പത്തനംതിട്ട ജില്ലയിലെ സ്വകാര്യബസ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും
text_fieldsപത്തനംതിട്ട: റോഡ് സുരക്ഷ, കുട്ടികളുമായി ഇടപഴകുന്ന രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, വ്യക്തിത്വ വികസനം, പൊതുവായി പാലിക്കേണ്ട മാനദണ്ഡങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ അവബോധം നല്‍കുന്നതിന് ജില്ലയിലെ സ്വകാര്യബസ് ജീവനക്കാര്‍ക്ക് നാലു ഘട്ടമായി പരിശീലന പരിപാടി സംഘടിപ്പിക്കും.
ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. ജില്ലയിലെ വിദ്യാര്‍ഥികളുടെ ബസ് കൺസെഷന്, യാത്രാ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തിരുവല്ല സബ് കലക്ടര്‍ സഫ്ന നസറുദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയിലാണ് തീരുമാനം.
പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂനിഫോമിന്റേയോ തിരിച്ചറിയല്‍ കാര്‍ഡിന്റേയോ അടിസ്ഥാനത്തില്‍ സ്വകാര്യ ബസുകളില്‍ കൺസെഷന് അനുവദിക്കും. സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകള്‍, പോളിടെക്നിക്കുകള്, ഐ.ടി.എകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേധാവി നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ കൺസെഷന് അനുവദിക്കും.
ഇവയിലൊന്നും ഉള്‍പ്പെടാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ആർ.ടി.ഒ നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് മുഖേന കൺസെഷന് നല്‍കും. രാവിലെ ആറു മുതല്‍ വൈകുന്നേരം ഏഴു വരെ സൗജന്യ യാത്ര അനുവദിക്കും. കെ.എസ്.ആർ.ടി.സി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കൺസെഷന് അനുവദിക്കുന്ന കാര്യം അതത് ഡി.ടി.ഒമാര്‍ ഉറപ്പു വരുത്തണം.
എല്ലാ സ്വകാര്യ ബസുകളിലും ജോയന്റ് ആർ.ടി.ഒമാരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കും. സ്റ്റുഡന്റ്സ് കൺസെഷന് സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിന് എല്ലാ ബസിലും എന്‍ഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ മൊബൈല്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നും യോഗം തീരുമാനിച്ചു. വിദ്യാര്‍ഥികളോട് മോശമായി പെരുമാറുക, സീറ്റ് നിഷേധിക്കുക, അമിത ചാര്‍ജ് ഈടാക്കുക തുടങ്ങിയ പരാതികള്‍ ഉണ്ടാകരുതെന്നും അങ്ങനെയുള്ള പരാതികള്‍ ശ്രദ്ധയിൽപെട്ടാല്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും, പെണ്‍കുട്ടികളുടെ യാത്രാ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വീഴ്ച ഉണ്ടാകരുതെന്നും സബ് കലക്ടര്‍ സഫ്ന നസറുദ്ദീന്‍ പറഞ്ഞു.
തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും യാത്രാനുമതി നല്‍കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും കൂടാതെ സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിവസങ്ങളില്‍ വിദ്യാര്‍ഥികളെ സൗജന്യ നിരക്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും ആർ.ടി.ഒ എ.കെ. ദിലു പറഞ്ഞു.യോഗത്തില്‍ അടൂര്‍ ജോയന്റ് ആർ.ടി.ഒ ഗീതാകുമാരി, മല്ലപ്പള്ളി ജോയന്റ് ആർ.ടി.ഒ ടി.പി. പ്രദീപ് കുമാര്‍, റാന്നി ജോയന്റ് ആർ.ടി.ഒ മുരളീധരന് ഇളയത്, കോന്നി ജോയന്റ് ആർ.ടി.ഒ സി. ശ്യാം, തിരുവല്ല ജോയന്റ് ആർ.ടി.ഒ ഇ.സി. പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.