കാത്തിരിപ്പിന് വിരാമം; ചിറ്റാര്‍ എസ്റ്റേറ്റ് വാങ്ങിയവരിൽനിന്ന് കരം സ്വീകരിച്ചുതുടങ്ങി
text_fieldsവടശ്ശേരിക്കര: വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിറ്റാര്‍ എസ്റ്റേറ്റ് വാങ്ങിയ ഭൂഉടമകളില്‍നിന്ന് കരം സ്വീകരിച്ചുതുടങ്ങി. തിങ്കളാഴ്ച് ഉച്ചക്ക് 12ന് ചിറ്റാര്‍ വില്ലേജ് ഓഫിസില്‍ കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ എന്നിവര്‍ നേരിട്ടെത്തി കരം സ്വീകരിക്കാനുള്ള സർക്കാർ ഉത്തരവ് വില്ലേജ് ഓഫിസര്‍ എസ്. സുനില്‍കുമാറിന് കൈമാറി.
തുടര്‍ന്ന് കലക്ടര്‍ തന്നെ ആദ്യ അപേക്ഷ വാങ്ങി കരമടച്ച രസീത് ഭൂഉടമക്ക് നല്കി. ഒലിപുറത്ത് വീട്ടില്‍ കമലാസനനാണ് രസീത് നൽകിയത്. ചടങ്ങില്‍ ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് സജികുളത്തുങ്കല്‍, കോന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍ സന്തോഷ് കുമാര്‍, ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ മഞ്ചുഷ, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജി മോഹന്‍, നബീസത്ത് ബീവി, ചിറ്റാര്‍ പഞ്ചായത്ത് അംഗങ്ങളായ പി.ആര്. തങ്കപ്പന്, അമ്പിളി ഷാജി, ആദര്‍ശ വര്‍മ, നിശ അഭിലാഷ്, എന്നിവരും നാട്ടുകാരും പങ്കെടുത്തു.
ചിറ്റാര്‍ പഞ്ചായത്തില്‍ എസ്റ്റേറ്റ് ഭൂമി വാങ്ങി താമസക്കാരായ ആയിരത്തിലധികം കുടുംബങ്ങളുടെ ഭൂപ്രശ്നത്തിനാണ് പരിഹാരമായതെന്ന് എം.എല്‍.എ പറഞ്ഞു. എസ്റ്റേറ്റ് ഭൂമി വാങ്ങി പതിറ്റാണ്ടുകളായി പോക്കുവരവ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍, കരമടവ് എന്നിവ നടക്കാതെ ബുദ്ധിമുട്ടുകയായിരുന്നു.
1963ലെ ഭൂപരിഷ്കരണ നിയമപ്രകാരം എസ്റ്റേറ്റ് ഭൂമി വിലക്കുവാങ്ങിയാല്‍ പോക്കുവരവ് ചെയ്ത് കരംതീര്ത്തുനൽകാൻ കഴിയില്ല എന്ന നിയമപ്രശ്നമാണ് ഭൂമി വാങ്ങിയ തൊഴിലാളികള്‍ ഉള്‍പ്പടെ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.