മാറ്റിയും പുത്തൻ പ്രവർത്തനരീതികൾ അവലംബിച്ചും ആധുനിക രൂപത്തിലാക്കി. ട്രയൽ റൺ നടത്തുകയും ചെയ്തു. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ സിഗ്നൽ പ്രവർത്തനസജ്ജമാകുന്ന നിലയിലായിക്കഴിഞ്ഞു.
തിരക്കേറിയ സമയങ്ങൾ ഉൾപ്പെടെ പലസമയങ്ങളിൽ പലരീതികളിൽ ഇനിമുതൽ പ്രവർത്തിപ്പിക്കാൻ സാധിക്കും. ഓരോ ദിവസവും ഓരോ റോഡിലും പലതരത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന മേന്മയുമുണ്ട്.
ഓരോ നിരത്തിനും വ്യത്യസ്തമായ സമയം (സെക്കൻഡുകൾ) സെറ്റ് ചെയ്യാമെന്ന പ്രത്യേകതയുമുണ്ട്. മൈലപ്ര റോഡിൽനിന്നുള്ള വാഹനങ്ങൾ ഹൈമാസ്റ്റ് ലൈറ്റ് ചുറ്റാതെ വലതുതിരിഞ്ഞ് തിരുവല്ല റോഡിൽ പോകാവുന്നതാണ്.
ഇതിലൂടെ സമയനഷ്ടം ഒഴിവാക്കാം. 24 മണിക്കൂറും പ്രോഗ്രാം ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് കൺട്രോൾ പാനൽ സജ്ജമാക്കിയത്.
മികച്ച ഗതാഗത സൗകര്യം ലഭ്യമാകുന്നതിന് എല്ലാവരും ട്രാഫിക് സിഗ്നൽ അനുസരിച്ച് വാഹനങ്ങൾ ഓടിക്കണമെന്ന് ജില്ല പൊലീസ് മേധാവി വി. അജിത് പറഞ്ഞു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ജില്ല പൊലീസിന്റെ നോഡൽ ഓഫിസറായ, ജില്ല നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ പ്രവർത്തനം
വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.