പരീക്ഷണമായി പരിഷ്കാരം; താളം തെറ്റി ഡ്രൈവിങ് പരീക്ഷ
text_fieldsപത്തനംതിട്ട: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സംസ്ഥാന വ്യാപക പ്രതിഷേധം വ്യാഴാഴ്ച രാവിലെ ജില്ലയിലും അലയടിച്ചു. പത്തനംതിട്ടയിൽ യൂനിയനുകളുടെ നേതൃത്വത്തിൽ ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള പ്രവേശന കവാടം ഉപരോധിച്ചു. പ്രതിഷേധത്തെതുടർന്ന് പരീക്ഷ നടത്താതെ അടൂരിൽ അധികൃതർ തിരിച്ചുപോയി. തിരുവല്ല, റാന്നി ഗ്രൗണ്ടുകളിലും പ്രതിഷേധം ഇരമ്പിയതോടെ ടെസ്റ്റ് നടന്നില്ല. അതേസമയം, ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന മല്ലപ്പള്ളി, കോന്നി എന്നിവിടങ്ങളിൽ പ്രതിഷേധം നടക്കുമെന്ന് സംയുക്ത സമര സമിതി ഭാരവാഹികൾ അറിയിച്ചു. പുതിയ വ്യവസ്ഥകൾ അടങ്ങിയ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് സംഘടനകളിൽ പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്കൂൾ സ്കൂളുകളുടെ സംയുക്ത സമര സമിതിയാണ് പ്രക്ഷോഭ രംഗത്തുള്ളത്. സമരത്തിന്റെ ഭാഗമായി ഡ്രൈവിങ് ടെസ്റ്റുകൾ തടഞ്ഞ് ആർ.ടി. ഓഫിസ് സംബന്ധമായ സേവനങ്ങൾ , ഡ്രൈവിങ് പരിശീലനം അടക്കം നിർത്തിവെച്ചിരിക്കുകയാണെന്ന് സമര സമിതി അറിയിച്ചു. സർക്കുലർ പൂർണമായി പിൻവലിക്കും വരെ സമരം തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്തനംതിട്ട ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന പ്രതിഷേധം ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയൻ(സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ് ഷിജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ജയൻ ,സോമൻ പിള്ള, നിഷാദ്, കീർത്തി, അബു ,മാത്യു, മോഹനൻ,ആശാ റാണി എന്നിവർ നേതൃത്വം നൽകി.
കാലിൽ ഗിയറുള്ള ഇരുചക്ര വാഹനം വേണം
ഡ്രൈവിങ് ടെസ്റ്റിൽ പുതിയ പരിഷ്കാരങ്ങൾ അടങ്ങിയ സർക്കുലർ 2024 ഫെബ്രുവരി 21നാണ് ഗതാഗത വകുപ്പ് പുറത്തിറക്കിയത്. മേയ് ഒന്നുമുതൽ ഡ്രൈവിങ് ടെസ്റ്റിന് കാലിൽ ഗിയറുള്ള ഇരുചക്രവാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് പുതിയ പരിഷ്കാരം. കൂടാതെ 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പരിശീലത്തിനോ ടെസ്റ്റിനോ ഉപയോഗിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.
ടെസ്റ്റിലും പരിശീലനത്തിനും പോകുന്ന വാഹനങ്ങളിൽ കാമറയും ജി.പി.എസ് വേണം. ടെസ്റ്റ് വരുന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റം പരിശോധിക്കാനാണ് വാഹനത്തിൽ കാമറ എന്നാണ് ഗതാഗതമന്ത്രിയുടെ വാദം. ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ സ്വകാര്യ വാഹനങ്ങളിൽ കാമറ സ്ഥാപിക്കേണ്ടതിന്റെ യുക്തി സംഘടനകൾ ചോദ്യം ചെയ്തിട്ടുണ്ട്. ഡ്രൈവിങ് പരിശീലനവും ടെസ്റ്റിനും ഇലക്ട്രിക് ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല.
പരീക്ഷാർഥികളെ ബാധിക്കുന്നു
നിലവിൽ ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞാൽ മൂന്നു മാസത്തിനുശേഷമാണ് ഡ്രൈവിങ് ടെസ്റ്റ് കിട്ടുന്നത്. പുതിയ പരിഷ്കാര പ്രകാരം ലേണേഴ്സ് പരീക്ഷ കഴിഞ്ഞവർക്ക് ടെസ്റ്റിനുള്ള തീയതി വേഗം കിട്ടുന്നില്ല. മുൻ കൂട്ടി നൽകിയ തീയതികളെല്ലാം വെട്ടി ചുരുക്കിയിരിക്കുകയാണ്. ഇത് വിദേശത്ത് ജോലിക്ക് പോകുന്നവരെയും മറ്റു സംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്നവരെയും ബാധിക്കുന്നു.
പരിഷ്കാരങ്ങൾക്ക് എതിരല്ലെന്ന് സമര രംഗത്തുള്ളവർ
ടെസ്റ്റ് പരിഷ്കാരങ്ങൾക്ക് എതിരല്ലെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. എന്നാൽ, അടിസ്ഥാന സൗകര്യം ഒരുക്കി തരാതെയാണ് മോട്ടോർ വാഹന വകുപ്പ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി തരേണ്ടത് മോട്ടോർ വാഹന വകുപ്പാണ്. ടെസ്റ്റ് നടത്തേണ്ട സ്ഥലം അതിനായി വൃത്തിയാക്കേണ്ടതും മോട്ടോർ വാഹന വകുപ്പാണ്. എന്നാൽ സ്ഥലം ഡ്രൈവിങ് സ്കൂളുകൾ തന്നെ കണ്ടെത്തി അവരുടെ ചിലവിൽ നവീകരിക്കണം എന്നാണ് ഗതാഗത മന്ത്രി പറയുന്നത്. ഇതിനായി മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ മേൽ സമ്മർദം ചെലുത്തി ഡ്രൈവിങ് സ്കൂളുകളെ പീഡിപ്പിക്കുകയാണ്. കേന്ദ്ര മോട്ടോർ നിയമത്തിന് വിരുദ്ധമായ നിയമമാണ് കേരളത്തിൽ ഗതാഗത വകുപ്പ് ഡ്രൈവിങ് സ്കൂളുകളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സമര സമിതി പറയുന്നു.
സമരം രണ്ടാം ഘട്ടം
പരിഷ്കാരങ്ങൾക്കെതിരെ ഫെബ്രുവരി മുതൽ സമര സമിതി നേതൃത്വത്തിൽ സമരത്തിലാണ്. സമരത്തിന്റെ ആദ്യഘട്ടമായി സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരുന്നു. എന്നാൽ, പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചതോടെയാണ് സമ്പൂർണ ബഹിഷ്കരണവുമായി രണ്ടാം ഘട്ട സമരം തുടങ്ങിയത്.
ഈ നിയമങൾ മറ്റ് ഒരു സംസ്ഥാനങ്ങളിലും നടപ്പാക്കിയിട്ടില്ലെന്നും കേരളത്തിൽ മാത്രം നടപ്പാക്കുന്നതിന്റെ ഉദ്ദേശവും സമരസമിതി ചോദ്യം ചെയ്യുന്നു. കോർപറേറ്റുകളെ ഈ മേഖലയിലേക്ക് കൊണ്ടുവരാൻ പ്രത്യേക താൽപര്യം ഗതാഗത മന്ത്രി കാണിക്കുന്നുണ്ടോ എന്ന സംശയവും ഇവർ ഉയർത്തുന്നു. സർക്കുലർ പിൻവലിക്കും വരെ സമരം തുടരാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.