രാത്രിയിൽ ഗുരുതര കോവിഡ് ബാധിതർക്ക് മാത്രം ഗതാഗതസൗകര്യം – പത്തനംതിട്ട കലക്ടര്‍
text_fieldsപത്തനംതിട്ട: വൈകീട്ട് ഏഴിനുശേഷം ഗുരുതര പ്രശ്നങ്ങളുള്ള കോവിഡ് ബാധിതർക്ക് മാത്രമേ ഗതാഗതസൗകര്യം ഒരുക്കൂവെന്ന് കലക്ടര്‍ പി.ബി. നൂഹ്. ആറന്മുളയില് കോവിഡ് ബാധിതയായ യുവതിക്ക് ആംബുലന്‍സില്‍ പീഡനമുണ്ടായ സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രി സൂപ്രണ്ടുമാര്‍, നോഡല്‍ ഓഫിസര്‍മാര്‍ എന്നിവര്‍ രോഗികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനൊപ്പം ചികിത്സ കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ തഹസില്‍ദാര്‍മാര്‍ അവ വിലയിരുത്തി ഡെപ്യൂട്ടി കലക്ടര്‍മാരുടെ സഹായത്തോടെ പരിഹരിക്കണം. എ.ഡി.എം, ഡി.എം.ഒ, എന്‍.എച്ച്.എം ഡി.പി.എം തുടങ്ങിയവര്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറണം.
ആറന്മുളയിലെ സംഭവത്തിൽ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആർ.ഡി.ഒ, ഡി.എം.ഒ എന്നിവരെ ചുമതലപ്പെടുത്തി. ഗതാഗത സൗകര്യത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്നതും അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ ഉണ്ടോ എന്നതും യോഗത്തില്‍ വിലയിരുത്തി.
ഗതാഗത സൗകര്യം സുഗമമാക്കുന്നതിനായി താലൂക്ക്തലത്തില്‍ 10 ആംബുലന്‍സും ബ്ലോക്ക് തലത്തിൽ 10 ആംബുലന്‍സും സജ്ജീകരിക്കാന്‍ നിര്‍ദേശം നൽകി. നിലവില്‍ താലൂക്കുകളിലും ബ്ലോക്ക്തലത്തിലുമായി 18 ആംബുലന്‍സുകളാണ് ഉള്ളത്.
ഇതിനുപുറമേയാണ് 20 ആംബുലന്‍സുകള്‍ ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. സ്രവശേഖരണം ബ്ലോക്ക് തലങ്ങളില്‍ കേന്ദ്രീകരിക്കും. രാത്രിയില്‍ രോഗികളെ എത്തിക്കാന്‍ കഴിയാതെവരുമ്പോള്‍ കൂടുതല്‍ രോഗികളെ പകല്‍ അഡ്മിറ്റ് ചെയ്യേണ്ടതായിവരും.
ഇതിനായി കൂടുതല്‍ ആംബുലന്‍സുകള്‍ ആവശ്യമായി വരുന്നതിനാല്‍ ഉടൻ 20 ആംബുലന്‍സുകള്‍ ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനോടകം പത്തനംതിട്ട ഇടത്താവളത്തിലെ നാല് ആംബുലന്‍സുകള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.
എ.ഡി.എം അലക്സ് പി.തോമസ്, സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, അസി. കലക്ടര്‍ വി.ചെല്‍സ സിനി, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍.എച്ച്.എം ഡി.പി.എം ഡോ. എബി സുഷന്‍, തഹസില്‍ദാര്‍മാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.