പൊടിപിടിച്ച് പൊലീസ് എയ്ഡ് പോസ്റ്റ്; കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വാഹന മോഷണം പതിവ്
text_fieldsപത്തനംതിട്ട: ജില്ല ആസ്ഥാനത്തെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വാഹന മോഷണം പതിവാകുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ പത്തോളം ഇരുചക്രവാഹനങ്ങളാണ് ഇവിടെ നിന്ന് മോഷണം പോയത്. ഏറ്റവും ഒടുവിലായി തിരുവല്ല സ്റ്റേഷനിലെ എ.എസ്.ഐ അജികുമാറിന്റെ ബൈക്ക് കഴിഞ്ഞ ദിവസം മോഷണം പോയി.
വലഞ്ചുഴി സ്വദേശിയായ ഇദ്ദേഹം രാവിലെ ജോലിക്ക് പോകുന്നതിനായാണ് ബൈക്ക് സ്റ്റാൻഡിലെ പാർക്കിങ് ഏരിയിൽവെച്ചത്. ഡ്യൂട്ടികഴിഞ്ഞ് തിരികെ എത്തിയപ്പോൾ വാഹനം കാണാനില്ലായിരുന്നു. രാത്രിയിലാണ് ഇവിടെ അധിക മോഷണങ്ങളും ഉണ്ടായിട്ടുള്ളത്. മോഷണം വർധിക്കുമ്പോഴും ഒരെണ്ണത്തിൽപോലും ഇതുവരെ പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ല. ഇരുചക്രവാഹനങ്ങളാണ് കൂടുതലും മോഷണം പോകുന്നത്. ഹാൻഡിൽ പൂട്ടാതെവെക്കുന്ന വാഹനങ്ങളാണ് മോഷ്ടിക്കുന്നത്. പൂട്ടിവെച്ചത് ഒടിച്ചെടുത്ത് കൊണ്ടുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
നിരവധിയാളുകൾ വരുന്ന ഇടമായിട്ടും ഒരു സെക്യൂരിറ്റി ഗാർഡ് മാത്രമാണ് പകൽ ഡ്യൂട്ടിയിലുള്ളത്. രാത്രി ഡ്യൂട്ടിക്കായി ആളെ നിയമിക്കണമെന്ന് ജീവനക്കാരടക്കം പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. പുതിയ കെട്ടിടമായിട്ടും സി.സി ടി.വി ഇതുവരെ ഇല്ലെന്നതാണ് മറ്റൊരു പ്രശ്നം. മൂന്ന് നിലയുള്ള കെട്ടിടത്തിൽ രാത്രിയായാൽ താഴത്തെ നിലയൊഴികെ ഒരിടത്തും വെളിച്ചമില്ല. കടകളൊന്നും പ്രവർത്തിക്കാത്തതിനാൽ മുകൾഭാഗം മിക്കപ്പോഴും സാമൂഹിക വിരുദ്ധരുടെ താവളമാണ്. രാത്രി സുരക്ഷ ഇല്ലാതായതോടെ സ്റ്റാൻഡിലെ ഗാരേജിലടക്കം അതിക്രമിച്ച് കയറി നാശനഷ്ടങ്ങളുണ്ടാക്കുന്ന സംഭവങ്ങളും പതിവാണ്.
രണ്ടുമാസം മുമ്പ് സർവിസ് അവസാനിപ്പിച്ച് നിർത്തിയിട്ടിരുന്ന ഓർഡിനറി ബസിന്റെ ഹെഡ് ലൈറ്റ് മൂന്ന് യുവാക്കൾ ചേർന്ന് അടിച്ചു പൊട്ടിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു.മദ്യലഹരിയിൽ ഗാരേജിനകത്തെ വിശ്രമമുറിയിൽ കയറി ജീവനക്കാരെ അസഭ്യം പറയുകയും മർദിക്കാൻ ശ്രമിച്ച സംഭവം ഉണ്ടായത് ഒരുമാസം മുമ്പാണ്. നാലുവശവും തുറന്ന് കിടക്കുന്ന പ്രദേശമായതിനാൽ അറ്റകുറ്റപ്പണിക്ക് ഇടുന്ന വാഹനങ്ങളുടെ പാർട്സുകൾ മോഷണം പോകുന്നതും പതിവാണ്.
കെട്ടിടം ഉദ്ഘാടനം ചെയ്ത സമയത്ത് തുറന്ന പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കാതെ പൊടിപിടിച്ച് കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. ശബരിമല സീസൺ സമയത്തുവരെ പ്രവർത്തിച്ചിരുന്നതാണിത്. ഇപ്പോൾ പൊലീസ് എത്തുന്നുമില്ല. നിരവധിയാളുകൾ എത്തുന്ന സ്റ്റാൻഡിൽ പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ല വികസന സമിതി യോഗത്തിലടക്കം പലതവണ ആവശ്യമുയർന്നതാണങ്കിലും നടപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.