തുടർച്ചയായ മണ്ണിടിച്ചിൽ; മണിയാർ റോഡിൽ അപകട സാധ്യത
text_fieldsവടശ്ശേരിക്കര: തുടർച്ചയായ മണ്ണിടിച്ചിലിൽ മണിയാർ റോഡിൽ വൻ അപകട സാധ്യത. ചെങ്കുത്തായ മലയിൽനിന്ന് റോഡിലേക്ക് തുടർച്ചയായി മണ്ണിടിയുന്നതാണ് യാത്രക്കാർക്ക് ഭീഷണിയും ഗതാഗത തടസ്സവും ഉണ്ടാക്കുന്നത്. പൊതുമരാമത്ത് നിർമിച്ച മണിയാർ-മാമ്പാറ എരുവാറ്റുപുഴ റോഡിൽ മണിയാർ ഡാമിന് തൊട്ടുതാഴെയുള്ള ഭാഗത്താണ് മലഞ്ചരുവിൽനിന്ന് സ്ഥിരമായി വലിയ കല്ലുകളും മണ്ണും ഇടിഞ്ഞ് റോഡിൽ പതിക്കുന്നത്. ഓരോ തവണ ഗതാഗത തടസ്സം ഉണ്ടാകുമ്പോഴും നാട്ടുകാർ റോഡിലെ കല്ലും മണ്ണും നീക്കം ചെയ്താണ് യാത്രായോഗ്യമാക്കുന്നത്.
കക്കാട്ടാറിന്റെ തീരത്തുകൂടി കടന്നുപോകുന്ന ഈ റോഡിന്റെ ഭാഗം മഹാപ്രളയത്തിൽ ഒലിച്ചുപോയിരുന്നു. പിന്നീട് ആറ്റുതീരത്ത് സംരക്ഷണഭിത്തി നിർമിച്ചെങ്കിലും അത് അശാസ്ത്രീയമായി പണിതിരിക്കുന്നതിനാൽ ഒന്നിലേറെ തവണ ഒലിച്ചുപോയി.
പ്രളയാനന്തരം കുന്നിന്റെ അടിഭാഗത്ത് റോഡിനോട് ചേർന്ന സ്ഥലത്തുനിന്ന് കല്ലും മണ്ണും വലിയതോതിൽ നീക്കം ചെയ്യുകയും ഇതേതുടർന്നുണ്ടായ ബലക്ഷയത്തിൽ നിരന്തരമായി മണ്ണിടിച്ചിലുണ്ടായി റോഡിൽ പതിക്കുകയുമാണുണ്ടായത്. പലപ്പോഴും സ്കൂൾ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ തലനാരിഴക്കാണ് മലയിടിച്ചിലിൽനിന്ന് രക്ഷപ്പെട്ടതെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.