മൈലപ്ര പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് സീറ്റ് പിടിച്ചെടുത്ത് യു.ഡി.എഫ്; എൽ.ഡി.എഫ് ഭരണം തുലാസിൽ
text_fieldsപത്തനംതിട്ട: മൈലപ്ര പഞ്ചായത്തിലെ അഞ്ചാം വാര്ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് പിടിച്ചെടുത്തതോടെ ഭരണസമിതിയായ എൽ.ഡി.എഫിന്റെ നില പരുങ്ങലിൽ. വാശിയേറിയ മത്സരത്തിനൊടുവിൽ ഫലം വന്നപ്പോൾ കോൺഗ്രസ് അംഗമായ ജെസി വർഗീസ് 76 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയായ ജെസി വർഗീസിന് 230 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥിയായ ഷെറിൻ ബി.ജോസഫിന് 154 വോട്ടും ബി.ജെ.പി സ്ഥാനാർഥി റിൻസി രാജുവിന് 146 വോട്ടും ലഭിച്ചു. 2020ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 236, യു.ഡി.എഫ് -192, ബി.ജെ.പി -52 എന്നിങ്ങനെയായിരുന്നു വോട്ടുകൾ ലഭിച്ചത്. വാർഡിൽ 772 വോട്ടർമാരാണുള്ളത്.
13അംഗ പഞ്ചായത്തിൽ ജയത്തോടെ കക്ഷിനില യു.ഡി.എഫ് -6, എൽ.ഡി.എഫ്- 5, ബി.ജെ.പി-1, സ്വതന്ത്രൻ-1 എന്ന നിലയിലായി. 15 വർഷമായി തുടർച്ചയായി സി.പി.എം വിജയിച്ചുവന്ന വാർഡാണിത്. വാർഡ് അംഗമായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ ചന്ദ്രിക സുനിലിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
15 വർഷമായി എൽ.ഡി.എഫ് ഭരണത്തിലുള്ള മൈലപ്ര സഹകരണ ബാങ്കിലെ കോടികളുടെ അഴിമതി ഈ തെരഞ്ഞെടുപ്പിൽ നിർണായക വിഷയമായിരുന്നു. മന്ത്രി വീണ ജോർജ് ഉൾപ്പെടെയുള്ളവർ ഇടത് സ്ഥാനാർഥിക്കുവേണ്ടി വോട്ട് തേടിയിരുന്നു.
സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ ഭരണം നിലനിർത്താൻ സി.പി.എം ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസിനാണ് കൂടുതൽ സാധ്യത. സ്വതന്ത്ര അംഗം മാത്യു വർഗീസിന്റെ പിന്തുണയോടുകൂടി ഭരണം ലഭിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. സ്വതന്ത്ര അംഗത്തിന് വൈസ് പ്രസിഡന്റ് സ്ഥാനംനൽകി ഭരണം പിടിക്കാൻ കോൺഗ്രസ് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മൂന്നാംവാർഡിൽനിന്ന് കോൺഗ്രസ് റെബലായി മത്സരിച്ച് ജയിച്ച ആളാണ് മാത്യു വർഗീസ്. എൽ.ഡി.എഫ് ഇദ്ദേഹെത്ത വൈസ് പ്രസിഡന്റാക്കി ഒപ്പംനിർത്തുകയായിരുന്നു. എൽ.ഡി.എഫിനൊപ്പംനിന്നാൽ കക്ഷിനില തുല്യമായി നറുക്കെടുപ്പ് വേണ്ടിവരും. യു.ഡി.എഫിന് പിന്തുണ നൽകിയാൽ കക്ഷിനില ഏഴ് ആകുകയും മാത്യു വർഗീസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിക്കും. മൈലപ്ര പഞ്ചായത്ത് ഭരണം വർഷങ്ങളായി കോൺഗ്രസിനായിരുന്നു . കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ഭരണം നഷ്ടമായത്. ഫലം കോൺഗ്രസിന്റെ ജില്ല നേതൃത്വത്തിനും യു.ഡി.എഫിനും തെല്ലൊരു ആശ്വാസമല്ല നൽകുന്നത്.
അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ജില്ലയിലെങ്ങും യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിക്കാത്ത സാഹചര്യമായിരുന്നു. കോൺഗ്രസിലെ തമ്മിലടി മൂർച്ഛിച്ച സാഹചര്യത്തിൽ കൂടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം അനുകൂലമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.