കിഴക്കൻ മലകൾ തുരന്നെടുക്കാൻ പാറമടലോബി
text_fieldsവടശ്ശേരിക്കര: പരിസ്ഥിതി ദുർബലമേഖലകളിലെ അവശേഷിക്കുന്ന കുന്നുകൾകൂടി പൊട്ടിച്ചുകടത്താൻ പാറമടലോബി. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവും സുപ്രീംകോടതി വിധിയും മറികടന്ന് പെരുനാട്, വടശ്ശേരിക്കര, ചിറ്റാർ പഞ്ചായത്തുകളിലായി പുതിയ പാറമടകൾ തുടങ്ങാൻ ഖനനലോബി സമീപകാലത്ത് ഏറെ ശ്രമിച്ചിരുന്നു.
ഏറ്റവുമൊടുവിൽ പെരുനാട് പഞ്ചായത്തിലെ പൊട്ടൻമൂഴിയിൽ ശബരിമല വനത്തിനും വൈദ്യുതി ഉൽപാദനം നടത്തുന്ന ജലസംഭരണികളുടെ സുരക്ഷാമേഖലകൾക്കും സമീപം വ്യവസായികാടിസ്ഥാനത്തിൽ പാറമട തുടങ്ങാൻ പെരുനാട് പഞ്ചായത്ത് അനുമതി നൽകിയതാണ് വിവാദത്തിലായത്.
2013ൽ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അതീവ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച പെരുനാട് വില്ലേജിൽ പാറമടക്ക് ലൈസൻസ് ലഭ്യമാക്കാനായി ജില്ലയിലെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങി വൻ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇടപെടലുകൾ ഉണ്ടായതായി പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. പട്ടയഭൂമിയിൽ ഖനനം പാടില്ലെന്ന സുപ്രീംകോടതിയുടെ സമീപകാല വിധി നിലനിൽക്കെ ആയിരക്കണക്കിന് മനുഷ്യരുടെ കുടിവെള്ളസ്രോതസ്സായ കക്കാട്ടാറിന്റെ തീരത്ത് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിലയിരുത്താതെ വൻ പരിസ്ഥിതി കൊള്ളക്ക് കൂട്ടുനിന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് പരിസ്ഥിതി പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.