കോൺഗ്രസുകാർ കാലുവാരി; വടശ്ശേരിക്കരയിൽ പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിന്
text_fieldsവടശ്ശേരിക്കര: കോൺഗ്രസിലെ പാളയത്തിൽ പടയെ തുടർന്ന് വടശ്ശേരിക്കര പ്രസിഡൻറ് സ്ഥാനം സി.പി.എമ്മിന്. എൻ.വി. ബാലനാണ് അട്ടിമറിയിലൂടെ പ്രസിഡൻറായത്. യു.ഡി.എഫ് അധികാരത്തിലിരുന്ന പഞ്ചായത്തിൽ പ്രസിഡൻറായിരുന്ന ഷാജി മാനാപ്പള്ളിയുടെ മരണത്തെ തുടർന്ന് ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസിലെ രണ്ട് അംഗങ്ങൾ സ്വന്തം സ്ഥാനാർഥിയെ കാലുവാരിയത്. സിറ്റിങ് വൈസ് പ്രസിഡൻറ് റീനാ ജയിംസ്, ആറാം വാർഡ് അംഗം എബ്രഹാം കല്ലൂരേത്ത് എന്നിവരാണ് പ്രതിപക്ഷ സ്ഥാനാർഥിക്ക് വോട്ട് ചെയ്തത്.
അഞ്ചിനെതിരെ ആറ് വോട്ടിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി 10ാം വാർഡ് അംഗം എൻ.വി. ബാലൻ ജയിച്ചത്. യു.ഡി.എഫ് പ്രതിനിധി കുമ്പളാംപൊയ്ക വാർഡിൽനിന്നുള്ള കെ.ഇ. തോമസാണ് പരാജയപ്പെട്ടത്. ജില്ല കോൺഗ്രസ് നേതൃത്വത്തിെൻറ നിർദേശത്തെ തുടർന്നാണ് ഇദ്ദേഹത്തെ സ്ഥാനാർഥിയാക്കിയത്. എന്നാൽ, പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ ചരടുവലികളിൽ പ്രസിഡൻറ് സ്ഥാനം പ്രതീക്ഷിച്ചിരുന്ന ഭരണകക്ഷിയിലെ ചിലരുടെ മലക്കംമറിച്ചിൽ അട്ടിമറി പൂർണമാകുകയായിരുന്നു.
യു.ഡി.എഫിന് ഏഴും എൽ.ഡി.എഫിന് നാലും പ്രതിനിധികളാണുള്ളത്. രണ്ട് ബി.ജെ.പി അംഗങ്ങളും സ്വതന്ത്ര ബിന്ദു പ്രദീപും വോട്ടിങ്ങിൽ പങ്കെടുത്തില്ല. ഇത് മൂന്നാം തവണയാണ് വടശ്ശേരിക്കര പഞ്ചായത്തിൽ പ്രസിഡൻറ് മാറുന്നത്.
അംഗങ്ങളെ പുറത്താക്കിയെന്ന് കോൺഗ്രസ്
പത്തനംതിട്ട: വടശ്ശേരിക്കര പഞ്ചായത്തില്‍ പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച് സി.പി.എം സ്ഥാനാർഥിക്ക് വോട്ട് ചെയ്ത രണ്ട് കോണ്‍ഗ്രസ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ബാബു ജോര്‍ജ് അറിയിച്ചു.
സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെ കേസുകളില്‍നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടിയാണ് ഇവര്‍ സി.പി.എമ്മിനെ പിന്തുണച്ചത്. തെരഞ്ഞെടുപ്പുകളില്‍ വിപ്പ് ലംഘിച്ച് സി.പി.എമ്മിന് വോട്ട് ചെയ്തവര്‍ക്ക് വരുന്ന തെരഞ്ഞെടുപ്പുകളില്‍ സീറ്റ് നല്‍കാതിരിക്കുന്നത് പൊതു മാനദണ്ഡമാക്കണമെന്ന് കെ.പി.സി.സിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.