പാറമടക്കെതിരെ പരാതിപറഞ്ഞ പരിസ്ഥിതി പ്രവർത്തകന് വധഭീഷണി
text_fieldsവടശ്ശേരിക്കര: ചിറ്റാറിൽ അനധികൃത പാറമടക്കെതിരെ കൺട്രോൾ റൂമിൽ പരാതി പറഞ്ഞ പരിസ്ഥിതി പ്രവർത്തകന് വധഭീഷണി. പരിസ്ഥിതി പ്രവർത്തകനും പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ല കമ്മിറ്റി അംഗവുമായ ബിജു മോടിക്കാണ് ക്വാറി മാഫിയയുടെ ഭീഷണി.
ചിറ്റാർ മീങ്കുഴിതടത്തിൽ കുടിവെള്ള പദ്ധതിയുടെ ലക്ഷക്കണക്കിന് ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണിക്ക് സമീപത്തുനിന്ന് മൈനിങ് ആൻഡ് ജിയോളജിയുടെയും മറ്റ് വകുപ്പുകളുടെയും അനുമതിയില്ലാതെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയിൽ അനധികൃതമായി മാസങ്ങളായി തുടരുന്ന ഖനനത്തിനെതിരെ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു.
നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. കൺട്രോൾ റൂമിൽനിന്ന് അറിയിച്ചതിനെ തുടർന്ന് ബിജുവിനെ വിളിച്ച് ചിറ്റാർ പൊലീസ് കാര്യങ്ങൾ തിരക്കി. തൊട്ടുപിന്നാലെ ചിറ്റാർ പൊലീസ് പേരും ഫോൺനമ്പരും ക്വാറി മാഫിയക്ക് ചോർത്തിക്കൊടുത്ത് ബിജുവിെൻറ ജീവൻ അപകടത്തിൽ ആക്കിയിരിക്കുകയാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു.
ആദ്യം കെ.പി എം.എസ് സംസ്ഥാന നേതാവ് എന്ന് പരിചയപ്പെടുത്തിയയാൾ വിളിച്ച് വിഷയം സംസാരിച്ച് തീർക്കണം എന്നാവശ്യപ്പെട്ടു. പിന്നാലെ ക്വാറിമാഫിയ സംഘങ്ങൾ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും വെട്ടിക്കൊല്ലുമെന്ന് ഭീഷിണി മുഴക്കിയിരിക്കുകയുമാണ്. ചിറ്റാർ പൊലീസിൽനിന്ന് പാറ, മണ്ണ് മാഫിയകൾക്ക് വിവരങ്ങൾ ചോർത്തിനൽകുന്ന ഉദ്യോഗസ്ഥരുടെ ഫോൺ രേഖകൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തകർ സംസ്ഥാന െപാലീസ് മേധാവിക്ക് പരാതി നൽകി.
ഭീഷണി മുഴക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകരായ പ്രഫ. ബി. രാജീവൻ, സി.ആർ. നീലകണ്ഠൻ, ഡോ. ആസാദ്, കെ.എം. ഷാജഹാൻ, എസ്. ബാബുജി, ജോൺ പെരുവന്താനം, ഡോ. ജോസ് പാറക്കടവിൽ, അവിനാഷ് പള്ളീനഴികത്ത്, ഡേവിസ് വളർകാവ്, ടി.വി. രാജൻ, ഗോപിനാഥപിള്ള, പ്രഫ. കുസുമം ജോസഫ്, റജി മലയാലപ്പുഴ, ബിജു വി.ജേക്കബ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.