കിഴക്കൻ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം
text_fieldsവടശ്ശേരിക്കര: കിഴക്കൻ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. നാറാണംമൂഴി പഞ്ചായത്തിലെ കൊച്ചുകുളം കുടമുരുട്ടി മേഖലയിലാണ് കാട്ടാന ഭീതി വിതക്കുന്നത്. പുലർച്ച ടാപ്പിങ്ങിനുപോയവരും കാർ യാത്രികനും കാട്ടാനക്ക് മുന്നിൽപെട്ടു. പെരുന്തേനരുവിവഴി കൊല്ലമുളക്ക് പോകുകയായിരുന്ന കാർ യാത്രികനുനേരെ കാട്ടാന പാഞ്ഞെത്തിയെങ്കിലും കാർ പിന്നോട്ടെടുത്ത് രക്ഷപ്പെട്ടു. ഉന്നത്താനി സ്വദേശി സലാംകുമാർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ഒറ്റക്കൊമ്പൻ പാഞ്ഞെത്തിയത്.
നിരവധി ബൈക്ക് യാത്രക്കാർ ഉൾെപ്പടെ സഞ്ചരിക്കുന്ന വഴിയിൽ വന്യമൃഗശല്യം ഏറിവരുകയാണ്. കഴിഞ്ഞയാഴ്ച കാട്ടുപോത്തുകൾ റോഡിൽ കൂട്ടമായി എത്തിയിരുന്നു. കൊച്ചുകുളം തമ്പിത്തോടിന് സമീപം കൂറ്റൻ പനമരം പിഴുതു റോഡിന് കുറുകെയിട്ട കാട്ടാന പുലർച്ച ഇരുചക്ര വാഹനത്തിൽ വന്ന മൈക്കുളത്ത് യശോധരെൻറ മകൻ അശ്വഘോഷിന് നേരെ വന്നു. കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
വെളിച്ചമില്ലാതിരുന്നതുമൂലം അടുത്ത് എത്തിയ ശേഷമാണ് അശ്വഘോഷ് ആനയെ കണ്ടത്. ഇവിടെ വഴിവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയാണ്. തോടിനോട് ചേർന്ന വളവിൽ ആന നിന്നാൽ അടുത്ത് എത്തിയാൽ മാത്രമേ അറിയാൻ കഴിയൂ.
തോട്ടങ്ങളിൽ ടാപ്പിങ്ങിന് പോകുന്നവർ ചെറിയ ടോർച്ച് തെളിച്ചാണ് ഇവിടം കടന്നുപോകുന്നത്. രാവിലെ വരെ റോഡിന് കുറുകെ ആന പുഴുതിട്ട മരം വീണു കിടക്കുകയായിരുന്നു. നാട്ടുകാരാണ് വെട്ടിമാറ്റിയത്. പാട്ടകൊട്ടിയും ശബ്ദം ഉണ്ടാക്കിയുമാണ് ആനയെ തുരത്തിയത്. കുടമുരുട്ടി, കൊച്ചുകുളം ചണ്ണ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കാട്ടാനയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം കൂടുകയാണ്. വൈദ്യുതി വേലിയടക്കമുള്ള പരിഹാര നിർദേശങ്ങൾ അധികൃതർ അവഗണിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.