വിസ്മരിക്കാനാകാതെ കെ.കെ. നായരുടെ ഭാവനപൂർണമായ പദ്ധതികൾ
text_fieldsഭാവനപൂർണമായ പലപദ്ധതികളും രൂപംകൊണ്ടത് കെ. കെ. നായരുടെ കാലത്താണ്. എന്നാൽ, അദ്ദേഹത്തിനുശേഷം വികസനകാര്യത്തിൽ എടുത്തുപറയാവുന്ന നേട്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ജന പ്രതിനിധികളും മന്ത്രിമാരും മാറിമാറി വന്നിട്ടും ജില്ലയുടെ സ്ഥിതി പരിതാപകരമായി തുടരുന്നു.
ജില്ല ആസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ആർക്കും ലജ്ജതോന്നും. തുടങ്ങിവെച്ച പല പദ്ധതികളും ഇപ്പോഴും പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നു. ചിലത് കടലാസ് പദ്ധതികളായും കിടപ്പുണ്ട്. പക്ഷേ, പ്രഖ്യാപനങ്ങൾക്ക് ഒരുകുറവും ഇല്ല. ജില്ല ആസ്ഥാനം ഉൾപ്പെടുന്ന ആറൻമുള മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയാൽ ദയനീയ അവസ്ഥ വ്യക്തമാകും. ജില്ല ആസ്ഥാനത്ത് വന്നാൽ നഗരസഭ ബസ്സ്റ്റാൻഡിന്റെ അവസ്ഥയാണ് ദയനീയം. ദീർഘനാളായി ഇത് തകർന്ന് കിടക്കയാണ്. ജില്ല സ്റ്റേഡിയം വികസനം എങ്ങുമെത്താതെ കിടക്കുന്നു.
ഇതിൽ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ചുള്ള സ്റ്റേഡിയം നിർമാണം വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണെങ്കിലും കുറെഭാഗത്ത് പൈലിങ് നടത്തുക മാത്രം ചെയ്തു. ഇേപ്പാൾ ആ ഭാഗങ്ങൾ തിരിച്ചറിയാൻകഴിയാത്ത വിധം കാടുമൂടി കിടപ്പുണ്ട്. സംസ്ഥാന സർക്കാറിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള സ്റ്റേഡിയം വികസനവും വർഷങ്ങളായിട്ടും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
പണികൾ അടുത്ത ആഴ്ച, ഈ മാസം തുടങ്ങുമെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിക്കാറുണ്ടെന്നു മാത്രം. അബാൻ മേൽപാലം നിർമാണം ഡിസംബറിൽ പൂർത്തിയാകുമെന്നാണ് അവസാനം പറഞ്ഞത്. എന്നാൽ, ഏതാനും തൂണുകളിൽ ഒതുങ്ങി പണികൾ ഇഴഞ്ഞ് നീങ്ങുന്നു. ശബരിമല സീസൺകൂടി തുടങ്ങുന്നതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് വർധിക്കും. വർഷങ്ങൾക്ക് മുമ്പ് സ്റ്റേഡിയത്തിന് സമീപം തറക്കല്ലിട്ട ആധുനിക മത്സ്യ മാർക്കറ്റിന്റെ ശിലാഫലകം എവിടെയാണന്നുപോലും ഇപ്പോൾ ആർക്കും അറിയില്ല.
മറ്റൊരു വലിയ പദ്ധതിയായിരുന്നു സുബല പാർക്ക് നിർമാണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൊട്ടിഗ്ഘോഷിച്ച് അവിടുത്തെ ഓഡിറ്റോറിയം ഉദ്ഘാടനം നടത്തി അധികൃതർ പോയതാണ്. പിന്നെ ആരും തിരിഞ്ഞുനോക്കിയിട്ടില്ല. പാർക്കിന്റെ പണി മുടങ്ങി അവിടമാകെ കാടുപിടിച്ച് കിടക്കുന്നു. ജില്ല ആസ്ഥാനത്തെ റോഡുകളുടെ അവസ്ഥ പറയാനേ വയ്യ. കാൽനടപോലും പറ്റാതെ തകർന്ന് കിടക്കുന്നു. ജില്ല പി.എസ്.സി ഓഫിസ് നിർമാണം, കോടതി സമുച്ചയം തുടങ്ങി നിരവധി പദ്ധതികളാണ് നടപ്പാകാതെ കിടക്കുന്നത്. മണ്ഡലത്തിൽപെട്ട കോഴഞ്ചേരി പാലം നിർമാണം തൂണുകളിൽ ഒതുങ്ങിയിട്ട് വർഷങ്ങളാകുന്നു. ഇനിയും പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ ഇപ്പം ശരിയാക്കുമെന്ന് പറഞ്ഞ് ഇതിൽ പലതും പൊടിതട്ടിയെടുത്ത് വീണ്ടും കൊണ്ടുവരുമെന്നു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.