കുടിവെള്ളമെത്താത്ത പദ്ധതിക്ക് ബില്ല്; അമ്പരന്ന് നാട്ടുകാർ
text_fieldsവടശ്ശേരിക്കര: ജലവിതരണം ആരംഭിക്കാത്ത പദ്ധതിയിൽ പൈപ്പ് കണക്ഷൻ എടുത്ത ഉപഭോക്താക്കൾക്ക് ബില്ല് കൊടുത്ത ജലവകുപ്പിന്റെ നടപടി പെരുനാട് താളികര മലയിലെ നാട്ടുകാരെ ഞെട്ടിച്ചു. സർക്കാർ പദ്ധതിയുടെ ഭാഗമായി ഭാവിയിൽ വെള്ളം ലഭ്യമാകുമെന്ന പ്രതീക്ഷയിൽ ഇവിടുത്തെ ഒട്ടുമിക്ക വീടുകളിലും പൈപ്പ് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾ പോലും പൂർത്തിയാകുന്നതിനു മുമ്പ് മീറ്റർ വാടക ഇനത്തിൽ 80 രൂപയും ഇൻസ്പെഷൻ ചാർജായി 16 രൂപയും ചേർത്ത് പതിനേഴാം തീയതിക്കകം 96രൂപ ഒടുക്കിയില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്നാണ് ബില്ലിലെ സൂചന. പരാതി ഉയർന്നതോടെ ബില്ല് ലഭിച്ച എല്ലാവരും ജലവകുപ്പ് ഓഫിസിലെത്തിയാൽ പ്രശ്നത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്നു നോക്കാമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന മറുപടി.
പെരുനാട് -അത്തിക്കയം മേജർ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയിട്ട് ഏറെ നാളായി. ഇതിനായി പെരുനാട് ബഥനിമലയിൽ സ്ഥാപിച്ച ട്രീറ്റ്മെന്റ് പ്ലാന്റിനും മുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായ താളികരയിൽ താമസിക്കുന്നവർക്കാണ് ഈ ദുർഗതി സംഭവിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.