കുട്ടികളിൽ വാക്സിനെടുത്തവർ 63 ശതമാനം മാത്രം
text_fieldsപത്തനംതിട്ട: ജില്ലയിൽ 12-17 പ്രായക്കാരിൽ കോവിഡ് പ്രതിരോധ വാക്സിനെടുക്കാത്തവരായി 21,180 കുട്ടികൾ. ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച കണക്കുകളിൽ 12-14 പ്രായക്കാരിൽ 33,203 കുട്ടികളെ ലക്ഷ്യംവെച്ചതിൽ 21,079 കുട്ടികളാണ് ഇതുവരെ ഒരു വാക്സിനെങ്കിലും എടുത്തത്. ബുധനാഴ്ച വരെയുള്ള കണക്കുകളിൽ ഇത് 63ശതമാനമാണ്. 9067 കുട്ടികൾ രണ്ട് ഡോസും സ്വീകരിച്ചു. 27 ശതമാനം. വാക്സിനേഷനെത്തുടർന്ന് കുട്ടികളിലുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളും പനിയുമാണ് രക്ഷിതാക്കളുടെ വിമുഖതക്ക് കാരണം.
പരീക്ഷ കാലയളവിൽ വാക്സിനേഷൻ നിന്നുപോകാൻ തന്നെ ഇതു കാരണമായി. 15-17 പ്രായക്കാരിൽ 48,854 കുട്ടികളെയാണ് ലക്ഷ്യംവെച്ചിരുന്നത്. ഇതിൽ 40,388 കുട്ടികൾ ആദ്യഡോസ് വാക്സിനെടുത്തു. 83 ശതമാനം. 31,215 കുട്ടികൾ രണ്ടുഡോസും സ്വീകരിച്ചപ്പോൾ 64 ശതമാനം. വാക്സിനെടുക്കാത്ത കുട്ടികളിൽ കോവിഡ് രോഗം പകരാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. അടുത്ത ഒരുതരംഗം ഉണ്ടായാൽ അത് കുട്ടികളെ ബാധിക്കുമെന്നതിനാൽ വാക്സിനേഷൻ കൂട്ടേണ്ടതിെൻറ ആവശ്യകതയിലേക്ക് ആരോഗ്യവകുപ്പ് ശ്രദ്ധ ചെലുത്തിത്തുടങ്ങിയിട്ടുണ്ട്.
സ്കൂളുകളിലെത്തി വാക്സിനേഷൻ ആരംഭിക്കണമെന്ന നിർദേശം ഉണ്ടായെങ്കിലും ഡോക്ടർമാരുടെ സംഘടനായ കെ.ജി.എം.ഒ.എയും നഴ്സസ് സംഘടനകളും എതിർത്തിരുന്നു. നിലവിലെ ജീവനക്കാരുടെ കുറവാണ് ഇവരുന്നയിക്കുന്ന പ്രധാന പ്രശ്നം, കോവിഡ്-പ്രതിരോധവുമായി ബന്ധപ്പെട്ട് നിയമിച്ചിരുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കടുത്ത ആൾക്ഷാമമാണ് നേരിടുന്നത്. സ്കൂൾ തുറക്കുന്നതിന് മുമ്പ് കുട്ടികളുടെ വാക്സിനേഷനുവേണ്ടി സ്പെഷൽ ഡ്രൈവ് നടത്തിയെങ്കിലും മിക്ക രക്ഷിതാക്കളും വിമുഖത കാട്ടുകയായിരുന്നു. ബോധവത്കരണം നടത്തിയിട്ടും ഫലമുണ്ടായില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.