വിവാദ ഭൂമിയിലെ തടികൾ മുറിച്ചുകടത്താനുള്ള നീക്കം തടഞ്ഞു
text_fieldsവടശ്ശേരിക്കര: വിവാദഭൂമിയിലെ തടികൾ മുറിച്ചുകടത്താനുള്ള നീക്കം തടഞ്ഞു. പെരുനാട് ബഥനിമലയിൽ ഗോവയിലെ മുൻമന്ത്രി ചന്ത്രകാന്ത് കവലേക്കരുടെ ഉടമസ്ഥതയിൽ എന്ന് അവകാശപ്പെടുന്ന വസ്തുവിലെ കോടികൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ചുകടത്തുവാനുള്ള നീക്കമാണ് വനം-റവന്യൂ അധികൃതർ തടഞ്ഞത്.
ബഥനിമലയിൽ വൻതോതിൽ അനധികൃതമായി മരങ്ങൾ മുറിച്ചുകടത്തുന്നത് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ രേഖകൾ പ്രകാരം വനം, റവന്യൂ പുറമ്പോക്ക് ഭൂമിയെന്നു വിലയിരുത്തപ്പെടുന്ന ബഥനിമലയിലെ 226 ഏക്കർ ഭൂമിയിലെ 80 ഏക്കർ ആണ് ചന്ദ്രകാന്ത് കവലേക്കറുടേതെന്ന് അവകാശപ്പെടുന്നത്.
ഇത് സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ റവന്യൂ രേഖകളിൽ കൃത്രിമം നടത്തി ജില്ലയിലെ ചില രാഷ്ട്രീയ നേതാക്കൾ ഗോവൻ മന്ത്രിയായിരുന്ന ചന്ദ്രകാന്ത് കവലേക്കർക്ക് വൻവിലക്ക് കൈമാറ്റം ചെയ്തിരുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ ഭൂമിക്കച്ചവടം വൻ വിവാദമായതോടെ വസ്തു പൂർണമായും പോക്കുവരവ് ചെയ്യുവാനോ ക്രയവിക്രയം നടത്തുവാനോ കഴിയാതെയായെങ്കിലും ഇതിനുള്ളിലെ കോടികൾ വിലവരുന്ന മരങ്ങൾ മുറിച്ചുകടത്താൻ പലതവണ ശ്രമങ്ങൾ നടന്നിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി ഇതിനുള്ളിലെ മരുതിയും മറ്റു പാഴ്മരങ്ങളും മുറിച്ചുകടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകനായ പെരുനാട് സ്വദേശി ബിജു മോടിയിൽ കാവലേക്കറുടെ കൈവശമിരിക്കുന്ന ഭൂമി സർക്കാർ ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകളുമായി വനം, റവന്യൂ അധികൃതരെ സമീപിച്ചതോടെയാണ് വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ഇടപെടുന്നത്. സ്ഥലം സന്ദർശിച്ച വനംവകുപ്പ് അധികൃതർ മുറിച്ചിട്ട മരങ്ങൾ കടത്തിക്കൊണ്ടുപോകുന്നത് തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.