മന്ത്രി വീണ ജോർജ് മിടുക്കിയായ മന്ത്രിയാണെന്ന് വെള്ളാപ്പള്ളി
text_fieldsപത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിനെ വേദിയിലിരുത്തി പ്രശംസിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വീണ ജോർജ് മിടുക്കിയായ മന്ത്രിയാണെന്നും വീണ ചെയ്യുന്നതെല്ലാം കുറ്റമാണെന്ന് കണ്ടെത്തുന്ന രാഷ്ട്രീയ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോന്നി എം.എൽ.എ ജനീഷ് കുമാറിനെയും വെള്ളാപ്പള്ളി പ്രശംസിച്ചു. കെ.യു. ജനീഷ്കുമാർ ജനകീയനായ എം.എൽ.എയാണെന്നും ജനീഷിനെ ഇനി തകർക്കാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം യൂനിയൻ ആഭിമുഖ്യത്തിൽ നടന്ന ചതയദിന ഘോഷയാത്രയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു സമുദായങ്ങൾ സംഘടിച്ചാൽ നീതികിട്ടും. എന്നാൽ, ഈഴവർ സംഘടിച്ചാൽ ജാതിപറയുന്നു എന്ന് പറയുകയാണ്. വിദ്യാഭ്യാസ മേഖലയിൽ നീതികിട്ടുന്നില്ല. ഈഴവ സമുദായ അംഗങ്ങൾക്ക് തൊഴിലുറപ്പ് മാത്രമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
വിഴിഞ്ഞം സമരത്തിൽ ലത്തീൻ സമുദായക്കാർ ഒന്നിച്ചുനിന്ന് ശക്തി കാട്ടിയപ്പോൾ സർക്കാർ മുട്ടിടിച്ചുനിൽക്കുകയാണ്. ലത്തീൻ സമുദായം ഉന്നയിച്ച 10 ആവശ്യങ്ങളിൽ ഒമ്പതും സർക്കാർ അംഗീകരിച്ചുകൊടുത്തു. സംഘടിച്ച് ശക്തരായാൽ മാത്രമേ ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയൂവെന്നാണ് ഇക്കാര്യം നമ്മെ ഓർമിപ്പിക്കുന്നത്. ഇത് താൻ പറയുമ്പോൾ ജാതിപറയുന്നുവെന്ന് ആക്ഷേപിക്കും. ആദർശ രാഷ്ട്രീയം കൊണ്ട് നാട് ഭരിക്കാൻ കഴിയില്ലെന്ന് എൽ.ഡി.എഫിന് മനസ്സിലായി. കോൺഗ്രസിൽ ഇപ്പോൾ ഈഴവ നേതാവായിട്ട് ഒരാളേയുള്ളൂവെന്നും പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂനിയൻ പ്രസിഡന്റ് കെ. പത്മകുമാർ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ, ഡി. അനിൽകുമാർ, സിനിൽ മുണ്ടപ്പള്ളി, ടി.പി. സുന്ദരേശൻ, സുനിൽ മംഗലത്ത്, സി.എൻ. വിക്രമൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.