കൈയൂക്കുണ്ടെങ്കിൽ കൈയേറാം പെരുനാടിനെ
text_fieldsശബരിമല ഉൾെപ്പടുന്നതിനാൽ പേരുകേട്ട പഞ്ചായത്താണ് പെരുനാട്. ഈ പഞ്ചായത്തിലെ വലിയൊരുഭാഗം വനമേഖല പെരിയാർ കടുവ സങ്കേതത്തിെൻറ ഭാഗമാണ്. ഇവിടുത്തെ സ്ഥിരതാമസക്കാർക്ക് നാമമാത്ര ഭൂമിയെ ഉള്ളൂ. ഭൂരഹിതരായവരും നിരവധിയുണ്ട്. പരിസ്ഥിതി ലോലമേഖലയാണ് പെരുനാട്. കൈയേറ്റക്കാരുടെ പറുദീസയാണ്. കൈയൂക്കും രാഷ്ട്രീയ പിന്തുണയുമുള്ള വൻകിടക്കാർ നൂറുകണക്കിന് ഏക്കർ ഭൂമി അനധികൃതമായി ൈകയടക്കിെവച്ചിരിക്കുന്നു. സർക്കാർ ഭൂമി സംരക്ഷിക്കേണ്ട വനം, റവന്യൂ വകുപ്പുകൾ ഈ വൻകിടക്കാരുടെ സംരക്ഷകരായി മാറിയ നിലയിലുമാണ്. കൈയൂക്കും പിടിപാടുമുള്ളവർക്ക് ഇഷ്ടംപോലെ ഭൂമി കൈയടക്കാമെന്ന സ്ഥിതിയാണ് പെരുനാട്ടിൽ. അതെക്കുറിച്ചുള്ള പരമ്പര ഇന്നുമുതൽ.
വടശ്ശേരിക്കര: കാടും നാടും ചേർന്നതാണ് പെരുനാട്. കാടായിരുന്ന പലയിടവും ഇപ്പോൾ നാടാണ്. 82.05 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരുനാട് പഞ്ചായത്ത് ജില്ലയിലെ വിസ്തൃതിയേറിയ പഞ്ചായത്തുകളിലൊന്നാണ്. കാട് ഏറിയ നാടായതിനാൽ ജനസംഖ്യ 22,130 മാത്രമെയുള്ളൂ. കാടായിരുന്ന പലയിടവും നാടാക്കിയത് ഭൂമി കൈയേറ്റക്കാരാണ്. നൂറ്റാണ്ട് മുമ്പ് തുടങ്ങിയ കൈയേറ്റം ഇപ്പോഴും ഇവിടെ തുടരുന്നു. പുതിയ കമ്പനികളും വ്യക്തികളും ഏക്കറുകണക്കിന് ഭൂമിയുടെ ഉടമസ്ഥരായി അവതരിച്ചുകൊണ്ടിരിക്കുന്നു.
ഭൂരിഭാഗവും വനമേഖലയായതിനാൽ ഇവിടെ നടക്കുന്ന പെരിയ കാര്യങ്ങൾ അധികമൊന്നും കാടുകടന്ന് മറ്റ് നാട്ടുമ്പുറങ്ങളിലേക്ക് എത്തുന്നില്ല. കാടുംനാടും വേർതിരിക്കുന്ന കൃത്യമായ അതിർവരമ്പുകളൊന്നും ഇവിടെയില്ല. അത് ഉണ്ടാകരുതെന്ന് ആശിക്കുന്നവരാണ് കാടിെൻറ സംരക്ഷകരായ വനപാലകരും നാടിെൻറ സംരക്ഷകരായ റവന്യൂ അധികൃതരും.
രണ്ട് കൂട്ടരും തരാതരം പോലെ കൈകോർത്ത് പെരിയ പണമുള്ളവർക്കുവേണ്ടി കാടിനെ നാടും നാടിനെ കാടുമാക്കി മാറ്റിമറിക്കുന്നുണ്ട് ഇവിെട. രേഖകളിൽ കാടെന്നും നാടെന്നുമൊക്കെയുണ്ടാകാം. കൈയടക്കിയിരിക്കുന്നത് ൈകയൂക്കുള്ളവരായാൽ രേഖകൾക്ക് കടലാസിെൻറ വിലപോലുമുണ്ടാവില്ല. വനമെന്നോ നാടെന്നോ കണക്കാക്കാതെ ഭൂമി വെട്ടിപ്പിടിക്കുന്നവരുടെ പറുദീസയാണ് ഇപ്പോൾ പെരുനാട്.
പണവും പത്രാസും കൈയൂക്കുമുണ്ടെങ്കിൽ ഇവിെട ആർക്കും ഭൂമി െെകയേറുകയും ൈകയേറിയവരിൽനിന്ന് വാങ്ങിക്കൂട്ടുകയുമെല്ലാം ചെയ്യാം. കേറിക്കിടക്കാൻ ഇടമില്ലാത്ത അത്താഴപ്പട്ടിണിക്കാരനാണെങ്കിൽ ഇതെല്ലാം കണ്ടുനിൽക്കാം. റവന്യൂ, വനം ഉദ്യോഗസ്ഥരുടെ ഒത്താശയിലാണ് ഇവിടെ ഭൂമി കൈയേറലും കൈമാറ്റവുമെല്ലാം നടക്കുന്നത്.
ഭൂപരിഷ്കരണ നിയമത്തെ നോക്കുകുത്തിയാക്കുന്ന ചെറുതും വലുതുമായ നിരവധി കൈയേറ്റങ്ങളാണിവിടെ നടന്നിട്ടുള്ളത്. ഭൂവിസ്തൃതിയുടെ മുക്കാൽ പങ്കിലേറെ സംരക്ഷിത വനമായ പെരുനാട് പഞ്ചായത്തിലെ ജനവാസ മേഖലക്ക് വിസ്തൃതി വർധിപ്പിക്കുവാനും വിനോദസഞ്ചാര അടിസ്ഥാന വികസന പദ്ധതികൾക്ക് തടസ്സമായും കൈയേറ്റങ്ങൾ നിൽക്കുന്നു.
ദക്ഷിണ ഇന്ത്യയിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള മണ്ണാറക്കുളഞ്ഞി ചാലക്കയം പാതക്കിരുവശവുമായുള്ള ളാഹ ഹാരിസൺ എസ്റ്റേറ്റിൽ ഭൂരിഭാഗവും വനഭൂമി കൈയേറിയതാണ്. എ.വി.ടി, ബഥനി ആശ്രമം, ഗോവയിലെ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കവലേക്കർ, അബാൻ കമ്പനി തുടങ്ങി ഇവിടെ വലുതും ചെറുതുമായ ഭൂമി കൈയേറ്റക്കാർ ഏറെയുണ്ട്. വനഭൂമിക്ക് പുറമെ പുറമ്പോക്ക് തരിശ്, പുറമ്പോക്ക് കാവ് എന്നീ ഇനങ്ങളിൽപെട്ട ഭൂമിയും ഹാരിസൺസിെൻറ കൈവശത്തിലുണ്ട്. ഇവരുടെ പക്കൽ എത്ര ഭൂമിയുണ്ടെന്നതിന് സർക്കാറിന് രേഖയും കണക്കുമില്ല. പഴയ ഇംഗ്ലീഷ് കമ്പനികൾ പാട്ടത്തിനെടുത്തതും കൈയേറിയതുമായ നൂറുകണക്കിന് ഏക്കർ ഭൂമി ഇപ്പോഴത്തെ ഹാരിസൺസ് മലയാളം എന്ന കമ്പനിയുടെ ൈകവശം എങ്ങിനെ വന്നു എന്നതിനും തെളിവുകളില്ല.
ഭൂമിയുടെ അവകാശവാദം ഉന്നയിച്ച കമ്പനി സമർപ്പിച്ചിരിക്കുന്ന രേഖകളിൽ അടിമുടി വൈവിധ്യങ്ങളുണ്ടെന്ന് 2010ൽ രാജമാണിക്യം കമ്മിറ്റി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ പറയുന്നു. നിയമങ്ങൾക്ക് വിധേയമായി സർക്കാറിന് ഹാരിസൺസ് അനധികൃതമായി ൈകവശംെവച്ചിരിക്കുന്ന ഭൂമി മാത്രം പിടിച്ചെടുത്താൽ അത് പെരുനാടിനെ പാടെ മാറ്റിമറിക്കും. പെരുനാട് പഞ്ചായത്തിലുള്ള ഭൂരഹിതർക്ക് പുറമെ ജില്ലയിലെ നിരവധി ഭൂരഹിതർക്ക് കൃഷിചെയ്തു ജീവിക്കാൻ ആവശ്യമായ ഭൂമി ഇവിടെ കണ്ടെത്താനാകും. ഭൂമി ഏറ്റെടുക്കുന്നതിനുപകരം നാടിെൻറ വികസനത്തിന് ആവശ്യമായ ഭൂമി ദാനമായി നൽകണമെന്ന അപേക്ഷയുമായി പഞ്ചായത്ത് അധികൃതർ ഇവരുടെ മുന്നിൽ ഓച്ചാനിച്ച് നിൽക്കുകയാണ്.
വമ്പൻ കമ്പനികളെ കൂടാതെ ചില സഭകൾ സമീപകാലത്ത് വാങ്ങിക്കൂട്ടിയതുൾപ്പെടെ ഇരുപതിലധികം ചെറുകിട എസ്റേറ്റുകളും പെരുനാട് പഞ്ചായത്തിെൻറ ഇട്ടാവട്ടം ജനവാസ മേഖലക്കുള്ളിലുണ്ട്. ശാസ്ത്രീയവും സമഗ്രവുമായ റീസർവേ നടത്തിയാൽ ഈ എസ്റ്റേറ്റുകളുടെ വ്യാപ്തി പകുതിയിലധികം കുറയുമെന്നാണ് ലഭ്യമാകുന്ന വിവരം.
വ്യാജനെ ഒറിജിനലാക്കിയ വിദ്യ
പെരുനാട് വില്ലേജിൽ മാത്രം സ്വകാര്യ കമ്പനികളും വ്യക്തികളും കൈവശപ്പെടുത്തിയത് നൂറുകണക്കിനേക്കർ വനഭൂമിയും റവന്യൂ ഭൂമിയുമാണ്. രാജ്യം സ്വതന്ത്രമാകുന്നതിനു മുമ്പ് തുടങ്ങിയ ഭൂമി ൈകയേറ്റം റവന്യൂ, വില്ലേജ്, വനം അധികൃതരുടെ ഒത്താശയോടെയാണ് ഇന്നും തുടരുന്നത്. കൈയേറിയവരുടെ ൈകകളിലൊക്കെ അവരവർ സ്വന്തംനിലയിൽ തയാറാക്കിയ രേഖകളുണ്ട്. അത് നേരാംവണ്ണം ഉള്ള രേഖയാണോ എന്ന് ഒത്തുനോക്കാൻ സർക്കാറിെൻറ ൈകയിൽ രേഖകളൊന്നുമില്ല. ഉണ്ടായിരുന്നവ എല്ലാവരും ചേർന്ന് ഇല്ലാതാക്കി. അതോടെ കൈയേറ്റക്കാരുടെ കൈവശമുള്ള വ്യാജരേഖകൾ ഒറിജിനലെന്ന നിലയിൽ അധികൃതരെല്ലാം പരിഗണിക്കുന്നു.
രേഖകൾ എല്ലാം നശിപ്പിെച്ചങ്കിലും സെറ്റിൽമെൻറ് രജിസ്റ്റർ പോലെ അവശേഷിക്കുന്ന ചില രേഖകളുണ്ട്. അവയുമായി കൈയേറ്റക്കാരുടെ ൈകവശമുള്ള രേഖകൾ പൊരുത്തെപ്പടുന്നില്ല. കൈവശമുള്ള ആധാരങ്ങളുടെ ആധികാരികത തെളിയിക്കാൻ മുന്നാധാരങ്ങൾ ആരും കാട്ടുന്നുമില്ല. അതൊന്നും റവന്യൂ, വനം ഉദ്യോഗസ്ഥർക്ക് പ്രശ്നവുമല്ല. പൊരുത്തക്കേടുകൾ മാറ്റിെവച്ച് വ്യാജനെ ഒറിജിനലായി പരിഗണിച്ച് അവർ കാര്യങ്ങളിൽ നീക്കുപോക്ക് ഉണ്ടാക്കിക്കൊടുക്കുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.