നീര്‍ത്തട സർവേ; ജില്ലയിലെ നീര്ത്തടങ്ങളില് 67 ഇനങ്ങളിൽ 6170 നീർപ്പക്ഷികൾ
text_fieldsപത്തനംതിട്ട: ജില്ലയിലെ എട്ട് നീര്ത്തടങ്ങളില് നടന്ന ഏഷ്യന്‍ നീര്‍പ്പക്ഷി കണക്കെടുപ്പിൽ 67 ഇനങ്ങളിലായി 6170 നീർപ്പക്ഷികളെ കണ്ടെത്തി.
കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ആയിരത്തോളം പക്ഷികളുടെ കുറവാണ് രേഖപ്പെടുത്തിയത്. നീര്‍ത്തടങ്ങളുടെ പാരിസ്ഥിതികാരോഗ്യം വിലയിരുത്താനും ദേശാടകരും സ്ഥിരവാസികളുമായ നീര്‍പ്പക്ഷികളുടെ സ്ഥിതി മനസിലാക്കാനുമായി എല്ലാ വര്‍ഷവും ജനുവരിയിൽ നടക്കുന്ന ഏഷ്യന്‍ നീര്‍പ്പക്ഷി കണക്കെടുപ്പാണ് നടന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് പന്തളം കരിങ്ങാലി പുഞ്ചയുടെ ചേരിക്കല്‍ ഭാഗം, പൂഴിക്കാട്, വള്ളിക്കോട് പുഞ്ച, ആറന്മുള- നാല്ക്കാലിക്കല് നീര്‍ത്തടം, നന്നൂര്‍ ഇഞ്ചന്ചാല്, കവിയൂര്‍ പുഞ്ച, അപ്പര്‍ കുട്ടനാടിന്റെ ഭാഗങ്ങളായ ഇടിഞ്ഞില്ലം, മേപ്രാല്‍ എന്നിവിടങ്ങളിൽ കണക്കെടുപ്പ് നടന്നത്.
പക്ഷിനിരീക്ഷകരും വനംവകുപ്പുദ്യോഗസ്ഥരും വിദ്യാർഥികളും ഉള്‍പ്പടെ 58 പേര് പങ്കെടുത്താണ് കണക്കെടുപ്പ് പൂർത്തീകരിച്ചത്. നീര്പ്പക്ഷികളോടൊപ്പം ഓരോ പഠനപ്രദേശത്തെയും മറ്റെല്ലാ പക്ഷികളെയും നിരീക്ഷിച്ച് രേഖപ്പെടുത്തിയിരുന്നു.
120 ഇനങ്ങളിൽപെട്ട പക്ഷികളെ ഈ കണക്കെടുപ്പു പരിപാടിയിലൂടെ രേഖപ്പെടുത്താന്‍ സാധിച്ചു. വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ പത്തനംതിട്ട ബേഡേഴ്സ് ആണ് കണക്കെടുപ്പ് നടത്തിയത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്, മാവേലിക്കര ബിഷപ്പ് മൂർ കോളജ്, പ്രമാടം നേതാജി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളെയും പങ്കെടുപ്പിച്ചു.
ദീര്‍ഘദൂര ദേശാടകരായ പുള്ളിചോരക്കാലി, വരി എരണ്ട, ചതുപ്പന്‍, പൊന്‍മണല്‍ക്കോഴി, പച്ചക്കാലി, ആറ്റുമണല്‍ക്കോഴി, കുരുവി മണലൂതി, ടെമ്മിങ്കി മണലൂതി, ബഹുവർണമണലൂതി, പുള്ളി കാടക്കൊക്ക്, കരിമ്പന്‍ കാടക്കൊക്ക്, പട്ടവാലന്‍ ഗോഡ്വിറ്റ്, കരി ആള, മഞ്ഞവാലുകുലുക്കി, വലിയ പുള്ളിപ്പരുന്ത്, കരിതപ്പി, എന്നിങ്ങനെയുള്ള 25 ഇനങ്ങളെയും ലഘുദേശാടകരായ പവിഴക്കാലി, ചായമുണ്ടി എന്നിവയെയും നീര്ത്തടങ്ങളില് നിന്നും കണ്ടെത്തി.
കാലാവസ്ഥാവ്യതിയാനം കേരളത്തിലെ കാര്‍ഷിക കലണ്ടറിൽ വ്യതിയാനങ്ങള്‍ വരുത്തുന്നത് നീര്ത്തടങ്ങളിലെത്തുന്ന പക്ഷികളുടെ കണക്കിലും കാര്യമായ വ്യത്യാസം വരുത്തുന്നതായി സർവേ സംഘം വിലയിരുത്തുന്നു.
വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം അസി. കണ്‍സര്‍വേറ്റര്‍ ജി. ധനിക് ലാല്‍, റേഞ്ച് ഓഫീസര്‍ എ.എസ്.അശോക്, പത്തനംതിട്ട ബേഡേഴ്സ് പ്രസിഡന്റ് ജിജി സാം തുടങ്ങിയവർ സർവേക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.