മാലിന്യസംസ്കരണം: പത്തനംതിട്ട ജില്ല ഏറെ പിന്നിൽ; പദ്ധതികൾ നോക്കുകുത്തി
text_fieldsപത്തനംതിട്ട: മാലിന്യസംസ്കരണത്തിൽ ഏറെ പിന്നിലാണ് ജില്ലയുടെ സ്ഥാനം. ജില്ല ആസ്ഥാനത്തെ സ്ഥിതിയും ദയനീയമാണ്. പല ഭാഗത്തും കുന്നുകൂടിയ മാലിന്യക്കൂമ്പാരങ്ങളിൽ തീ പിടിക്കുന്നത് വൻ ഭീഷണിയാണ്. ദിവസവും ഇത്തരത്തിൽ തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്നു. മാലിന്യസംസ്കരണത്തിന് രൂപവത്കരിച്ച പദ്ധതികൾ നോക്കുകുത്തികളായത് ദുരിതം ഇരട്ടിപ്പിക്കുന്നു.
ഹരിതകർമ സേനയെ ഉപയോഗപ്പെടുത്തി വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കാൻ വാർഡുകളിൽ സ്ഥാപിച്ചിരിക്കുന്ന മിനി മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റികൾ (എം.സി.എഫ്) പല പഞ്ചായത്തിലും നാട്ടുകാർക്ക് ബാധ്യതയായി മാറിക്കഴിഞ്ഞു. മിക്കതും നിറഞ്ഞുകിടക്കുന്നു. ഇരുമ്പുകൂടുകളിലും പുറത്തും ചാക്കിൽ കെട്ടിയും അല്ലാതെയും മാലിന്യം കിടക്കുകയാണ്. ഇവ ചീഞ്ഞളിഞ്ഞ് പരിസരമാകെ ദുർഗന്ധം വമിക്കുന്നു.
മാസങ്ങളായി ഇതേ അവസ്ഥയാണ്. ഇക്കാര്യം വാർഡ് അംഗങ്ങളോട് ചോദിച്ചാൽ തട്ടിക്കയറുന്ന അവസ്ഥയാണ്. മിനി എം.സി.എഫുകളിൽനിന്ന് മാലിന്യം ശേഖരിച്ച് പഞ്ചായത്തുതല എം.സി.എഫുകളിലേക്കാണ് കൊണ്ടുപോകേണ്ടത്. ഇങ്ങനെ കൊണ്ടുപോകാൻ വാഹന സൗകര്യമില്ലാത്തതാണ് മിക്ക തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലും പ്രധാന പ്രശ്നം. ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യം പൊതുസ്ഥലങ്ങളിൽ കെട്ടിക്കിടക്കുകയാണ്.
എം.സി.എഫിൽ തരം തിരിച്ച് സൂക്ഷിച്ച മാലിന്യം കെട്ടിക്കിടക്കാൻ അനുവദിക്കാതെ യഥാസമയം മാലിന്യ സംസ്കരണ പ്ലാന്റുകൾക്ക് കൈമാറുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, അത്തരം എജൻസികളുടെ പ്രവർത്തനം മിക്കയിടത്തും നിലച്ചമട്ടാണ്. എം.സി.എഫിൽ ശേഖരിക്കുന്ന മാലിന്യം വീണ്ടും ആവശ്യമായ രീതിയിൽ പ്രത്യേകം വേർതിരിച്ച് സൂക്ഷിക്കാനോ സംസ്കരിക്കാനോ ഒരിടത്തും സംവിധാനമില്ല എന്നതാണ് യാഥാർഥ്യം.
നഗരസഭ മാലിന്യം ‘ക്ലീൻ കേരള’ക്ക് കൈമാറും
പത്തനംതിട്ട: മാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിച്ചിരുന്ന സ്വകാര്യ കമ്പനിയായ ക്രിസ് ഗ്ലോബലിനെ ഒഴിവാക്കി നഗരസഭയുടെ തനത് സംവിധാനത്തിൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് പറഞ്ഞു. പ്രവർത്തനങ്ങളിൽ വീഴ്ച വന്നതിനെ തുടർന്നാണ് മാറ്റുന്നത്.
സംഭരണ കേന്ദ്രത്തിലെ മുഴുവൻ മാലിന്യവും മാറ്റാൻ അവർക്ക് നിർദേശം നൽകിയിട്ടുണ്ട്. മാലിന്യങ്ങൾ സംഭരിച്ച് ‘ക്ലീൻ കേരള’ കമ്പനിക്ക് നൽകാനാണ് തീരുമാനം. നിലവിലെ ജൈവ-അജൈവ മാലിന്യ സംസ്കരണ കേന്ദ്രങ്ങളെ മെച്ചപ്പെടുത്തുന്നതിന് ലോകബാങ്ക് സഹായത്തോടെ പദ്ധതിയും തയാറാക്കിയിട്ടുണ്ട്.
ജില്ല ആസ്ഥാനം മാലിന്യമയം
പത്തനംതിട്ട: ജില്ല ആസ്ഥാനമായ പത്തനംതിട്ടയിൽ പുതിയ ബസ്സ്റ്റൻഡിന്റെ വടക്ക് വശത്തെ നഗരസഭയുടെ മാലിന്യസംഭരണകേന്ദ്രം ഒരേ സമയം പകർച്ചവ്യാധി ഭീഷണിയിയും സുരക്ഷാ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. തരംതിരിച്ച് മാറ്റാതെ മാലിന്യം ഇവിടെ കുന്നുകൂടിക്കിടക്കുകയാണ്. പെട്രോൾ പമ്പിന് സമീപമാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.
മാലിന്യസംഭരണകേന്ദ്രത്തിലെ ചെറിയ തീപിടിത്തംപോലും വൻ ദുരന്തത്തിന് ഇടയാക്കാൻ സാധ്യതയുള്ളതാണ് സുരക്ഷാപ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്. ഹരിത കർമസേന നഗരത്തിന്റെ പലഭാഗത്തുനിന്നും മാലിന്യം ശേഖരിച്ച് സംഭരണ കേന്ദ്രത്തിൽ തള്ളുകയാണ്. ചുമതലപ്പെടുത്തിയ ഏജൻസിയുടെ ഭാഗത്തെ വീഴ്ച കാരണമാണ് മാലിന്യം കുന്നുകൂടാനിടയാക്കുന്നതെന്ന് ആവർത്തിക്കുക മാത്രമാണ് നഗരസഭ അധികൃതർ ചെയ്യുന്ന ‘നടപടി’.
എന്നാൽ, വേണ്ടത്ര സൗകര്യങ്ങൾ നഗരസഭ ഒരുക്കിയിട്ടില്ലെന്ന് സ്വകാര്യ ഏജൻസിയായ ക്രിസ് ഗ്ലോബൽ പറയുന്നു. നഗരത്തിൽ ഒരു ദിവസം കുറഞ്ഞത് ഒമ്പത് ടൺ പാഴ് വസ്തുക്കൾ ഉണ്ടാകുന്നതായാണ് കണക്ക്. വീടുകളിൽനിന്ന് ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ റിങ് റോഡരികിലെ അറവുശാലയിലെ ബയോഗ്യാസ് പ്ലാന്റിൽ സംസ്കരിക്കുകയാണ് ചെയ്യുന്നത്. ദിവസവും അഞ്ച് ടൺവരെ പ്ലാസ്റ്റിക് മാലിന്യം സംഭരണകേന്ദ്രത്തിൽ എത്തുന്നുണ്ട്. ഇവിടെ തരം തിരിച്ചുമാറ്റുന്നതിന് സ്ഥല പരിമിതി ഉൾപ്പെടെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
ഉറവിട മാലിന്യസംസ്കരണത്തിനുള്ള റിങ് കമ്പോസ്റ്റ്, ബിൻ കമ്പോസ്റ്റ് എന്നിവ സ്ഥാപിക്കാൻ നഗരത്തിൽ സ്വകാര്യ വ്യക്തികൾക്ക് സ്ഥലസൗകര്യമില്ല. ഉറവിട മാലിന്യസംസ്കരണത്തിന് നഗരസഭ തുടങ്ങിയ പദ്ധതികളൊന്നും ഫലപ്രദമായിട്ടുമില്ല. 32 വാർഡിലായി 38 ഹരിതകർമ സേന അംഗങ്ങൾ 2700 വീടുകളിലെയും 219 സ്ഥാപനങ്ങളിലെയും അജൈവമാലിന്യം ശേഖരിച്ച് തരംതിരിക്കുന്നുണ്ട്.
ഉറവിട ജൈവ മാലിന്യ സംസ്കരണത്തിനായി 1265 റിങ് കമ്പോസ്റ്റ് യൂനിറ്റും 380 ബയോബിൻ കമ്പോസ്റ്റ് യൂനിറ്റും വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിന്റെ ഭാഗമായി നഗരത്തിലുണ്ട്. കേന്ദ്രീകൃത സംവിധാനത്തിൽ നാല് തുമ്പൂർമൂഴി യൂനിറ്റും രണ്ട് ബയോഗ്യാസ് പ്ലാന്റും ജൈവ മാലിന്യ സംസ്കരണത്തിനായി പ്രവർത്തിക്കുന്നു. അജൈവ മാലിന്യ സംസ്കരണ ഭാഗമായി രണ്ട് എം.സി.എഫ്, നാല് മിനി എം.സി.എഫ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.