അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
text_fieldsപന്തളം: മഴയുടെ ശക്തി വർധിച്ചതോടെ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തിപ്പെട്ടതോടെ തുമ്പമൺ/അമ്പലക്കടവ്, കടയ്ക്കാട്, മുട്ടാർ, തോട്ടക്കോണം, കൈപ്പുഴ, ഐരാണിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ വെള്ളപ്പൊക്കം ഉണ്ടാകുമോയെന്ന ആശങ്കയിലാണ്. രണ്ട് ദിവസമായി ആറ്റിലെ ജലനിരപ്പ് ഉയരുകയാണ്. ഇതോടൊപ്പമാണ് കിഴക്കൻ വെള്ളത്തിന്‍റെ കുത്തൊഴുക്ക്. വർഷങ്ങളായി വെള്ളപ്പൊക്കത്തിലുണ്ടാകുന്ന ദുരന്തങ്ങൾ കാരണം പ്രദേശത്തെ ജനങ്ങൾ ശാശ്വത പരിഹാരത്തിനായി മുറവിളി നടത്തിയിട്ടും പരിഹാരം കാണാൻ കഴിഞ്ഞില്ല.
തോരാത്ത മഴയെ തുടർന്ന് തുമ്പമൺ, കുളനട മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. മഴ ഇതേ രീതിയിൽ തുടർന്നാൽ കൂടുതൽ സ്ഥലങ്ങളിൽ വെള്ളം കയറും. പഞ്ചായത്ത് പ്രദേശങ്ങളിലെ തോടുകളിൽ ജലനിരപ്പ് ഉയർന്നു.
തറപ്രദേശങ്ങളിൽ കൃഷി ചെയ്തുകൊണ്ടിരിക്കുന്ന പച്ചക്കറികളിലും കരകൃഷികളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പന്തളം നഗരസഭയിലെ പടിഞ്ഞാറ് മേഖലയിലും പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറി തുടങ്ങിയത്. കഴിഞ്ഞ കൃഷിയിൽ ലക്ഷക്കണക്കിന് രൂപയുടെ നെൽകൃഷിയാണ് കരിങ്ങാലി പുഞ്ചയിൽ വെള്ളത്തിനടിയിലായത്. ഇത് കാരണം കർഷകർക്കുണ്ടായ നഷ്ടം നികത്താൻ കഴിഞ്ഞിട്ടില്ല. വീണ്ടും വെള്ളത്തിന്‍റെ അളവ് കൂടിയാൽ വെള്ളം വറ്റിച്ച് കൃഷിയിറക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുംതന്നെ ഈ പുഞ്ചകളിൽ ഇല്ല. ഇത് കാരണം നവംബറിലെ കൃഷിയും ഇറക്കാൻ കഴിയുമോയെന്നുള്ള ആശങ്കയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.