കൊടുമൺ റൈസ് മില്ലിൽ ട്രയൽറൺ ഉടൻ
text_fieldsകൊടുമൺ: ത്രിതല പഞ്ചായത്തുകളുടെ ഉടമസ്ഥതയിൽ നിർമിക്കുന്ന സംസ്ഥാനത്തെ ആദ്യ റൈസ് മിൽ ട്രയൽ റണ്ണിന്റെ വക്കിലേക്ക്.
കൊടുമണ്ണിൽ തുടങ്ങുന്ന റൈസ് മില്ലിന്റെ കെട്ടിട നിർമാണം പൂർത്തിയായി. യന്ത്രോപകരണങ്ങളും സ്ഥാപിച്ചു. പ്രതിദിനം രണ്ട് ടൺ നെല്ല് സംസ്കരിച്ച് അരിയാക്കി മാറ്റാൻ ശേഷിയുള്ള മില്ലാണ് സ്ഥാപിക്കുന്നത്. യന്ത്രങ്ങളുടെ ട്രയൽറൺ ഉടൻ തുടങ്ങും. ഒരുകോടി രൂപയാണ് മൊത്തം ചെലവ്.
ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ വരുന്ന മില്ലിന് പറക്കോട് ബ്ലോക്ക് പഞ്ചായത്തും കൊടുമൺ പഞ്ചായത്തും സാമ്പത്തിക സഹായംനല്കും. കൊടുമൺ പഞ്ചായത്തിന്റ ഉടമസ്ഥതയിൽ ഒറ്റത്തേക്കിലെ സ്ഥലത്താണ് മില്ല്. കർഷകർ ഉൽപാദിപ്പിക്കുന്ന നെല്ല് കുത്തി അരിയും മറ്റ് മൂല്യവർധിത ഉൽപന്നങ്ങളും ഇവിടെ നിർമിക്കും. മധ്യതിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള പ്രദേശങ്ങളാണ് കൊടുമൺ, വള്ളിക്കോട് പഞ്ചായത്തുകൾ. ഇവിടെ ഉൽപാദിപ്പിക്കുന്ന നെല്ല് കർഷകരുടെ നേതൃത്വത്തിൽ സംസ്കരിച്ച് പുതിയ സംരംഭം തുടങ്ങുന്നതിലൂടെ നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ കഴിയും.
കൊടുമണ്‍ ഫാര്‍മേഴ്സ് സൊസൈറ്റി സഹകരണ സംഘം വഴിയാണ് നെല്ല് സംഭരണം നടക്കുന്നത്. നിലവിൽ കുമരകത്തെ മില്ലിൽനിന്നാണ് അരിയാക്കുന്നത്. കൊടുമണ്ണിൽ സ്വന്തം മില്ല് വരുന്നതോടെ കൂടുതൽ നെല്ല് എടുക്കാൻ കഴിയും. മറ്റു സ്ഥലങ്ങളിലുള്ളവർക്കും ഇവിടെയെത്തി നെല്ല് കുത്തി അരിയാക്കാവുന്നതുമാണ്.
400 ഏക്കറിൽ നെൽകൃഷി
ഗുണമേന്മയുള്ള അരി ലഭ്യമാക്കുന്നതിനായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങിയതാണ് കൊടുമണ്‍ റൈസ് എന്ന ബ്രാന്‍ഡ്. തവിടോടുകൂടിയ അരി മലയാളികള്‍ക്ക് ലഭിക്കാനായി കൊടുമണ്ണിലെ വിവിധ പാടശേഖരങ്ങളിൽ കൃഷിയിറക്കിയിട്ടുണ്ട്. 400 ഏക്കറിലാണ് ഇപ്പോള്‍ നെൽകൃഷി ചെയ്യുന്നത്.
കൊടുമണ്‍ ഫാര്‍മേഴ്സ് സൊസൈറ്റിയും ത്രിതല പഞ്ചായത്തും കൃഷിഭവനും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവിജയത്തിന്റെ മാതൃകയാണ് കൊടുമണ്ണില്‍ കാണുന്നത്. തവിടോടുകൂടിയ കൊടുമണ്‍ റൈസ് വിപണിയില്‍ പ്രിയപ്പെട്ടതായി ഇതിനോടകം മാറിയിട്ടുണ്ട്. കൂടുതല്‍ ആള്‍ക്കാരെ നെല്‍കൃഷിയിലേക്ക് ആകര്‍ഷിക്കാനും കൂടൂതല്‍ തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാക്കാനും കൂടിയാണ് കൊടുമണ്‍ റൈസ് എന്ന സംരംഭത്തിലേക്ക് നയിച്ചത്.
12 ടൺ അരിയുമായി തുടക്കം
2019 ലാണ് 12ടണ്‍ അരിയുമായി കൊടുമണ്‍ റൈസിന്റെ ആദ്യ വിപണനം ആരംഭിക്കുന്നത്. ത്രിതല പഞ്ചായത്തിന്റെ സഹായത്തോടെ കൊടുമണ്‍ റൈസിന്റെ നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപ ജില്ല സഹകരണ ബാങ്ക് വായ്പയായി അനുവദിച്ചു.
ഉമ, ജ്യോതി എന്നീ ഇനങ്ങളാണ് പ്രധാനമായും വിപണനം നടത്തുന്നവ. വിത മുതൽ കൊയ്ത്തുവരെ യന്ത്രസഹായത്തോടെയാണ് നടക്കുന്നത്.
അപ്പർ കുട്ടനാട് പിന്നിട്ടാൽ ജില്ലയിൽ ഏറ്റവുമധികം നെൽകൃഷിയുണ്ടായിരുന്ന സ്ഥലമായിരുന്നു കൊടുമൺ. ഭൂരിഭാഗം വയലും കാലക്രമത്തിൽ തരിശായി മാറി.
കഴിഞ്ഞ നാലുവർഷം കൊണ്ടാണ് പാടങ്ങൾ വീണ്ടും കതിരണിഞ്ഞത്. കോയിക്കൽ പടി, തേവന്നൂർ, മുണ്ടയ്ക്കൽ, ചേന്നങ്കര, തൂമ്പാമുഖം, മംഗലത്ത്, കൊന്നക്കോട്, പെരുങ്കുളം, മുണ്ടുകോണം, വെട്ടിക്കുളം, ചേരുവ, മണക്കാട് തുടങ്ങിയ പാടശേഖരങ്ങളിലെല്ലാം കൃഷിചെയ്യുന്നു.
ഒട്ടേറെ ഉൽപന്നങ്ങൾ
അരിക്കൊപ്പം അപ്പപ്പൊടി, പുട്ടുപൊടി, ഇടിയപ്പപ്പൊടി എന്നിങ്ങനെ ഒട്ടേറെ അരിയുൽപന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്. ഒപ്പം പ്രാദേശികമായി സംഭരിക്കുന്ന കപ്പ, ചക്ക എന്നിവ സംസ്കരിച്ച് വിവിധ ഉൽപന്നങ്ങളും വിപണിയിൽ എത്തിക്കുന്നു. രക്തശാലി, നവര തുടങ്ങി നാടൻ ഔഷധ നെല്ലിനങ്ങൾ കൃഷിചെയ്യുന്നവരുമുണ്ട്. തവിട്, തവിട് കേക്ക്, കർക്കടക കഞ്ഞിക്കൂട്ട് എന്നിങ്ങനെ കൊടുമൺ ബ്രാൻഡിലെ മൂല്യവർധിത അരിയുൽപന്നങ്ങളും ലഭ്യമാണ്. ‘രുചീസ്’ എന്ന ബ്രാന്‍ഡില്‍ വാഴപ്പിണ്ടി അച്ചാറും ജ്യൂസും ചക്ക ഉല്പന്നങ്ങള്, അവല്, അച്ചപ്പം തുടങ്ങി വിവിധ വിഭവങ്ങളും അനുബന്ധമായി വിൽക്കുന്നുണ്ട്. കൊടുമണ്ണിൽ കൃഷിവകുപ്പ് നേതൃത്വത്തിൽ ഇക്കോ ഷോപ്പും പ്രവർത്തിക്കുന്നു.
ഒരുകിലോ അരിക്ക് 65 രൂപയാണ് വില. 5, 10 കിലോ പാക്കറ്റുകളിലും ലഭ്യമാണ്. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ ഔട്ട്ലറ്റും പ്രവർത്തിക്കുന്നുണ്ട്. ഇത്തവണയും ഓണത്തിന് നല്ല വിൽപന പ്രതീക്ഷിക്കുന്നതായി കൊടുമണ്‍ ഫാര്‍മേഴ്സ് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.