വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി മാല കവർന്നു; പ്രതികൾ പിടിയിൽ
text_fieldsപത്തനംതിട്ട : ഒറ്റക്കുതാമസിക്കുന്ന വയോധികയുടെ വീട്ടിൽ രാത്രി അതിക്രമിച്ചുകടന്ന് മാല പിടിച്ചുപറിച്ച പ്രതികളെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു.
കലഞ്ഞൂർ പുത്തൻവീട്ടിൽ അനൂപ് (22), കുന്നിട ചെളിക്കുഴി നെല്ലിവിളയിൽ വീട്ടിൽ ഗോകുൽ കുമാർ (28) എന്നിവരെയാണ് പ്രത്യേക സംഘം പിടികൂടിയത്. ഒറ്റക്ക് താമസിക്കുന്ന കഞ്ചോട് സ്വദേശിനി തങ്കമ്മ (78) കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ഉറങ്ങവേ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് ഭീഷണിപ്പെടുത്തി മോഷ്ടാക്കൾ മാല പറിച്ചെടുക്കുകയായിരുന്നു. ഒന്നരപ്പവൻ തൂക്കമുള്ള സ്വർണമാലയാണ് പ്രതികൾ കവർന്നത്.
ഭയന്നുപോയ തങ്കമ്മ പിറ്റേന്ന് ബന്ധുക്കളുടെ വീട്ടിലെത്തി വിവരം ധരിപ്പിച്ചു. ബന്ധുക്കൾ കൂടൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും, തങ്കമ്മയുടെ മൊഴിപ്രകാരം പൊലീസ് കേസെടുക്കുകയുമായിരുന്നു. തുടർന്ന് എസ്.ഐ കെ.ആർ. ഷെമിമോളുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു.
കോന്നി ഡി വൈ.എസ്.പി നിയാസിന്റെ മേൽനോട്ടത്തിലും കൂടൽ പൊലീസ് ഇൻസ്പെക്ടർ എം.ജെ. അരുണിന്റെ നേതൃത്വത്തിലും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തുടർന്നാണ് ഒളിവിൽ കഴിഞ്ഞ പ്രതികളെ ജില്ല പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പെരുമ്പാവൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്. അനൂപ് മുമ്പും മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ട്.
ഇയാൾക്കെതിരെ കാപ്പ പ്രകാരമുള്ള നിയമനടപടികൾ തുടർന്നുവരുന്നതിനിടെയാണ് പിടിയിലായിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ മാല, വിറ്റ കടയിൽ നിന്നും പൊലീസ് കണ്ടെടുത്തു.
പ്രത്യേക അന്വേഷണസംഘത്തിൽ എസ്.ഐ ഷെമിമോളെ കൂടാതെ എസ്.ഐ ചന്ദ്രമോഹൻ, എ.എസ്.ഐ വാസുദേവകുറുപ്പ്, പൊലീസ് ഉദ്യോഗസ്ഥരായ അനികർമ, വിൻസന്റ് സുനിൽ, ഷാജഹാൻ, സുനിൽ, ഗോപകുമാർ എന്നിവരാണ് സംഘത്തിൽഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.