വിദ്യാർഥി ഉൾപ്പെടെ മൂന്നുപേരെ ആക്രമിച്ചു; ഓടി നടന്ന് കടിച്ച് തെരുവ്നായ്
text_fieldsവടശ്ശേരിക്കര: തെരുവുനായുടെ ആക്രമണത്തിൽ വടശ്ശേരിക്കര അരീക്കക്കാവ് പ്രദേശത്ത് മൂന്നാംക്ലാസ് വിദ്യാർഥിയടക്കം മൂന്നുപേർക്ക് പരിക്ക്. സമീപപ്രദേശത്തെ വളർത്തുമൃഗങ്ങളെയും പത്തിലധികം തെരുവുനായ്ക്കളെയും ഇതേ നായ് ആക്രമിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടോടെ അരീക്കക്കാവിന് സമീപം സ്കൂളിലേക്കുപോകാൻ അമ്മയോടൊപ്പം ബസ് കാത്തുനിന്ന ചിറ്റാർ ലിറ്റിൽ ഏഞ്ചൽ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയും അരീക്കക്കാവ് നരിക്കുഴിയിൽ അനിൽകുമാറിന്റെയും അമ്പിളിയുടെയും മകനുമായ ഇഷാനെയാണ് (എട്ട്) തെരുവുനായ് കടിച്ച് മുറിവേൽപിച്ചത്. വലതുകൈത്തണ്ടയിൽ മുറിവേറ്റ ഇഷാനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു.
ഇഷാനെ ആക്രമിച്ചശേഷം പേഴുംപാറ ഭാഗത്തേക്ക് ഓടിപ്പോയ നായ് വാൻ ഡ്രൈവർ പേഴുംപാറ സ്വദേശി രവിയെ ആക്രമിച്ചു. നാട്ടുകാർ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് ഉമ്മാമുക്ക് രമാഭായ് കോളനിയിലെത്തിയ നായ് ചിന്നമ്മ എന്ന സ്ത്രീയെ ആക്രമിച്ചു. കൈയിൽ നായുടെ നഖംകൊണ്ട് പോറലേറ്റതിനെ തുടർന്ന് രണ്ടുപേരും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ഇതിനിടെ വഴിയിൽകണ്ട തെരുവുനായ്ക്കളെയും പശുവിനെയുമെല്ലാം കടിച്ച് മുറിവേൽപിച്ച നായെ ഉച്ചക്കുശേഷം പേഴുംപാറക്ക് സമീപത്തെ പുരയിടത്തിൽ ചത്തനിലയിൽ കണ്ടെത്തി. ആക്രമണകാരിയായ നായ്ക്ക് പേവിഷബാധ സംശയിക്കുന്നതിനാൽ പ്രദേശത്തുകാർ കനത്ത ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.