വയനാടിനായി സഹായപ്രവാഹം; കൈകോർത്ത് പത്തനംതിട്ട
text_fieldsപത്തനംതിട്ട: ഉറക്കത്തിനിടയിൽ ഉരുൾദുരന്തം കൂട്ടിക്കൊണ്ടുപോയത് വയനാട്ടിലാണെങ്കിലും സമാന ഭൂപ്രകൃതിയുള്ള പത്തനംതിട്ട ജില്ലയുടെയും മനസ്സ് വേവുകയാണ്. വയനാട് മേപ്പാടിയിൽ ദുരന്തത്തിൽപെട്ടവർക്കായി മലയോര ജില്ലയിൽനിന്നും സഹായം പ്രവഹിച്ചുതുടങ്ങി. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും രാഷ്ട്രീയ കക്ഷികളും യുവജന സംഘടനകളും സാമൂഹിക സന്നദ്ധ- മത സംഘടനകളും മാധ്യമപ്രവർത്തകരും രംഗത്തിറങ്ങി. ദിവസ വേതനക്കാർപോലും ഒരുദിവസത്തെ കൂലിക്ക് കിട്ടുന്ന സാധനങ്ങളുടെ ഇത്തരം ശേഖരണ കേന്ദ്രങ്ങളിലേക്ക് എത്തി.
ജില്ല ഭരണകൂടവും ജില്ല പഞ്ചായത്തും സംയുക്തമായും മറ്റ് തദ്ദേശ സ്ഥാപനങ്ങളും സഹായകേന്ദ്രങ്ങൾ തുറന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാരും സഹായം എത്തിക്കുന്നുണ്ട്. സന്നദ്ധ പ്രവർത്തകരും സംഘടനകളും ദുരിതാശ്വാസ സാമഗ്രികളുമായി വയനാട്ടിലേക്ക് ഇപ്പോൾ എത്തുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ സർക്കാർ സംവിധാനം ഉപയോഗപ്പെടുത്തണമെന്നാണ് സംസ്ഥാന സർക്കാർ അഭ്യർഥിച്ചിരിക്കുന്നത്. പാക്ക് ചെയ്തത് ഭക്ഷണസാധനങ്ങൾ, കുപ്പിവെള്ളം, പുതിയ വസ്ത്രങ്ങൾ, സ്വെറ്ററുകൾ, കമ്പിളി, ബെഡ് ഷീറ്റുകൾ, സാനിട്ടറി നാപ്കിൻസ്, മരുന്നുകൾ, ബക്കറ്റുകൾ, പേസ്റ്റ്, ബ്രഷ് തുടങ്ങി നിരവധി സാധനങ്ങൾ ഇത്തരം കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തുകയാണ്.
ദുരന്തത്തിൽപെട്ടവരെ സഹായിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷരുമായി നടത്തിയ ഓൺലൈൻ യോഗത്തിൽ തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ അടിയന്തരമായി ചൊവ്വാഴ്ച വൈകീട്ട് യോഗം വിളിക്കുകയായിരുന്നു. . ഇതുസംബന്ധിച്ച് ഏകോപനം നടത്താൻ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ നേതാക്കളായ പെരുന്നാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹൻ ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ, പി. രാജേഷ് കുമാർ, ഡി.ഡി.പി എന്നിവരെ യോഗം ചുമതലപ്പെടുത്തി. സാമ്പത്തിക സഹായം ആവശ്യമാണെങ്കിൽ നൽകാൻ തയാറാണെന്നും തദ്ദേശ സ്ഥാപന അധ്യക്ഷർ അറിയിച്ചു.
ജനപ്രതിനിധികളിൽനിന്നും പഞ്ചായത്ത് ഉദ്യോഗസ്ഥരിൽനിന്നും മറ്റ് സ്പോൺസർമാരിൽനിന്നും പണം കണ്ടെത്തി ജില്ല ഭരണകൂടം നൽകുന്ന അക്കൗണ്ടിൽ നിക്ഷേപിക്കാനും ധാരണയായി. ഇനിയും പണം കൂടുതൽ ആവശ്യമാണെങ്കിൽ പഞ്ചായത്ത് കമ്മിറ്റി അടിയന്തരമായി യോഗം ചേർന്ന് തനത് ഫണ്ടിൽനിന്ന് സംഭാവന നൽകാമെന്നും അധ്യക്ഷന്മാർ യോഗത്തെ അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവിന് കാത്തുനിൽക്കാതെ കമ്മറ്റി തീരുമാനമെടുത്ത് സഹായിച്ചതിന് ശേഷം ഉത്തരവ് വരുന്നത് അനുസരിച്ച് ക്രമപ്പെടുത്താനും ധാരണയായി.
കൈത്താങ്ങാകാൻ പത്തംതിട്ട നഗരസഭയും രംഗത്തിറങ്ങി. അവശ്യവസ്തുക്കൾ ശേഖരിക്കാൻ നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. ടൗൺ ഹാളിൽ ശേഖരണ കേന്ദ്രം തുറന്നു. സഹായത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അഭ്യർഥിച്ചു.
കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികൾ, കേരള പത്രപ്രവർത്തക യൂനിയൻ പ്രതിനിധികൾ, വ്യാപാരികൾ, മത സാമുദായിക - സംഘടനകൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, റെസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവർ പങ്കെടുത്തു.
കേരള പത്രപ്രവർത്തക യൂനിയൻ ജില്ല ഘടകം നേതൃത്വത്തിൽ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവ നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈന് കൈമാറി. ജില്ല പ്രസിഡന്റ് സജിത് പരമേശ്വരൻ, സെക്രട്ടറി എ. ബിജു, ട്രഷറർ എസ്. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ എത്തിച്ചു നൽകി.
യൂത്ത് കോൺഗ്രസ് ഇട്ടിയപ്പാറയിൽ കലക്ഷൻ സെന്റർ ആരംഭിച്ചു
റാന്നി: വയനാടിന്റെ ദുരിത മേഖലകളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ യൂത്ത് കോൺഗ്രസ് ഇട്ടിയപ്പാറയിൽ കലക്ഷൻ സെന്റർ ആരംഭിച്ചു. റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കലക്ഷൻ സെന്റർ തുറന്നത്. പഴവങ്ങാടി മുൻ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ സാധനങ്ങൾ കൈമാറി. നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ അധ്യക്ഷത വഹിച്ചു. സാംജി ഇടമുറി, സിബി താഴത്തില്ലത്ത്, പ്രവീൺ രാജ് രാമൻ, സുനിൽ യമുന, ആരോൺ ബിജിലി പനവേലിൽ, നിധിൻ മോളിക്കൽ, ഷിബു തോണിക്കടവിൽ, ജെറിൻ പ്ലാച്ചേരിൽ, ഡോൺ തോണിക്കടവിൽ, അബിനു മഴുവഞ്ചേരിൽ, ജെവിൻ കാവുങ്കൽ, ഷിജോ ചേന്നമല, ജെയ്സൺ പെരുനാട്, ആൺസൺ കാരയ്ക്കാട്ട്, ജിബു, സഞ്ജു എന്നിവർ നേതൃത്വം നൽകി.
സഹായഹസ്തവുമായി ഐ.പി.സി കേരള സ്റ്റേറ്റ്
കുമ്പനാട്: വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാഗങ്ങളുടെ ദുഃഖത്തിൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റും പങ്കുചേരുന്നു. ദുരന്തത്തിൽപെട്ടവർക്ക് കൈത്താങ്ങാകുവാ മുഴുവൻ സഭാവിശ്വാസികളും അണിചേരണമെന്ന് ഭാരവാഹികൾ ആഹ്വാനം ചെയ്തു. അടിയന്തര സഹായം എത്തിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ്, സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ട്രഷറർ പി.എം. ഫിലിപ്, വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ്, ജോയന്റ് സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ജയിംസ് ജോർജ് എന്നിവർ അറിയിച്ചു.
കുമ്പനാട്: വായനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം എത്തിക്കാനുള്ള തീരുമാനവുമായി ഐ.പി.സി സൺഡേസ്കൂൾ മേഖല സമിതി. ദുരന്തത്തിൽപെട്ടവരുടെ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രത്യേക പ്രാർഥന നടത്തി. പ്രസിഡന്റ് ജോജി ഐപ് മാത്യൂസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം പി. ജോൺ, ട്രഷറർ വി.സി. ബാബു, കൺവീനർമാരായ പാസ്റ്റർ സന്തോഷ് ഡേവിഡ്, പാസ്റ്റർ ജിജി മാമ്മൂട്ടിൽ, പാസ്റ്റർ അനിൽ ടി. കുഞ്ഞുമോൻ, സുനിൽ പൂപ്പള്ളി എന്നിവർ പ്രാർഥനക്ക് നേതൃത്വം നൽകി.
പത്തനംതിട്ട: മുണ്ടക്കൈയിൽ ഉരുൾപ്പെട്ടലിൽ ജീവനുകൾ നഷ്ടപ്പെടുകയും ഒട്ടേറെപ്പേരെ കാണാതാകുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപ്പടുത്തി.
രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്ന ദുരന്ത നിവാരണ സേന അടക്കമുള്ള എല്ലാവർക്കും ഡി.സി.സി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കപുറം എന്നിവർ പറഞ്ഞു.
സംസ്ഥാന സർക്കാറിന്റെ കെ.പി.സി.സിയുടെയും ദുഃഖാചരണത്തിൽ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ പങ്കാളികളാകുകയും സാധ്യമായ ദുരിദാശ്വാസ സഹായങ്ങൾ കെ.പി.സി.സി നിർദേശിക്കുന്ന രീതിയിൽ എത്തിക്കുകയും ചെയ്യും.
ജില്ലയിൽ ദുരന്തസാധ്യത കൂടുതലുള്ള മലയോര പ്രദേശങ്ങളിലെയും നദീതീരങ്ങളിലെയും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാറിനോടും ജില്ല ഭരണകൂടത്തോടും ബന്ധപ്പെട്ട റവന്യൂ വകുപ്പ് അധികൃതരോടും ഡി.സി.സി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.