ഒടുവിൽ പൊലീസും സമ്മതിക്കുന്നു; ഉന്നത്താനിയിൽ നടന്നത് അനധികൃത പാറഖനനം
text_fieldsവടശ്ശേരിക്കര: ഉന്നത്താനിയിൽ നടന്നത് അനധികൃത പാറ ഖനനം തന്നെയെന്ന് സമ്മതിച്ച് പൊലീസ്. ഖനനത്തിനുപയോഗിച്ച വാഹനങ്ങളിൽ പെരുനാട് പൊലീസ് നോട്ടീസ് പതിച്ചു.
നാറാണംമൂഴി പഞ്ചായത്തിലെ ഉന്നത്താനിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ക്വാറിയുടെ പ്രവർത്തനം തിരുവല്ല സബ് കലക്ടർ ഇടപെട്ട് നിർത്തിവെപ്പിച്ചിരുന്നെങ്കിലും ഖനനത്തിനുപയോഗിച്ചിരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുവാനോ ക്വാറിയിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ സ്റ്റോക്ക് ചെയ്തിരുന്ന പാറ കടത്തിക്കൊണ്ടുപോകുന്നത് തടയുവാനോ ബന്ധപ്പെട്ട വകുപ്പുകൾ തയാറായിരുന്നില്ല.
കഴിഞ്ഞ ശനിയാഴ്ച ക്വാറി സന്ദർശിച്ച സബ് കലക്ടർ തുടർനടപടിക്ക് നിർദേശം നൽകിയെങ്കിലും വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് പൊലീസ് ഖനനത്തിനുപയോഗിച്ച വാഹനങ്ങളും ഉപകരണങ്ങളും നിയമപരമായി ബന്തവസ്സിൽ എടുത്തിരിക്കുന്നതായി കാണിച്ച് നോട്ടീസ് പതിച്ചത്.
അനധികൃത ഖനനത്തിനുപയോഗിച്ച മൂന്ന് ജാക്ക് ഹാമർ, ഒരു ഹിറ്റാച്ചി, ഒരു ടിപ്പർ എന്നിവക്കെതിരെയാണ് നിയമനടപടി. പശു ഫാം തുടങ്ങാനെന്ന പേരിൽ ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിെൻറ മറവിൽ ഒരുമാസം മുമ്പാണ് ഉന്നത്താനി കോളാമല റോഡിന് സമീപം അനധികൃത ഖനനം ആരംഭിച്ചത്.
കുറഞ്ഞ സമയത്തിനുള്ളിൽ നൂറുകണക്കിന് ലോഡ് കല്ലാണ് ഇവിടെനിന്നും ഉഗ്ര സ്ഫോടനം നടത്തി പൊട്ടിച്ചുകടത്തിയത്. ഇതിനെതിരെ പരാതിപ്പെട്ടവരോടെല്ലാം നിയമപരമായ എല്ലാ അനുമതിയും ലഭിച്ചിട്ടുണ്ടെന്ന മറുപടിയാണ് ഉദ്യോഗസ്ഥരും പ്രാദേശിക നേതാക്കളും പറഞ്ഞിരുന്നത്. ഇതേതുടർന്ന് സാമൂഹിക പ്രവർത്തകനായ അനിൽ അത്തിക്കയം മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് നൽകിയ വിവരാവകാശത്തിനുള്ള മറുപടിയിലാണ് ഖനനം അനധികൃതമാണെന്ന് പുറംലോകം അറിയുന്നത്.
പരിസ്ഥിതി പ്രവർത്തകനായ ബിജു മോടിയിൽ സബ് കലക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് ഇപ്പോഴത്തെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.