വനം കൊള്ള: നഷ്ടപരിഹാരം തിരിച്ചുനൽകാനാകില്ലെന്ന് വനം വകുപ്പ്
text_fieldsവടശ്ശേരിക്കര: വട്ടകപ്പാറമലയിലെ മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ നഷ്ടപരിഹാരം പാറമടലോബിക്ക് തിരിച്ചുനൽകണമെന്ന സർക്കാർ ഉത്തരവ് റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് കലക്ടറെ സമീപിച്ചു.
റാന്നി നീരേറ്റുകാവ് വട്ടകപ്പാറമലയിലെ സർക്കാർ ഭൂമിയിൽനിന്ന് പാറമട ലോബി ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ റവന്യൂ വകുപ്പ് ഈടാക്കിയ 18 ലക്ഷം രൂപയാണ് കുറ്റക്കാർക്ക് തിരിച്ചുനൽകാൻ സർക്കാർ ഉത്തരവ്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് റാന്നി ഡി.എഫ്.ഒ അറിയിച്ചതായി വട്ടകപ്പാറമല സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു.
പാറമട ലോബി ൈകയേറി മരങ്ങൾ മുറിച്ചുകടത്തിയ വട്ടകപ്പാറമലയിലെ 16 ഏക്കർ ഭൂമി വനഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റവന്യൂ വകുപ്പ് ഈടാക്കിയ നഷ്ടപരിഹാരം തിരികെ നൽകണമെന്ന് ഉത്തരവിട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വനഭൂമിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ സ്ഥിതിക്ക് നഷ്ടപരിഹാരം ഈടാേക്കണ്ടത് വനംവകുപ്പായതിനാലാണ് പണം തിരിച്ചുനൽകാൻ ആവശ്യപ്പെട്ടതെന്നാണ് റവന്യൂ വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ, 78 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വനം വകുപ്പ് റാന്നി കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെങ്കിലും അതിൽ നടപടി ഉണ്ടാകാൻ ഏറെക്കാലം എടുക്കുമെന്നാണ് അറിയുന്നത്.
വട്ടകപ്പാറ മലയിലെ 13 ഏക്കർ വരുന്ന പുറമ്പോക്ക് ഭൂമിയിൽനിന്ന് പാറമട തുടങ്ങാൻ കലക്ടറേറ്റിൽ അപേക്ഷ കൊടുത്തതിെൻറ മറവിൽ ലക്ഷങ്ങൾ വിലവരുന്ന മുന്നൂറിലധികം മരങ്ങൾ മുറിച്ചുകടത്തുകയായിരുന്നു. ഇതിലേറെയും തേക്കും ആഞ്ഞിലിയും വിലകൂടിയ കാട്ടുമരങ്ങളുമാണ്. വട്ടകപ്പാറമലയുടെ ചുറ്റിനുമുള്ള സ്വകാര്യ ഭൂമി അനാഥാലയം തുടങ്ങാനെന്ന പേരിൽ പുരോഹിതന്മാർ ചേർന്നാണ് വാങ്ങിയത്. പിന്നീട് ഈ സ്വകാര്യ ഭൂമിയിലും പുറമ്പോക്ക് ഭൂമിയിലുമായി വ്യാപിച്ച ഏക്കറുകണക്കിന് പാറ ഖനനം ചെയ്യാനുമാണ് നീക്കം നടന്നത്. ഇതിനായി ഉന്നതതലത്തിൽ നീക്കം നടത്തിയതിനു തൊട്ടുപിന്നാലെ അനുമതിയുമില്ലാതെ ക്ഷേത്ര ആവശ്യത്തിനെന്ന പേരിൽ പുറമ്പോക്ക് ഭൂമിയിലെ മരങ്ങൾ മുറിച്ചുകടത്തി. ഇത് നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തതോടെ മണ്ണുമാന്തി ഉപയോഗിച്ച് മുഴുവൻ മരക്കുറ്റികളും പിഴുതുകളയാനും കത്തിച്ചുകളയാനും ശ്രമം നടന്നു. നാട്ടുകാർ വട്ടകപ്പാറ മല സംരക്ഷണ സമിതി രൂപവത്കരിച്ചു പ്രതിഷേധവുമായി രംഗത്തെത്തിയതോടെ റവന്യൂ, വനം വകുപ്പ് അന്വേഷണം നടത്താൻ നിർബന്ധിതരായത്. റവന്യൂ വകുപ്പ് ഈടാക്കിയ നഷ്ടപരിഹാരത്തുക തിരികെ കൊടുക്കാൻ ഉത്തരവായതിന് പിന്നാലെ വനം വകുപ്പ് നൽകിയ കേസിൽ കക്ഷിചേർന്ന് നിയമപോരാട്ടം നടത്താൻ തയാറെടുക്കുകയാണ് സമരസമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.