മാലിന്യം നീക്കുന്ന വാഹനങ്ങളില്‍ ജി.പി.എസ് നിർബന്ധം
text_fieldsപത്തനംതിട്ട: മാലിന്യം കടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
കലക്ടറേറ്റില്‍ ചേര്‍ന്ന ജി.പി.എസ് മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍.
ജില്ലയിലെ മാലിന്യം നീക്കം ചെയ്യുന്ന വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നത് കര്‍ശനമാക്കും. കൂടാതെ മാലിന്യശേഖരണ ഏജന്‍സികള്‍ ശേഖരണവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ശുചിത്വ മിഷനില്‍നിന്ന് നല്കുന്ന ഹോളോഗ്രാം ജില്ലയില്‍ മാലിന്യം ശേഖരിക്കുന്ന എല്ലാ വാഹനങ്ങളിലും പതിപ്പിക്കണം.
ഹോളോഗ്രാം പതിപ്പിക്കാത്ത വാഹനങ്ങള്‍ ജില്ലയില്‍ സര്‍വിസ് നടത്താന്‍ പാടില്ല. ജില്ലയില്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. പിടിക്കപ്പെടുന്ന അനധികൃത വാഹനത്തിന്റെ ഉടമസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലയില്‍ ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ എല്ലാവരും സഹകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
ജൈവ- അജൈവ- ദ്രവ മാലിന്യം പൊതുയിടങ്ങളിലും ജലാശയങ്ങളിലും തള്ളുന്നത് കര്‍ശനമായി നിരീക്ഷിക്കണമെന്നും സംയുക്ത പരിശോധന നടത്തണമെന്നും മോട്ടോര്‍ വെഹിക്കിള്‍, പൊലീസ് വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി.
ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, എൽ.എസ്.ജി.ഡി ജില്ല ജോയന്റ് ഡയറക്ടര്‍ ജോണ്സണ് പ്രേംകുമാര്‍, ശുചിത്വ മിഷന് കോഓഡിനേറ്റര്‍ ബൈജു ടി. പോള്‍, ക്ലീന്‍ കേരള ജില്ല മാനേജര്‍ എം.ജെ. ദിലീപ്കുമാര് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.