വടശ്ശേരിക്കര, കൊടുമൺ സ്മാര്‍ട്ട് വില്ലേജ് ഓഫിസുകൾ നാടിന് സമർപ്പിച്ചു
text_fieldsപത്തനംതിട്ട: വടശ്ശേരിക്കര, കൊടുമൺ സ്മാര്‍ട്ട് വില്ലേജ് ഓഫിസുകൾ റവന്യൂ മന്ത്രി കെ. രാജൻ നാടിന് സമർപ്പിച്ചു. ഭൂപരിഷ്കരണ നിയമം ലംഘിച്ച് സര്‍ക്കാറിനെ കബളിപ്പിച്ച് കൈവശംവെച്ച ഭൂമി പിടിച്ചെടുത്ത് സാധാരണക്കാരന് വിതരണം ചെയ്യുമെന്ന് വടശ്ശേരിക്കര സ്മാര്‍ട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു.
ഭൂരഹിതന് ഭൂമിയുടെ അവകാശം നല്കാൻ നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടി വന്നാലും അത് ചെയ്യുമെന്നതാണ് സര്‍ക്കാര്‍ നയം. കാലങ്ങളായി നിലനിന്ന എയ്ഞ്ചല്‍വാലി പ്രശ്നം മേയ്-ജൂണ്‍ മാസത്തോടെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി പരിഹരിക്കും. മലയോരമേഖലയിലെ പട്ടയപ്രശ്നം സമയബന്ധിതമായി പരിഹരിക്കാൻ സംസ്ഥാന സര്‍ക്കാർ ഏറ്റെടുത്തിരിക്കുന്ന പദ്ധതിയാണ് പട്ടയ മിഷന്.
മറ്റേത് വകുപ്പിനേക്കാളും ഏറെ സങ്കീര്‍ണവും പ്രയാസകരവുമായ പ്രശ്നങ്ങള്‍ നേരിടുന്ന വകുപ്പാണ് റവന്യൂ വകുപ്പ്. ഭൂമിസംബന്ധമായ ഒരു പ്രശ്നം റവന്യൂ വകുപ്പിന് മുന്നിലെത്തുമ്പോള്‍ പാര്‍ലമെന്റും നിയമസഭയും പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും മുതൽ മുന്‍സിഫ് കോടതിയുടെ ഇടക്കാല ഉത്തരവുകൾ വരെ പരിശോധിച്ച് മാത്രമേ എന്തെങ്കിലും നടപടി സ്വീകരിക്കാൻ കഴിയൂ. ഇത്തരം സങ്കീര്‍ണപ്രശ്നങ്ങളെ അതിജീവിക്കാൻ റവന്യൂ വകുപ്പിന്റെ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുകയെന്നതാണ് മാര്‍ഗം. അതിനായി ഒന്നാം പിണറായി സര്‍ക്കാർ ആരംഭിച്ച സ്മാര്ട്ട്വത്കരണം റവന്യൂ വകുപ്പ് അജന്‍ഡയായി ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിന്റെ റവന്യൂ രംഗത്തെ പ്രശ്നപരിഹാരത്തിന് മിഷൻ ആന്‍ഡ് വിഷൻ 2021-26 പദ്ധതി തയാറാക്കി. വനഭൂമി പട്ടയ വിതരണത്തിന് കേന്ദ്ര സർക്കാറിന്റെ അനുമതി വേണം. അനുമതി ലഭിച്ച ഭൂമി അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുന്ന നടപടി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. തിരിച്ചുവന്ന അപേക്ഷകൾ പരിശോധിച്ച് ജോയന്റ് വേരിഫിക്കേഷനുള്ള നടപടിയും സ്വീകരിക്കും. ഇനിയും അപേക്ഷ കൊടുക്കാനുള്ളവരെ കണ്ടെത്തും. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എം.പി, കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, മുൻ എം.എൽ.എ രാജു എബ്രഹാം, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹൻ, എ.ഡി.എം ബി. രാധാകൃഷ്ണൻ, തിരുവല്ല സബ്കലക്ടർ സഫ്ന നസറുദ്ദീൻ, ജില്ല പഞ്ചായത്തംഗം ജോര്‍ജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം കോമളം അനിരുദ്ധൻ, വടശ്ശേരിക്കര ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീലു മാനാപ്പള്ളിൽ, ജോര്‍ജുകുട്ടി വാഴപ്പിള്ളേത്ത്, സി.പി.ഐ പ്രതിനിധി ബെഞ്ചമിൻ ജോര്‍ജ് ജേക്കബ്, റാന്നി തഹസില്‍ദാർ പി.ഡി. സുരേഷ്കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.
കൊടുമൺ: റവന്യൂ വകുപ്പിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ നവംബർ ഒന്ന് മുതൽ നടപ്പാക്കുമെന്ന് കൊടുമൺ സ്മാർട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം നിർവഹിച്ച് മന്ത്രി കെ. രാജൻ പറഞ്ഞു. സംസ്ഥാനത്തെ റവന്യൂ ഓഫിസുകളിലെ എല്ലാ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ സുതാര്യതയോടെയും വേഗതയോടെയും പ്രശ്നങ്ങളെ നേരിടാനും സാധാരണക്കാരുടെ അപേക്ഷകളിൽ അതിവേഗം തീർപ്പുകൽപിക്കാനും രേഖകൾ നഷ്ടപ്പെടാതിരിക്കാനും സാധിക്കും. സാധാരണക്കാരന് ഓൺലൈൻ സേവനം ലഭ്യമാക്കാൻ മേയ് മുതൽ റവന്യൂ ഇ-സാക്ഷരത കാമ്പയിൻ ആരംഭിക്കും.
സർവേയർമാരുടെ കുറവ് പരിഹരിക്കാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന് ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് മന്ത്രി മറുപടി നൽകി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ, വൈസ് പ്രസിഡന്റ് ധന്യാദേവി, ജില്ല പഞ്ചായത്ത് അംഗം ബീനാ പ്രഭ, ഗ്രാമപഞ്ചായത്ത് അംഗം എ.ജി. ശ്രീകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഏഴംകുളം നൗഷാദ്, എ. വിജയൻ നായർ, സി. പ്രകാശ്, ഐക്കാട് ഉദയകുമാർ, എ.എം. സലിം, രാജൻ സുലൈമാൻ, എ.ഡി.എം ബി. രാധാകൃഷ്ണൻ, അടൂർ ആർ.ഡി.ഒ എ. തുളസീധരൻ പിള്ള, തഹസിൽദാർ ജി.കെ. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.