കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസർ അറസ്റ്റിൽ
text_fieldsപത്തനംതിട്ട: വസ്തു പോക്കുവരവ് ചെയ്ത് കൊടുക്കാൻ കൈക്കൂലി വാങ്ങിയ ഓമല്ലൂർ വില്ലേജ് ഓഫിസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. കിടങ്ങന്നൂർ കോട്ട സൗപർണികയിൽ എസ്.കെ. സന്തോഷ് കുമാറിനെയാണ് (52) അറസ്റ്റ് ചെയ്തത്.
വാഴമുട്ടം സ്വദേശി ശിവകുമാറിൽനിന്ന് 3000 രൂപ വാങ്ങവെയാണ് അറസ്റ്റ് ചെയ്തത്. 5000 രൂപയാണ് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച അപേക്ഷ നൽകിയപ്പോൾ പ്രമാണത്തിൽ ചില തടസ്സങ്ങൾ ഉണ്ടെന്നും പണവുമായി എത്താനും ആവശ്യപ്പെട്ടു. ഇത്രയും പണം എടുക്കാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ 3000 രൂപ കൊണ്ടുവരാൻ പറഞ്ഞു.
തുടർന്ന് പരാതിക്കാരൻ പത്തനംതിട്ട വിജിലൻസ് ഡിവൈ.എസ്.പി ഹരി വിദ്യാധരന് പരാതി നൽകി. വിജിലൻസ് നൽകിയ പണവുമായാണ് പരാതിക്കാരൻ വ്യാഴാഴ്ച വൈകീട്ട് നാലിന് ഓഫിസിൽ എത്തിയത്. ഈ സമയം മറ്റൊരു വിജിലൻസ് ഉദ്യോഗസ്ഥൻ വിവരാവകാശ അപേക്ഷ നൽകാനെന്ന പേരിൽ വേഷം മാറി വില്ലേജ് ഓഫിസിൽ എത്തിയിരുന്നു. മറ്റ് വിജിലൻസ് ഉദ്യോഗസ്ഥർ സമീപത്ത് ഒളിച്ചുനിന്നു. പുറത്താരും ഇല്ലെന്ന് ഉറപ്പാക്കിയശേഷമാണ് വില്ലേജ് ഓഫിസർ പണം വാങ്ങിയത്. ഇദ്ദേഹത്തിെൻറ കിടങ്ങന്നൂരിലെ വീട്ടിലും റെയ്ഡ് നടന്നു.
വില്ലേജ് ഓഫിസർക്കെതിരെ ഏറെനാളായി വ്യാപക പരാതികളുണ്ടായിരുന്നു. ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയിട്ടുള്ളതായും ആരോപണമുയർന്നിട്ടുണ്ട്. ആറുമാസമായി വിജിലൻസ് നിരീക്ഷണത്തിലുമായിരുന്നു ഇയാൾ. വിവരമറിഞ്ഞ് ധാരാളം ആളുകൾ വിേല്ലജ് ഓഫിസ് പരിസരത്ത് തടിച്ചുകൂടി. ജനങ്ങളുടെ രോഷം വില്ലേജ് ഓഫിസർക്കെതിരെ വളരെ ശക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.