ആതിരമലയിൽ മുപ്പതോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി താണ്ടുന്നത് കിലോമീറ്ററുകൾ
text_fieldsകുരമ്പാല: പദ്ധതിയുണ്ട് പക്ഷേ, കുടിവെള്ളം കിട്ടാൻ 60 അടി താഴ്ചയിൽ എത്തണം. കുരമ്പാല തെക്ക് ആതിരമലയിലെ ഇരുപതോളം കുടുംബങ്ങളാണ് 60 അടി താഴ്ചയുള്ള കിണറിനെ ആശ്രയിക്കുന്നത്.
2004-2005 സാമ്പത്തിക വർഷം സി.എസ്. സുജാത എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ഒമ്പതുലക്ഷം രൂപ മുടക്കി ആരംഭിച്ച കുടിവെള്ള പദ്ധതിയുടെ പമ്പുസെറ്റ് തകരാറിലായതോടെയാണ് ഇരുപതോളം കുടുംബങ്ങൾ ആതിരമലയുടെ അടിവാരത്ത് എത്തേണ്ട സാഹചര്യമായത്.
2006ൽ ഉദ്ഘാടനം ചെയ്ത പദ്ധതി എട്ടുമാസം മുമ്പുവരെ പ്രവർത്തനസജ്ജമായിരുന്നു. 7.5 എച്ച്.പി പ്രവർത്തന ശേഷിയുള്ള മോട്ടോർ പ്രവർത്തനരഹിതമായതാണ് കുടിവെള്ളം മുട്ടാൻ കാരണം.
ആതിരമലയുടെ അടിവാരത്ത് 55 അടി താഴ്ചയിൽ കിണർ നിർമിച്ച് മലയുടെ മധ്യഭാഗത്തുള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്താണ് കുടിവെള്ള വിതരണം നടത്തിയിരുന്നത്.
വൈദ്യുതി ബിൽ നൽകിയിരുന്നത് ഗുണഭോക്താക്കളായ 30ഓളം കുടുംബാംഗങ്ങളാണ്. ജപ്പാൻ കുടിവെള്ള പദ്ധതിപ്രകാരം ആതിരമലയുടെ വിവിധ ഭാഗങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളം ക്ലോറിൻ കലർന്നതിനാൽ ഉപയോഗശൂന്യമാണെന്ന് നാട്ടുകാർ പറയുന്നു.
പമ്പുസെറ്റ് പ്രവർത്തനരഹിതമായതോടെ സ്വകാര്യ വ്യക്തിയുടെ കിണറിൽനിന്ന് എടുക്കുന്ന വെള്ളം മൂന്ന് കിലോമീറ്ററോളം വഴുക്കൽ നിറഞ്ഞ വഴിയിലൂടെ നടന്നാണ് വീടുകളിൽ എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.