ഏനാദിമംഗലത്ത് ആശുപത്രി മാലിന്യസംസ്കരണ കേന്ദ്രം; വിവാദം പുകയുന്നു
text_fieldsപത്തനംതിട്ട: ഏനാദിമംഗലം കിൻഫ്ര പാർക്കിനോടുചേർന്ന് ബയോ മെഡിക്കൽ സംസ്കരണ കേന്ദ്രം തുടങ്ങാനുള്ള നീക്കത്തിൽ വിവാദം പുകയുന്നു. കിൻഫ്ര പാർക്കിലെ മറ്റ് സംരംഭകരും നാട്ടുകാരും സി.പി.എം ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളും എതിർപ്പുമായി രംഗത്തുണ്ട്. പ്രദേശവാസികൾ സമരവും തുടങ്ങി.
ഏനാദിമംഗലത്ത് കിന്‍ഫ്രാ പാര്‍ക്കിലാണ് സ്വകാര്യ ഡോക്ടര്‍മാരുടെ സംഘടനായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ(ഐ.എം.എ) നേതൃത്വത്തില്‍ മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങാന്‍ നീക്കം.
തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനാണ് ഏനാദിമംഗലത്ത് മൂന്ന് ഏക്കർ സ്ഥലം സർക്കാർ അനുവദിച്ചത്. 20 വർഷമായി പാലക്കാട് കഞ്ചിക്കോട്ട് പ്രവർത്തിച്ചുവരുന്ന ഇമേജ് പ്ലാന്റിന്റെ അതേ ഘടനയിലാണ് ഏനാദിമംഗലത്തെ പ്ലാന്റും വിഭാവനം ചെയ്തിരിക്കുന്നത്.
20 ടൺ മാലിന്യങ്ങൾ സംസ്കരിക്കാൻ കഴിയുന്ന പ്ലാന്റ് യാതൊരുവിധ പരിസ്ഥിതി പ്രശ്നങ്ങളും ഉയർത്തില്ലെന്നു ഐ.എം.എ ഭാരവാഹികൾ അവകാശപ്പെടുന്നു. ആധികാരികമായ പഠനങ്ങളുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെയുമാണ് പ്ലാന്റ് തുറന്ന് പ്രവർത്തിക്കുകയെന്നും ഇവർ പറയുന്നു. മറ്റു ജില്ലകളിൽനിന്നും കൊണ്ടുവരുന്ന മെഡിക്കൽ അവശിഷ്ടങ്ങളും രോഗാണുവാഹകമായ മാലിന്യങ്ങളുമാണ് ഇവിടെ സംസ്കരിക്കാൻ പദ്ധതിയുള്ളത്. സംസ്കരണ കേന്ദ്രത്തിൽനിന്ന് ഉയരുന്ന പുകമാലിന്യം സമീപത്തെ ഭക്ഷ്യസംസ്കരണ മേഖലയ്ക്കും വലിയ ഭീഷണി സൃഷ്ടിക്കുമെന്ന് സംരംഭകർ പറയുന്നു. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ മിക്കവയും വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നവയാണ്.
ഉന്നത ഗുണനിലവാരം ഉറപ്പു വരുത്തേണ്ട ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പിന്നോട്ടടിക്കുന്നതാവും പ്ലാന്റ് പ്രവർത്തനമെന്ന് സംരഭകർക്ക് ഭയമുണ്ട്. വ്യവസായ പാർക്ക് ഉൾപ്പെടുന്ന മേഖല ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശവുമാണ്. ജനങ്ങളുടെ ആശങ്കയ്ക്ക് കൃത്യമായ മറുപടി നൽകാൻ ഐ.എം.എ അധികൃതർക്ക് സാധിച്ചിട്ടില്ലെന്ന് സമരസമതിയും പറയുന്നു. ഏനാദിമംഗലം പഞ്ചായത്ത് ഭരണസമിതിയും മാലിന്യ സംസ്കരണ കേന്ദ്രം വരുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ഒരു കാരണവശാലും പ്ലാന്റിന് അനുമതി നൽകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാൽ നായർ പ്രതികരിച്ചു. വ്യവസായ മേഖലയായതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരപരിധിക്ക് പുറത്തായതിനാൽ ഭരണസമിതിക്ക് പരിമിതിയുണ്ട്. എന്നാൽ രാഷ്ട്രീയ ഭേദമെന്യേ പൊതുജനങ്ങളുമായി ചേർന്ന് സമരരംഗത്തിറങ്ങുമെന്ന് പ്രസിഡന്റ് പറഞ്ഞു. പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പ്രമേയം അംഗീകരിച്ചതായി പ്രസിഡന്റ് ആർ.തുളസീധരൻപിളള പറഞ്ഞു.
ആശങ്കക്ക് അടിസ്ഥാനമില്ല –ഐ.എം.എ
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇമേജ് പ്രോജക്ടിലൂടെ സ്ഥാപിക്കാനുദ്ദേശിക്കുന്ന ബയോ മെഡിക്കൽ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ഐ.എം.എ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ നിലവിൽ കഞ്ചിക്കോട്ട് മാത്രമാണ് ബയോ മെഡിക്കൽ മാലിന്യസംസ്കരണ പ്ലാന്റ് പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാരിന്റെ പുതിയ നിയമപ്രകാരം ആശുപത്രികളിൽ നിന്നുള്ള ബയോ മെഡിക്കൽ മാലിന്യങ്ങൾ ഉറവിടത്തിൽ നിന്നും 75 കിലോമീറ്റർ ചുറ്റളവിനുള്ളിൽ 24 മണിക്കൂറിനുള്ളിൽ നിർമാർജനം ചെയ്യണമെന്നാണ്.
തെക്കൻ ജില്ലകളിൽനിന്നും ഈ സമയപരിധിക്കുള്ളിൽ മാലിന്യങ്ങൾ കഞ്ചിക്കോട് വരെ എത്തിക്കാൻ കഴിയില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ തന്നെ മുൻകൈയെടുത്ത് പുതിയ പ്ലാന്റിന് ഏനാദിമംഗലത്ത് സ്ഥലം അനുവദിച്ചത്. പുതിയ പ്ലാന്റ് സ്ഥാപിക്കാനാകുന്നില്ലെങ്കിൽ തെക്കൻ കേരളത്തിലെ ആശുപത്രികളിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ നിർമാർജനം ചെയ്യാനാകാത്ത സാഹചര്യമുണ്ടാകുമെന്ന് ഐ.എം.എ ഭാരവാഹികൾ പറഞ്ഞു. ആശുപത്രികളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ബയോ മെഡിക്കൽ മാലിന്യങ്ങൾ ചികിത്സയെ തുടർന്നുണ്ടാകുന്നതാണ്. ഇത് പ്ലാന്റിൽ എത്തിക്കുന്നത് തീർത്തും സുരക്ഷിതമായ സംവിധാനത്തിലാണ്. ഇവയുടെ ശാസ്ത്രീയമായ നിർമാർജ്ജനം മലിനീകരണ നിയന്ത്രണ ബോർഡിന്റെ 24 മണിക്കർ നിരീക്ഷണത്തിൽ നടത്തുന്നതാണെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട് രോഗവ്യാപനമോ പൊതുജനാരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകില്ല. പ്ലാന്റിൽ നിന്നുള്ള യാതൊരു വിഷവസ്തുക്കളും വായുവിൽ കലരില്ല. ആധുനികമായ ഡ്രൈ പ്ലാന്റുകളിൽ ഒന്നായിട്ടാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ജലത്തിന്റെ ഉപയോഗം പരിമിതമാണ്. ഉപയോഗിക്കുന്ന വെള്ളം വീണ്ടും ശുദ്ധീകരിച്ച് പുനർ ഉപയോഗത്തിനായി എടുക്കും. പ്ലാന്റിൽ നിന്നും ജലം പുറത്തേക്ക് ഒഴുക്കുകയോ സമീപ പ്രദേശങ്ങളെ മലിനപ്പെടുത്തുകയോ ചെയ്യുന്നില്ല. ചുറ്റമുള്ള കിണർ, കുളം, മറ്റ് ശുദ്ധജല സ്രോതസുകൾഎന്നിവയെ പ്ലാന്റ് ഒരുവിധത്തിലും മലിനപ്പെടുത്തില്ല.
പ്ലാന്റിലെത്തുന്ന എല്ലാ ആശുപത്രി മാലിന്യങ്ങളും മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയന്ത്രണങ്ങൾക്കു വിധേയമായി സുരക്ഷിതമായി സംസ്കരിച്ച് 24 മണിക്കൂറിനുള്ളിൽ ശാസ്ത്രീയമായി നിർമാർജനം ചെയ്യും. ജനങ്ങൾക്ക് യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാതെ പ്ലാന്റ് നടത്താനുള്ള ധാർമിക ഉത്തരവാദിത്വം ഐ.എം.എക്ക്ഉണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ പറഞ്ഞു.ഐ.എം.എ സെക്രട്ടറി ഡോ.കെ ശശിധരൻ, ഇമേജ് ചെയർമാൻ ഡോ.ഏബ്രഹാം വർഗീസ്, സെക്രട്ടറി ഡോ.കെ.പി. ഷറഫുദ്ദീൻ, കൺവീനർ ഡോ. സുരേഷ്, ഡോ.മണിമാരൻ, ജില്ല പ്രസിഡന്റ് ഡോ.ജോസ് ഏബ്രഹാം എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
പ്ലാന്റ് വേണ്ട: പ്രമേയം പാസാക്കി പറക്കോട് ബ്ലോക്ക് പഞ്ചായത്ത്
ആശുപത്രി മാലിന്യ സംസ്കാരണ പ്ലാന്റിനെതിരെ പ്രമേയം അംഗീകരിച്ച് പറക്കോട് ബ്ലോക്ക് പഞ്ചായത്ത്. കഴിഞ്ഞ മാസം 29ന് ചേർന്ന ഭരണസമിതി യോഗത്തിലാണ് പ്രമേയം അംഗീകരിച്ചത്. വ്യവസായ പാർക്ക് ഉൾപ്പെടുന്ന മേഖല, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണെന്നും നിരവധി ഭക്ഷ്യ സംസ്കരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായും ഭരണസമിതി ചൂണ്ടിക്കാട്ടി.
സമീപ ജില്ലകളിൽ നിന്നുൾപ്പെടെയുളള രോഗാണുവാഹകമായ ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിലൂടെ ഉണ്ടാകുന്ന പുക മാലിന്യം മനുഷ്യരാശിക്കും ഭക്ഷ്യ സംസ്കരണ പ്രവർത്തനങ്ങളെയും നാടിനെയും മലിനമാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി വിലയിരുത്തി. മാത്രമല്ല പ്രദേശവാസികളിൽ വലിയ ഭയാശങ്കകൾ പ്ലാന്റുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്.ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരവും വായുവിനെയും ജലസ്രോതസുകളെയും മലിനപ്പെടുത്തുന്നതുമായ ബയോ മെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്ലാന്റ് സ്ഥാപിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
പ്രസിഡന്റ് ആർ.തുളസീധരൻപിളളയാണ് പ്രമേയം അവതരിപ്പിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റോഷൻ ജേക്കബ് പിന്താങ്ങി. തുടർ നടപടികൾ സ്വീകരിക്കുന്നതിന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ജനവാസ മേഖലയില്‍ അനുവദിക്കില്ല -സി.പിഎം
ജനവാസ മേഖലയിൽ മെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ .പി. ഉദയഭാനു പ്രസ്താവനയിൽ പറഞ്ഞു. ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്ക അതീവ ഗൗരവത്തിൽ എടുക്കണം.
നിരവധി ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങളടക്കം പ്രവർത്തിക്കുന്ന വ്യവസായ മേഖലയിൽ ഇത്തരത്തിലുള്ള മാലിന്യ സംസ്കരണ കേന്ദ്രം ഒരു കാരണവശാലും സ്ഥാപിക്കരുത്. ഒരു പ്രദേശത്ത് ജനങ്ങളെയാകെ ആശങ്കപ്പെടുത്തി പ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ല.
ജനവാസമില്ലാത്ത മേഖലയിലേക്ക് പ്ലാന്റ് മാറ്റിസ്ഥാപിക്കാൻ ഐ.എം.എ അധികൃതർ നടപടി കൈക്കൊള്ളണം. നാട് ഒന്നാകെയും ഇതിനെതിരെ ശബ്ദമുയർത്തിയിട്ടും പ്ലാന്റ് മാറ്റാനുള്ള തീരുമാനം ബന്ധപ്പെട്ടവർ കൈക്കൊണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് സി.പി. എം നേതൃത്വം നൽകുമെന്നും ഉദയഭാനു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.