നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് വീടും ആറ് വാഹനങ്ങളും തകർന്നു
text_fieldsവടശ്ശേരിക്കര (പത്തനംതിട്ട): പാറമടയിൽ നിന്നും ലോഡുമായി വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ടു വീട്ടിനുള്ളിലേക്ക് പാഞ്ഞുകയറി. ഒരു വീടും ആറ് വാഹനങ്ങളും തകർന്നു. വെള്ളിയാഴ്ച്ച രാവിലെ 7 മണിയോടുകൂടി വടശ്ശേരിക്കര ഇടത്തറമുക്കിൽ പാലത്തിങ്കൽ ജേക്കബ് തോമസിൻറെ വീട്ടിലേക്കാണ് ടിപ്പർ ഇടിച്ചു കയറിയത്. ഇടിയുടെ ശക്തിയിൽ സംരക്ഷണ ഭിത്തിയും വീടിൻറെ മുൻഭാഗവും പൂർണമായും തകർന്നു.
കൊമ്പനോലിയിലെ ക്രഷറിൽനിന്നും പാറ ഉൽപ്പന്നം കയറ്റി വന്ന ടിപ്പറാണ് മറിഞ്ഞത്. ടിപ്പർ ഡ്രൈവർ ആലപ്പുഴ സ്വദേശി സന്തോഷിനെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയം ജേക്കബ് തോമസും കുട്ടികളും മുറിയിലും ഭാര്യ അടുക്കളയിലുമായിരുന്നതിനാൽ ദുരന്ത൦ ഒഴിവായി.
വീടിനു മുൻപിലായി നിർത്തിയിട്ടിരുന്ന ഒമ്നി വാനും മൂന്നു ഇരുചക്ര വാഹനങ്ങളും റോഡിൽ നിർത്തിയിട്ടിരുന്ന വാലുങ്കൽ സന്തോഷിൻറെ ഉടമസ്ഥതയിലുള്ള ഓട്ടോയും പൂർണമായി തകർന്നു. ഇവരുടെ വീടിനു സമീപത്തുള്ള പാലത്തിങ്കൽ ഗീവർഗ്ഗീസിൻറെ വീടിനും കേടുപാടുകൾ സംഭവിച്ചു. നാനൂറു മീറ്ററിലേറെ നീളമുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ട്പ്പെട്ടതാവാം അപകടകാരണമെന്ന് കരുതുന്നു.
അമിത ഭാരം കയറ്റി അമിത വേഗതയിലാണ് ടിപ്പറുകൾ ഇതുവഴി കടന്നു പോകുന്നത്. വേഗതയെച്ചൊല്ലി നിരവധി തർക്കങ്ങൾ നാട്ടുകാരും ഡ്രൈവർമാരുമായി കാലങ്ങളായി നിലനിൽക്കുന്നതായി നാട്ടുകാർ പറയുന്നു. ഈ വാഹനം ഓടിച്ച ഡ്രൈവർക്ക് റോഡ് മുൻപരിചയമല്ലാത്തതാണ് അപകടത്തിന് ആക്കം കൂടാൻ കാരണം. ഏതാനും വർഷം മുൻപ് ഇതേ രീതിയിൽ ഇവിടെ അപകടം സംഭവിച്ച് നാലുപേർ മരണപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.