വട്ടകപ്പാറ മലയിലേത് വനഭൂമിയെന്ന് ഹൈകോടതി
text_fieldsവടശ്ശേരിക്കര: നീരാട്ടുകാവ് വട്ടകപ്പാറ മലയിലെ ഭൂമി വനഭൂമി തന്നെയെന്ന് ഹൈകോടതി. വനംകൊള്ള നടത്തി പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെ സമരസമിതി നടത്തിയ നിയമ പോരാട്ടം വിജയത്തിലേക്ക്. റാന്നി നേരിട്ടുകാവ് വട്ടകപ്പാറമലയിലെ വനഭൂമിയിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ മുറിച്ചുമാറ്റി അവിടെ പാറമട തുടങ്ങാനുള്ള നീക്കമാണ് സമരസമിതിയുടെ ഇടപെടലിനെത്തുടർന്ന് ഹൈകോടതി റദ്ദുചെയ്തത്.
പാറമടക്കെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നതോടെ പാറമടലോബിക്കുവേണ്ടി പ്രവർത്തിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ നിയമ നടപടികൾ നേരിടുകയും സുപ്രീം കോടതിയുടെ ഗ്രീൻ ബെഞ്ച് സമരസമിതിക്ക് അനുകൂലവിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് റാന്നിയിലെ റവന്യൂ അധികൃതരുടെ സഹായത്തോടെ സ്ഥലം റവന്യൂ ഭൂമിയാണെന്ന് സ്ഥാപിക്കാൻ പാറമടലോബി കമ്മിറ്റിയെ വെക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. ഇതിൽ കുമ്പളാംപൊയ്ക സ്വദേശി അഡ്വ.ബോബി തോമസ് മുഖേന സമരസമിതി കക്ഷി ചേർന്നതോടെയാണ് പാറമടലോബിയുടെ വാദങ്ങൾ കോടതിക്കുമുന്നിൽ പൊളിഞ്ഞുവീണത്. റാന്നി നേരിട്ടുകാവ് വട്ടകപ്പാറമലയിലെ വനംകൊള്ള 'മാധ്യമം' ആണ് പുറത്തുകൊണ്ടുവന്നത്. പഴവങ്ങാടി, നാറാണംമൂഴി പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ നീരാട്ടുകാവ് വട്ടകപ്പാറ മലയിൽ പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെയാണ് നീരാട്ടുകാവ് ഗ്രാമവാസികൾ സമരസമിതി രൂപവത്കരിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്.
വട്ടകപ്പാറ മലയുടെ മുകളിൽ നൂറേക്കറിലായി വ്യാപിച്ചുകിടക്കുന്ന പാറയുടെ അറുപതേക്കറോളം സ്ഥലത്താണ് ഖനനത്തിന് തയാറെടുത്തത്. ഇതിന് എക്സ്കവേറ്റർ ഉപയോഗിച്ച് സ്ഥലത്തെ മണ്ണ് മാറ്റുകയും മരങ്ങൾ മുറിച്ചുനീക്കുകയും ചെയ്തു. തേക്കും ആഞ്ഞിലിയും ഉൾപ്പെടെ മരങ്ങൾ മുറിച്ചുമാറ്റിയ ഭാഗം വനഭൂമിയാണെന്ന് സമരസമിതി തുടക്കത്തിലേ ആരോപിച്ചു.
2018ലെ മഹാപ്രളയത്തിൽ ഈ മലയിൽ ഉരുൾപൊട്ടി റാന്നി ചെത്തോങ്കര തോട് നിറഞ്ഞുകവിഞ്ഞ് വൻ നഷ്ടം ഉണ്ടായി. ഒരു വർഷം മുമ്പ് കുടിവെള്ളംപോലും ലഭ്യമല്ലാത്ത വട്ടകപ്പാറയിലെ പാറ നിറഞ്ഞ ഭാഗം ഏതാനും ക്രിസ്ത്യൻ പുരോഹിതരെത്തി വൃദ്ധ സദനം തുടങ്ങാനെന്ന പേരിൽ വാങ്ങിക്കൂട്ടുകയായിരുന്നു. ചുറ്റും റബർ ബോർഡിെൻറ തോട്ടങ്ങൾ നിറഞ്ഞ ജനവാസം പോലുമില്ലാത്ത മേഖലയിൽ സഭ വസ്തു വാങ്ങിയതിൽ അന്നേ നാട്ടുകാർക്ക് സംശയമുണ്ടായിരുന്നു.
പിന്നീട് ഈ വസ്തു പാറമട ലോബിക്ക് മറിച്ചുവിൽക്കുകയും അധികം ജനവാസം ഇല്ലാതിരുന്നിട്ടുകൂടി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റാന്നിയിലെ മറ്റ് റോഡുകൾക്കില്ലാത്ത പ്രാധാന്യത്തോടെ എം.എൽ.എ, എം.പി ഫണ്ട് എന്നിവ ഉപയോഗിച്ച് കിലോമീറ്ററുകൾ നീളത്തിൽ റോഡ് പണിയുകയും ചെയ്തതോടെ സംശയം തോന്നിയ നാട്ടുകാർ ചേത്തക്കൽ വില്ലേജ് അധികൃതരെ സമീപിച്ചപ്പോഴാണ് പാറമട തുടങ്ങാനുള്ള നീക്കം വളരെയേറെ മുന്നോട്ടുപോയതായി അറിയുന്നത്. നാട്ടുകാർ പ്രതിഷേധം ഉയർത്തിയതോടെ വിഴിഞ്ഞം പദ്ധതിക്ക് കല്ല് എത്തിക്കാൻ കരാറെടുത്തിരിക്കുന്നയാൾ ഖനനം നടത്തുന്നതിനാൽ പ്രദേശവാസികൾ വികസനത്തിൽ പങ്കാളിയാകുകയാണെന്ന നിലപാടായിരുന്നു പഞ്ചായത്തിനും മറ്റു വകുപ്പുകൾക്കും.
വട്ടകപ്പാറമലയിൽ ഖനനം ആരംഭിക്കുന്നതോടെ വലിയ ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന പരിഭ്രാന്തി പടർന്നിരുന്നു. പ്രതിഷേധം ഉയർന്നതോെടയാണ് പാറമടലോബി വട്ടകപ്പാറമലയിലെ വനഭൂമി റവന്യൂ ഭൂമിയാണെന്ന് വ്യാജരേഖകൾ ചമച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.