വെല്ലുവിളിയായി കൈയേറ്റം; നീർച്ചാൽ നവീകരണം പാതിവഴിയിൽ
text_fieldsപത്തനംതിട്ട: ഹരിതകേരളം മിഷൻ തുടങ്ങിവെച്ച നീർച്ചാലുകളുടെ നവീകരണം പാതിവഴിയിൽ. പ്രകൃതി സംരക്ഷണത്തിനും കാലവർഷക്കെടുതികളിൽനിന്ന് ജനത്തെ രക്ഷിക്കാനും കഴിയുന്നതാണ് നീർച്ചാലുകളുടെ നവീകരണം. ലക്ഷ്യമിട്ടതുപോലെ ഇത് പൂർത്തിയാക്കാൻ കഴിഞ്ഞാൽ പ്രളയക്കെടുതി വലിയ തോതിൽ കുറക്കാം. കുടിവെള്ള പ്രശ്നങ്ങൾക്കും ഇത് പരിഹാരമാകും. കാലവർഷം തുടങ്ങുമ്പോൾ മലവെള്ളത്തിന് ഒഴുകിമാറാൻ വഴികൾ വേണം.
പെയ്ത്തുവെള്ളം നീർത്തടങ്ങളിലെത്തണം. വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് ജില്ലയിൽ 58 നീർച്ചാൽ ഹരിതകേരളം മിഷൻ നേതൃത്വത്തിൽ നവീകരിച്ചു. 33.83 കിലോമീറ്ററാണ് നവീകരിച്ച കനാലുകളുടെ നീളം. മൂന്ന് വലിയ കുളങ്ങൾ നിർമിച്ചു. കിണറുകൾ ശുചിയാക്കി. ഒട്ടേറെ നീർച്ചാലുകൾ നികത്തിയിട്ടുണ്ട്. അവയുടെ വീണ്ടെടുക്കൽ വെല്ലുവിളിയാണ്. രാഷ്ട്രീയ പിന്തുണയിലും ഉദ്യോഗസ്ഥരുടെ ഒത്താശയിലുമാണ് പല സ്ഥലത്തും കൈയേറ്റം എന്നതാണ് കാരണം. പത്തനംതിട്ട നഗരത്തിലടക്കം വയൽ നികത്തൽ ഇപ്പോഴും നിർബാധം നടക്കുകയാണ്. നീർച്ചാലുകളുടെ ആഴംകൂട്ടൽ, ഒഴുക്ക് വീണ്ടെടുക്കൽ, വശങ്ങളിലെ മണ്ണൊലിപ്പ് തടയാൻ കയർഭൂവസ്ത്രം വിരിച്ച് മുളങ്കുറ്റിയും പുല്ലും വെച്ചുപിടിപ്പിക്കൽ എന്നിവയാണ് ഹരിതകേരളം മിഷൻ നടത്തുന്നത്. ഒട്ടേറെ മഴക്കുഴികളും നിർമിച്ചു.
2018ലെ മഹാ പ്രളയമുണ്ടാക്കിയ ദുരിതമാണ് നീർച്ചാലുകളും കുളങ്ങളും കിണറുകളും നവീകരിക്കാനുള്ള പദ്ധതിക്ക് ആധാരം. നദികൾ കരകവിഞ്ഞപ്പോൾ വെള്ളം ഒഴുകിമാറാനുള്ള ചാലുകൾ നികന്നു പോയിരുന്നു. പലതും കൈയേറ്റം ചെയ്യപ്പെട്ടു. തുർന്ന് തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് നിലവിലുള്ളവയുടെ നവീകരണം നടക്കുന്നത്. പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന 15 പഞ്ചായത്തിലെയും പത്തനംതിട്ട നഗരസഭയിലെയും ജലസംരക്ഷണത്തിന് മാപ്പത്തൺ സർവേ നടത്തിയാണ് നീർച്ചാൽ നവീകരണം ആരംഭിച്ചത്. നീർച്ചാൽ നവീകരണം കാലവർഷം തുടങ്ങുന്നതിന് മുമ്പ് പൂർത്തീകരിക്കാൻ കഴിയാത്ത വന്നത് ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ മൂലമാണ്. പദ്ധതി തയാറാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയതും പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ ഉഴപ്പുന്നതും സാമ്പത്തിക പ്രതിസന്ധിയുമാണ് മെല്ലപ്പോക്കിന് കാരണം.
കൈയേറിയ ഭാഗങ്ങൾ വീണ്ടെടുക്കാൻ റവന്യൂ ഉദ്യോഗസ്ഥരുടെ സഹകരണം ആവശ്യമാണ്. എന്നാൽ, ഒത്താശ ചെയ്ത് നേട്ടമുണ്ടാക്കാൻ തക്കം പാർത്തിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇതിലൊന്നും വലിയ താൽപര്യമില്ല എന്താണ് സ്ഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.