മോക്ഡ്രില്ലിനിടെ ദുരന്തം: നാടുകേഴുമ്പോൾ കലക്ടറേറ്റിൽ ആഘോഷം
text_fieldsപത്തനംതിട്ട: മോക്ഡ്രില്ലിനിടെ മണിമലയാറ്റില്‍ കല്ലൂപ്പാറ കാക്കര മണ്ണിൽ വീട്ടിൽ ബിനു സോമന് മുങ്ങിമരിച്ച സംഭവത്തിൽ നാട് കേഴുമ്പോൾ ദുരന്ത വിഭാഗം െഡപ്യൂട്ടി കലക്ടറുടെയും മറ്റും നേതൃത്വത്തിൽ കലക്ടറേറ്റില്‍ ക്രിസ്മസ്-പുതുവത്സരാഘോഷം.
ദുരന്തം നടന്ന വ്യാഴാഴ്ച കലക്ടറേറ്റില്‍ നടന്ന ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. മോക്ഡ്രില്‍ സ്ഥലത്തുണ്ടാകേണ്ടിയിരുന്നു ദുരന്ത വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, എ.ഡി.എം ബി. രാധാകൃഷ്ണന് എന്നിവരാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വ്യാഴാഴ്ച ഉച്ചയോടെ ന്യൂഇയര്‍ കേക്ക് മുറിക്കുന്ന എ.ഡി.എം അതിന്റെ ആദ്യ കഷണം ഡെപ്യൂട്ടി കലക്ടർക്ക് നൽകുന്നതും മറ്റുജീവനക്കാര്‍ ആര്‍പ്പു വിളിക്കുന്നതുമായ ചിത്രങ്ങളാണ് പുറത്തുവന്നത്.
അപകടവിവരം അറിഞ്ഞതിന് പിന്നാലെ ഡെപ്യൂട്ടി കലക്ടര്‍ എവിടെയെന്ന് മാധ്യമങ്ങള്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം കണ്ട്രോള് റൂമില്‍ ആണെന്നാണ് പറഞ്ഞിരുന്നത്. അപകടവിവരം അറിഞ്ഞിട്ടുപോലും അദ്ദേഹം സംഭവ സ്ഥലത്ത് എത്തിയില്ല.
ഈ കണ്ട്രോള് റൂം കലക്ടറേറ്റില്‍ തന്നെയുമാണ്. ബിനുവിന് ജീവനുണ്ടെന്ന് പറഞ്ഞ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് തൊട്ടുപിന്നാലെ പി.ആര്.ഡി വഴി വാര്‍ത്താക്കുറിപ് ഇറക്കി ബിനു സുരക്ഷിതനാണെന്ന തോന്നലുണ്ടാക്കി. ആദ്യം ബിനുവിനെ വെന്റിലേറ്ററിലാക്കിയെന്നും പിന്നീട് എം.ആര്.ഐ സ്കാന്‍ നടത്തിയെന്നും തുടർന്ന് എം.ഐ.സി.യുവിലേക്ക് മാറ്റിയെന്ന തരത്തിലാണ് അധികൃതര്‍ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയത്. രാത്രി എട്ടുമണി കഴിഞ്ഞതോടെ മരണ വിവരവും സ്ഥിരീകരിച്ചു. ബന്ധപ്പെട്ടവരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിൽ ജില്ല കലക്ടര്‍ അടക്കം മൗനം പാലിക്കുകയാണ്.
കാഴ്ചക്കാരായി ഉദ്യോഗസ്ഥർ
മല്ലപ്പള്ളി: ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദേശപ്രകാരമായതിനൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഉദ്യോഗസ്ഥർ എത്തിയിരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയിലെ 30 ഉദ്യോഗസ്ഥരാണ് പരിശീലനത്തിനായി മൂന്ന് ദിവസമായി മല്ലപ്പള്ളിയിൽ ഹോട്ടലിൽ തങ്ങുന്നത്. അതുപോലെ മറ്റെല്ലാ പ്രവൃത്തിയും മാറ്റിവെച്ച് പൊലീസ്, അഗ്നിരക്ഷ സേന, റവന്യൂ, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പുറമെ എൻ.സി.സി കാഡറ്റുകളും അടക്കം നൂറിലധികം പേരാണ് പങ്കെടുത്തത്.
ഡോക്ടർമാരും ആംബുലൻസും മുങ്ങൽ വിദഗ്ധരും ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടും കൈയെത്തും ദൂരത്ത് മുങ്ങിപ്പോയ യുവാവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. യുവാവ് മുങ്ങിത്താഴ്ന്നിട്ടും സുരക്ഷ ഉദ്യോഗസ്ഥർ വെള്ളത്തിൽ ഇറങ്ങാതെ ബോട്ടിൽ തുടരുകയായിരുന്നു.
വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് ഒന്നിച്ചുള്ള പരിശീലനത്തിന് വേദിയൊരുക്കുകയെന്നതാണ് ലക്ഷ്യമായി പറയുന്നത്. എന്നാൽ, ഇതിനിടയിൽ ഒരു പരിചയവുമില്ലാത്ത സാധാരാണക്കാരെ അപകടത്തിലേക്ക് തള്ളിവിട്ട തരത്തിൽ ഉൾപ്പെടുത്തിയത് എന്തിനെന്ന ചോദ്യവും ഉയരുന്നു. ഇതിനൊരു വിശദീകരണം നൽകാനും ഇതുവരെ വിവിധ വകുപ്പുകൾ തയാറായിട്ടില്ല. തങ്ങൾക്കല്ല മറ്റുള്ളവർക്കാണ് ഉത്തരവാദിത്തം എന്ന നിലപാടാണ് പ്രധാന ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നും ആക്ഷേപം നിലനിൽക്കുന്നു.
‘വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം’
മല്ലപ്പള്ളി: ബിനു സോമന്റെ മരണത്തിന് കാരണം ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്തമില്ലായ്മയും മുന്നൊരുക്കമില്ലായ്മയുമാന്നെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്. പ്രദേശവാസികളോട് അന്വേഷിച്ചാൽ നദിയുടെ കിടപ്പും ഒഴുക്കിനെക്കുറിച്ചുമുള്ള പ്രാഥമിക അറിവും ലഭിക്കും. എന്നാൽ, ആ വിധത്തിലുള്ള ഒരന്വേഷണവും നടത്തിയില്ല.
അവസരോജിതമായ ഇടപെടലും ഉണ്ടായില്ല. സേനയുടെ വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കുടുംബത്തെ സഹായിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.