വാക്സിന് നയം പരിഗണനയില്‍ -മന്ത്രി വീണ ജോര്‍ജ്
text_fieldsപത്തനംതിട്ട: വാക്സിന് നയരൂപവത്കരണം സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അഞ്ചു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കുള്ള പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇത് സംബന്ധിച്ച് നടത്തിയ പഠനറിപ്പോര്‍ട്ടുകള്‍ ആരോഗ്യവകുപ്പ് പരിശോധിച്ച് വരുകയാണെന്നും മന്ത്രി പറഞ്ഞു.
വാക്സിനേഷനെതിരെ നടത്തുന്ന ദുഷ്പ്രചാരണം ആരോഗ്യമേഖലയിലുള്ള മുന്നേറ്റം തടയുന്നത് ലക്ഷ്യംവെച്ചാണ്. ഇത്തരം തെറ്റായ വിവരങ്ങള്‍ ആരോഗ്യമേഖലയെ തന്നെ പിന്നോട്ട് നയിക്കാന്‍ കാരണമാകും. ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 30 വയസ്സിനു മേലെയുള്ള എല്ലാവര്ക്കും വാര്‍ഷിക ആരോഗ്യ പരിശോധന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ആശാപ്രവര്‍ത്തകര്‍ ഭവനസന്ദർശനം നടത്തി ശൈലീ ആപ്പുവഴി വിവരശേഖരണം നടത്തിവരുന്നു.
എല്ലാ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്കി അവരെ സുരക്ഷിതരാക്കണമെന്ന ഓര്‍മപ്പെടുത്തലാണ് സംസ്ഥാനതലത്തില്‍ നടക്കുന്ന ഇമ്യൂണൈസേഷന് പ്രോഗ്രാം കൊണ്ടുദ്ദേശിക്കുന്നത്.
അഞ്ച് വയസ്സിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമാക്കിയിട്ടുള്ളത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 46,942 വളന്റിയര്‍, 1564 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയില്‍ സേവനമനുഷ്ഠിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ തുള്ളിമരുന്ന് നല്കാന് സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഭവന സന്ദര്‍ശന വേളയില്‍ തുള്ളിമരുന്ന് നല്‍കുന്നതാണ്.
സ്കൂളുകള്‍, അംഗൻവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാൻഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അന്തർസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം ചെയ്തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന് സംഘടിപ്പിച്ചിട്ടുള്ളത്.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. കുടുംബക്ഷേമ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി വിഷയാവതരണം നടത്തി. കലക്ടര്‍ എ. ഷിബു, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, സ്റ്റേറ്റ് മാസ് എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ കെ.എന്‍. അജയ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ജില്ല മെഡിക്കല്‍ ഓഫിസ് ആര്.സി.എച്ച് ഓഫിസര്‍ കെ.കെ. ശ്യാംകുമാര്‍, ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്.എം. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.