സ്കൂൾ ബസുകൾ ഓടാതെ നശിക്കുേമ്പാൾ ജീവിതം വഴിമുട്ടി ജീവനക്കാരും
text_fieldsപത്തനംതിട്ട: സ്കൂൾ ബസുകൾ കട്ടപ്പുറത്തായിട്ട് ഒന്നര വർഷമാകുന്നു. കോവിഡ് പ്രതിസന്ധിയിൽ വിദ്യാലയങ്ങൾ തുറക്കാതെ തുടർച്ചയായ രണ്ടാം വർഷവും അധ്യയനം നടക്കുമ്പോൾ സ്കൂൾബസുകളിൽ ഏറെയും ഓടാതെ നശിക്കുന്നു. വരുമാനം ഇല്ലാത്തത് കാരണം ബസുകളുടെ സംരക്ഷണം സ്കൂൾ അധികൃതർക്ക് വലിയ ബാധ്യതയായിട്ടുണ്ട്.
ഓട്ടം നടക്കാത്തതിനാൽ സ്റ്റോപ്പേജ് നൽകി വലിയ സാമ്പത്തികബാധ്യത വരാതെ ചില സ്കൂളുകൾ പ്രതിസന്ധി മറികടന്നെങ്കിലും ബാറ്ററി, ടയർ ഉൾപ്പെടെയുള്ളവ ഉപയോഗശൂന്യമായിട്ടുണ്ട്. കോവിഡ് ആരംഭിച്ചതോടെ സ്കൂളുകളുംഅടച്ചിടുകയായിരുന്നു. ഇതോടെ ബസ് ജീവനക്കാരും പ്രതിസന്ധിയിലായി. ഒന്നര വർഷമായി ജീവനക്കാരുടെ വരുമാനം നിലച്ചിട്ട്. അൺഎയ്ഡഡ്, എയ്ഡഡ്, സർക്കാർ സ്കൂളുകളിലായി നിരവധി ഡ്രൈവർമാർ ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട്. പിന്നെ ആയമാരും. അൺഎയ്ഡഡ് മേഖലയിലെ സ്കൂളുകളിലാണ് കൂടുതൽ പേരും ജോലി ചെയ്യുന്നത്.
സർക്കാർ മേഖലയിൽ ഏതാനും സ്കൂളുകളിൽമാത്രമാണ് സ്വന്തമായി ബസുകളുള്ളത്. സ്കൂൾ പി.ടി.എകളുടെ നേതൃത്വത്തിൽ സംഭാവന ശേഖരിച്ചാണ് സർക്കാർ സ്കൂളുകളിൽ ഡ്രൈവർമാർക്ക് വേതനം നൽകാൻ പണംകണ്ടെത്തുന്നത്. അൺഎയ്ഡഡ് സ്കൂളുകളിൽ കുട്ടികളിൽനിന്നും പിരിച്ചെടുക്കുന്ന തുകകൊണ്ടാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്.
എയ്ഡഡ് സ്കൂളുകളിലും ബസുകൾ ഉണ്ടെങ്കിലും കുട്ടികളിൽനിന്നും മിക്കയിടത്തും നിർബന്ധ ബസ് ഫീസ്് വാങ്ങാറില്ലായിരുന്നു. വരുമാനം ഇല്ലാത്തതിനാൽ ബസുകളുടെ ഇൻഷുറൻസ് പോലും കൃത്യമായിഅടയ്ക്കാൻ കഴിയാതെ അധ്യാപകരും സ്കൂൾ മാനേജ്മെൻറും വിഷമിക്കുകയാണ്.
ഓടാതെ കിടക്കുന്നതിനാൽ ബാറ്ററി, ടയർ എന്നിവയ്ക്കാണ് പ്രധാനമായും തകരാറുകൾ സംഭവിക്കുന്നത്. കുറഞ്ഞത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും വണ്ടി സ്റ്റാർട്ടാക്കണം. ബസ് ജീവനക്കാരിൽ മിക്കവരും മറ്റ് വരുമാന മാർഗങ്ങൾ ഇല്ലാത്തവരാണ്. ഇവർക്ക് കിട്ടുന്ന വേതനവും തുച്ഛമാണ്. ഭൂരിഭാഗംപേരുടെയുംവരുമാന മാർഗം നിലച്ചിരിക്കയാണ്. കഴിഞ്ഞ വർഷം മാർച്ചിലാണ് സ്കൂൾ ബസുകളുടെ ഓട്ടം നിലച്ചത്. വർഷങ്ങളായി സ്കൂളിന് വേണ്ടി വാഹനം ഓടിക്കുന്നവരുമുണ്ട്. കോവിഡ് ആയതോടെ ഇവരുടെ ജീവിതംതന്നെ തകർന്നു. ക്ഷേമനിധിയോ മറ്റ് ആനുകൂല്യങ്ങളോ ഇവർക്ക് ഇല്ല. മറ്റു മേഖലകളിൽനിന്ന് വിരമിച്ച അമ്പതിനു മുകളിൽപ്രായമുള്ളവരാണ് സ്കൂൾ ബസുകളിലെ ജീവനക്കാരിൽ ഏറെയും.
വരുമാന മാർഗം അടഞ്ഞു; ജീവിതം വഴിമുട്ടി ജനാർദനനും അരവിന്ദനും
കോന്നി: ജനാർദനൻ ചേട്ടനും അരവിന്ദനും സ്കൂൾ ബസിലെ ജോലിയായിരുന്നു ഏക ഉപജീവന മാർഗം. സ്കൂൾ ബസുകൾ നിരത്തിലിറങ്ങാതായതോടെ ഏക വരുമാന മാർഗം അടഞ്ഞ് ജീവിതം ബുദ്ധിമുട്ടിലായിരിക്കുകയാണ്. കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്കൂളിലെ ബസിെൻറ ഡ്രൈവറും കിളിയുമാണ് അരവിന്ദും ജനാർദനൻ ചേട്ടനും. കഴിഞ്ഞ പതിനൊന്നു വർഷക്കാലമായി വളരെ കൃത്യമായി ജോലി ചെയ്ത് സ്കൂളിൽ നിന്നും ലഭിക്കുന്ന ശമ്പളം കൊണ്ടാണ് ഇരുവരും കഴിഞ്ഞിരുന്നത്. എന്നാൽ, കോവിഡ് മഹാമാരി ഇവരുടെ ജീവിതം തകർത്തു. ചെറുപ്പകാലത്ത് തന്നെ പിതാവ് ഉപേക്ഷിക്കുകയും മാതാവ് രോഗശയ്യയിലായതോടെ അരവിന്ദൻ ജീവിതത്തിൽ ഒറ്റപ്പെട്ടതോടെ സ്കൂൾ അധികാരികൾ താങ്ങും തണലുമാകുകയായിരുന്നു. എന്നാൽ, ചക്രമുരുളതായതോടെ മറ്റ് ജോലി തേടുകയാണ് അരവിന്ദൻ. ബസിലെ കിളിയായ ജനാർദനൻ ചേട്ടെൻറ ജീവിതമാണ് ഏറെ കഷ്ടം. ശ്വാസതടസ്സവും മറ്റും അലട്ടുന്ന ഇദ്ദേഹത്തിെൻറ ഭാര്യ ഭവാനിയമ്മ കാൻസർ രോഗിയുമാണ്. സ്കൂൾ ബസിലെ ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് വീട്ടുകാര്യങ്ങളും ഇരുവർക്കുമുള്ള മരുന്നുകളൂം വാങ്ങിയിരുന്നത്. വരുമാന മാർഗം നിലച്ചതോടെ ജനാർദനൻ ചേട്ടെൻറ കുടുംബത്തിെൻ സ്ഥിതി വളരെ ദയനീയമായി. സ്കൂൾ ബസുകളുടെ ചക്രമുരുളുന്നത് കാത്തിരിക്കുകയാണ് ഇരുവരും.
സ്കൂൾ ബസുകൾ വരുത്തിവെക്കുന്നത് അധികചെലവ്
റാന്നി: സ്കൂൾ മാനേജ്മെൻറുകളെ സംബന്ധിച്ചടത്തോളം സ്കൂൾ ബസുകൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. എന്നാൽ, ഒന്നരവർഷമായി സ്കൂൾ ബസുകൾ ഒന്നുംതന്നെ സർവിസ് നടത്തുന്നില്ല. യന്ത്രഭാഗങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നതിലൂടെ തന്നെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സ്കൂളുകൾ നേരിടുന്നത്. വർധിച്ച ഇൻഷുറൻസ് തുകകൾ, നികുതി എന്നിവയും സ്കൂൾ മാനേജുമെൻറുകൾക്ക് വെല്ലുവിളിയാണ്. സ്കൂൾ ബസുകളിൽനിന്ന് ഒരുവിധ വരുമാനവും ലഭിക്കാത്ത കാലഘട്ടത്തിലാണ് അധികെചലവ് കൂടുതൽ വഷളാക്കുന്നു. സ്കൂളുകൾ പ്രവർത്തനം ആരംഭിച്ചാൽ പോലും ബസുകൾ ഉപയോഗ്യമായ സ്ഥിതിയിൽ അല്ല. രണ്ടുവർഷത്തോളമായി ഉപയോഗിക്കാതിരിക്കുന്ന സ്വകാര്യ സ്കൂൾ ബസുകൾ പ്രവർത്തനക്ഷമമാകണമെങ്കിൽ പെയിൻറിങ്, മെക്കാനിക്കൽ വർക്ക് എന്നിവയും ബാറ്ററികൾ, ടയറുകൾ, വേഗപ്പൂട്ട് എന്നിവയും പുതുക്കേണ്ടത് ആവശ്യമാണ്. ഭൂരിഭാഗം സ്കൂളുകളും ചെറിയ തുക വേതനമായി നൽകുന്നുണ്ടെങ്കിലും ഡ്രൈവർമാരുടെ ദുരിതങ്ങൾ അതുകൊണ്ടൊന്നും തീരുന്നില്ല.
ഷിജോ ജോസ്ട്രാൻസ്പോർട്ട് ഓഫിസർ, സിറ്റാഡൽ സ്കൂൾ, റാന്നി
സ്കൂള്‍ ബസ് ജീവനക്കാർക്ക് അടിയന്തര സഹായധനം അനുവദിക്കണം
അടൂര്‍: കോവിഡ് മഹാമാരി കാരണം ഒന്നരവര്‍ഷമായി സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതുകൊണ്ട് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന വിഭാഗമാണ് സ്കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാരും ഹെല്‍പര്‍മാരും. ഇതില്‍നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ട് കുടുംബം പുലര്‍ത്തിയിരുന്നവരാണ് ഇക്കൂട്ടര്‍. എന്നാല്‍, മാസങ്ങളായി തൊഴില്‍ ചെയ്യാന്‍ കഴിയാത്തതുമൂലം ഇവരുടെ കുടുംബങ്ങള്‍ കടുത്ത ദുരിതത്തിലും പട്ടിണിയിലുമാണ്. സ്കൂള്‍ തുറക്കുന്നത് നീണ്ടുപോകുന്നതുകാരണം ഇവരുടെ ദുരിതങ്ങള്‍ കൂടിവരുകയാണ്. വാക്സിന് ചലഞ്ചിെൻറ പേരില്‍ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ പിരിച്ചെടുത്തിട്ടുണ്ട്. അതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കോടികള്‍ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 10,000 രൂപയും അല്ലാത്തവര്‍ക്ക് 5000 രൂപയും അടിയന്തരമായി അനുവദിക്കണം. ഈ തൊഴിലാളികള്‍ക്ക് പ്രതിമാസം 50 ശതമാനം ശമ്പളമെങ്കിലും കൃത്യമായി നല്കാന് മാനേജ്മെൻറുകള്‍ തയാറാകണം.
എം.കെ. അരവിന്ദന്
ജില്ല പ്രസിഡൻറ് ബി.എം.എസ്
സർക്കാർ കനിയണം
റാന്നി: കോവിഡ് എല്ലാ രംഗത്തും ബുദ്ധിമുട്ടുകൾക്കിടയാക്കിയിട്ടുണ്ടെങ്കിലും അത് ഏറ്റവും കൂടുതൽ വ്യാപിച്ചിരിക്കുന്നത് ഞങ്ങളെയാണ്. സ്കൂൾ ബസ് ഓടിച്ച് വരുമാന മാർഗം കണ്ടെത്തിയിരിക്കുന്ന ഞങ്ങൾ ഒന്നര വർഷമായി വേലയും കൂലിയും ഇല്ലാതെ സാമ്പത്തിക പരാധീനതയാൽ നട്ടം തിരിയുകയാണ്.
സ്കൂൾ ബസുകൾ ഇനി എന്ന് ഓടി തുടങ്ങുമെന്ന് ആർക്കും അറിയാനാവാത്ത അവസ്ഥ. ഞങ്ങളുടെ വീട് നിർമാണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി ഞങ്ങൾ എടുത്ത ബാങ്ക് ലോണുകൾ ഇപ്പോൾ തിരിച്ചടക്കാനാവാതെ ജപ്തി നടപടികളിലേക്ക് പൊയ്കൊണ്ടിരിക്കുന്നു.
ഞങ്ങളുടെ അനുദിന ചെലവുകൾക്ക് വഴി കണ്ടെത്താൻ ഞങ്ങൾ ബുദ്ധിമുട്ടുന്നു. ഗവൺമെൻറിൽ നിന്നും അടിയന്തരമായി മാസം 7000 രൂപ വീതം സഹായധനം അനുവദിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണം. അതോടൊപ്പം ഞങ്ങളുടെ ബാങ്ക് ലോണുകൾക്ക് മൊറോട്ടോറിയവും അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു.
ഹെൻട്രി ഫ്രാൻസിസ് (ഡ്രൈവർ സിറ്റാഡൽ സ്കൂൾ)
കതിർപ്പറമ്പിൽ,മുക്കട
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.