ഉത്രട്ടാതി ജലോത്സവം; മണല്‍പ്പുറ്റുകള്‍ നീക്കാൻ 10.50 ലക്ഷം അനുവദിച്ചു
text_fieldsപത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട് പമ്പാനദിയിലെ എക്കലും ചളിയും നീക്കംചെയ്യുന്നതിനായി 10.50 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ജലസേചന വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഉത്രട്ടാതി ജലോത്സവത്തിനായുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വകുപ്പ് ആരംഭിച്ചു. ജലോത്സവത്തിന് എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇരുകരകളിലുമുള്ള ഗാലറികളുടെ അറ്റകുറ്റപ്പണിക്കുമായും 11ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലായുണ്ടായ പ്രളയത്തെ തുടര്‍ന്ന് കടവുകളില്‍ മണ്‍പുറ്റുകള്‍ അടിഞ്ഞുകൂടിയത് പള്ളിയോടങ്ങള്‍ സുരക്ഷിതമായി കടന്നുപോകുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനും സ്വാഭാവിക ആഴം വര്‍ധിപ്പിക്കുന്നതിനും ശ്രമംവേണമെന്ന് മന്ത്രി വീണ ജോര്‍ജും അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എയും ജില്ല ഭരണകൂടവും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ജലസേചനവകുപ്പ് തുക അനുവദിച്ചത്.
പള്ളിയോടങ്ങളുടെ യാത്രക്ക് തടസ്സമായ മണ്‍പുറ്റുകള്‍ എത്രയുംവേഗം നീക്കംചെയ്യും. മത്സരവള്ളംകളിയുടെ നടത്തിപ്പിന് ആവശ്യമായ ജലം എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും വരുംവര്‍ഷങ്ങളില്‍ ഇതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ആറന്മുള വാട്ടര്‍ സ്റ്റേഡിയം സന്ദര്‍ശിച്ചശേഷം മന്ത്രി പറഞ്ഞു.
അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, കലക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജന്, സെക്രട്ടറി പാർഥസാരഥി ആര്.പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് ജി.വെന്പാല, ജോയന്റ് സെക്രട്ടറി പ്രദീപ് ചെറുകോല്‍, റെയ്സ് കമ്മിറ്റി കണ്‍വീനര്‍ പി.ആര്. ഷാജി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എം.കെ. ശശികുമാര്‍, രാധാകൃഷ്ണന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.