മാലിന്യ നിര്‍മാര്‍ജനം: പദ്ധതി നിര്‍വഹണം ഊര്‍ജിതമാക്കണം -മന്ത്രി വീണ ജോര്‍ജ്
text_fieldsപത്തനംതിട്ട: മാലിന്യ നിര്‍മാര്‍ജനത്തിനും സമ്പൂര്‍ണ ശുചിത്വത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ജില്ല ആസൂത്രണ സമിതി നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശുചിത്വ പ്രോജക്ടുകളുടെ ജില്ലതല അവലോകനയോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത പദ്ധതികളെല്ലാം സമയപരിധിക്കുള്ളില്‍ നടപ്പാക്കണമെന്ന് അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു.
ജില്ലയിലെ ത്രിതല പഞ്ചായത്തുകളും നഗരസഭകളും ചേര്‍ന്ന് ഈ വര്‍ഷം 75 കോടി രൂപയുടെ 1713 പ്രോജക്ടുകളാണ് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തയാറാക്കിയിട്ടുള്ളത്. നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല എന്ന പേരില്‍ ജില്ല പ്ലാനില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം ആരംഭിച്ച സമഗ്ര പദ്ധതിയുടെ നടത്തിപ്പിനെപ്പറ്റി യോഗത്തില്‍ അവലോകനം നടത്തി. ശുചിത്വവുമായി ബന്ധപ്പെട്ട പശ്ചാത്തല സൗകര്യങ്ങളെപ്പറ്റി വിവരശേഖരണം നടത്താൻ ആവശ്യമായ ഹരിതമിത്രം സര്‍വേ ജില്ലയില്‍ നടന്നു വരുകയാണ്. ഭവനങ്ങളും വ്യാപാര സ്ഥാപനങ്ങളും സന്ദര്‍ശിച്ച് വിവരശേവരണം നടക്കും. അജൈവ മാലിന്യം ശേഖരിക്കുന്ന മിനി എം.സി.എഫുകള്‍ എല്ലാ വാര്‍ഡിലും സ്ഥാപിക്കും.
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിർദേശം നല്കി. മാലിന്യ ശേഖരണം നടത്തുന്ന ഹരിതകര്‍മസേന ഒരു വാര്‍ഡില്‍ രണ്ട് എന്ന ക്രമത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉണ്ടെന്ന് ഉറപ്പുവരുത്തും. പ്ലാസ്റ്റിക് പാഴ്വസ്തുക്കള് സംസ്കരിക്കുന്ന ഫാക്ടറി കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ ഉടന്‍ നിര്‍മാണം പൂര്‍ത്തിയാകും.
ഹരിതകര്‍മ സേനക്ക് എല്ലാ ഭവനങ്ങളില്‍നിന്നും യൂസര്‍ഫീ നല്‍കണം. മാലിന്യം തള്ളൽ കൂടുതലായി നടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ഹോട്ട് സ്പോട്ടുകളായി നിശ്ചയിച്ച് നിരീക്ഷണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാലയങ്ങള്‍, ദേവാലയങ്ങള്‍ എന്നിവിടങ്ങളില്‍ സമ്പൂര്‍ണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജൂണ്‍ 30ന് മുമ്പ് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, ശുചിത്വ കൗണ്‍സില്‍ അംഗങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി അവലോകന യോഗം ചേരണമെന്നും യോഗത്തില്‍ തീരുമാനിച്ചു. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.