പെരുനാടും പരിസരങ്ങളും തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രം
text_fieldsവടശ്ശേരിക്കര: തെരുവുനായുടെ ആക്രമണത്തിൽ പെരുനാട് സ്വദേശിയായ പെൺകുട്ടിക്ക് പേവിഷബാധയേറ്റതിന് തൊട്ടുപിന്നാലെ അനിയന്ത്രിതമായി പെരുകിയ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു.
നായുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പ്രതിരോധ വാക്സിൻ എടുത്തിട്ടും ഗുരുതരാവസ്ഥയിലായതിന് പിന്നിൽ കേരളത്തിലെ നമ്പർ വൺ അഴിമതിയാണെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ആരോപിച്ചു.
പേവിഷബാധയേറ്റാൽ സർക്കാർ സംവിധാനങ്ങൾ മാത്രമാണ് ആശ്രയമെന്നിരിക്കെ അത്തരം മരുന്നുകളുടെ ഗുണനിലവാരം പോലും ഉറപ്പാക്കാൻ കഴിയാത്തത് ഈ രംഗത്തെ വമ്പൻ അഴിമതിയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 14ന് തെരുവുനായുടെ ആക്രമണത്തിന് ഇരയായ പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനഭവനിൽ ഹരീഷിെൻറ മകൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ അഭിരാമിക്ക് പത്തനംതിട്ട ജില്ല ജനറൽ ആശുപത്രിയിൽനിന്ന് പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽനിന്നുമായി മൂന്നു ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും രോഗം മൂർച്ഛിച്ചു.
കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലയിലെ നഗരങ്ങളും ഗ്രാമങ്ങളും ഇടവഴികളുമെല്ലാം തെരുവുനായ്ക്കളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
പല സ്ഥലത്തും മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും നേരെ വ്യാപകമായ ആക്രമണം ഉണ്ടായിട്ടും പരിഹാരമുണ്ടാക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. പെരുനാട് പഞ്ചായത്തിലെ കവലകളിലും തോട്ടം മേഖലകളുമെല്ലാം തെരുവ് നായ്ക്കൾ കൈയടക്കിയിട്ട് നാളുകളേറെയായി.
ഇവയിൽ പേവിഷബാധയുള്ളവയും ഉണ്ടെന്ന് നാട്ടുകാർ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു. നായ്ക്കളുടെ ആക്രമണമുണ്ടായാൽ പ്രതിരോധ കുത്തിവെപ്പ് എടുത്താലും പ്രയോജനമില്ലെന്ന സാഹചര്യം കൂടി ഉടലെടുത്തതോടെ നാട്ടുകാർക്കിടയിൽ ഭയവും പ്രതിഷേധവും ശക്തമാണ്.
വളര്‍ത്തുനായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് ഉടന്‍ ആരംഭിക്കും
പത്തനംതിട്ട: ജില്ലയിലെ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും വാര്‍ഡുതലത്തില്‍ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ ഉടന്‍ ആരംഭിക്കും.
വളര്‍ത്തുനായ്ക്കള്‍ക്കും തെരുവുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിശ്ചയിക്കുന്നതിന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമപ്രകാരം വളര്‍ത്തുനായ്ക്കള്‍ക്കുള്ള ലൈസന്‍സ് നിര്‍ബന്ധമായും ഉടമകള്‍ എടുത്തുവെന്ന് ഉറപ്പ് വരുത്തണമെന്ന നിര്‍ദേശം ഡി.ഡി.പിക്ക് നല്‍കി.
ഡോഗ് ക്യാച്ചേഴ്‌സിനെ ഉപയോഗിച്ച് തെരുവുനായ്ക്കളെ പിടികൂടുന്നതും തുടര്‍ന്ന് ഷെല്‍ട്ടര്‍, ശസ്ത്രക്രിയക്ക് ആവശ്യമായ മരുന്ന്, ഉപകരണങ്ങള്‍ തുടങ്ങിയവ ഒരുക്കുന്നതിനുമുള്ള ചുമതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമാണ്.
തെരുവുനായ്ക്കളുടെ ശസ്ത്രക്രിയ നടപ്പാക്കുന്നതിന് പഞ്ചായത്ത്, നഗരസഭ തലത്തില്‍ മോണിറ്ററിങ് കമ്മിറ്റി ഉടന്‍ രൂപവത്കരിക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ജ്യോതിഷ്ബാബു, ഡി.എം.ഒ ഡോ. എല്‍. അനിത കുമാരി, ജില്ല എപ്പിഡമോളജിസ്റ്റ് ഡോ. ജാനകിദാസ്, ഡി.ഡി.പി പ്രതിനിധി രാജേഷ് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.